Entertainment

ബേസില്‍ പൊലീസായാല്‍ എങ്ങനെയിരിക്കും! മന്ത്രി മുഹമ്മദ് റിയാസിന് സംശയം, മറുപടിയുമായി ബേസില്‍

വേദിയില്‍ മന്ത്രി മുഹമ്മദ് റിയാസിന്റെ ഒരു സംശയത്തിന് രസകരമായ രീതിയില്‍ ബേസില്‍ നല്‍കിയ മറുപടി ഹര്‍ഷാരവത്തോടെയാണ് ഏവരും ഏറ്റെടുത്തത്.

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: ബേപ്പൂര്‍ ഫെസ്റ്റ് സമാപന ചടങ്ങില്‍ സദസ്സിനെ ആവേശത്തിലാഴ്ത്തി നടന്മാരായ ബേസില്‍ ജോസഫും സൗബിന്‍ ഷാഹിറും. ജനുവരി 16ന് തിയേറ്ററുകളിലെത്തുന്ന 'പ്രാവിന്‍കൂട് ഷാപ്പ്' എന്ന സിനിമയുടെ പ്രചാരണാര്‍ത്ഥമാണ് ഇരുവരും ചടങ്ങിന് എത്തിയിരുന്നത്. വേദിയില്‍ മന്ത്രി മുഹമ്മദ് റിയാസിന്റെ ഒരു സംശയത്തിന് രസകരമായ രീതിയില്‍ ബേസില്‍ നല്‍കിയ മറുപടി ഹര്‍ഷാരവത്തോടെയാണ് ഏവരും ഏറ്റെടുത്തത്.

''അല്ലെങ്കില്‍ തന്നെ ബേസിലിനെ സഹിക്കാന്‍ പറ്റണില്ല, ഇനി പൊലീസ് വേഷത്തിലും കൂടി എത്തിയാല്‍ എങ്ങനെയാണ് സഹിക്കുക'' എന്നാണ് മന്ത്രി മുഹമ്മദ് റിയാസ് ചോദിച്ചത്. ''ഇതു കഴിയുമ്പോ പൊലീസുകാര്‍ എല്ലാവരും കൂടി വരുമോ എന്നറിയില്ല, ഏതായാലും നല്ലവനായ പൊലീസുകാരനാണ്, മാതൃകയായ പൊലീസുകാരനായാണ് ചിത്രത്തില്‍ ഞാനെത്തുന്നത്'' എന്ന് ബേസില്‍ പറഞ്ഞതും സദസ്സ് കയ്യടികളോടെ ഏറ്റെടുത്തു.

'സസ്‌പെന്‍സ് ത്രില്ലറായെത്തുന്ന ചിത്രം ഒരു കൊലപാതകവും അതിനുപിന്നാലെയുള്ള കുറ്റാന്വേഷണവും ഒക്കെയായിട്ടാണ് പുരോഗമിക്കുന്നത്. ആക്ഷനും ബ്ലാക്ക് ഹ്യൂമറുമൊക്കെയായി ആദ്യം മുതല്‍ അവസാനം വരെ എന്റടെയ്ന്‍ ചെയ്യിക്കുന്ന സിനിമയായിരിക്കുമെന്നും പ്രേക്ഷകരെ എഡ്ജ് ഓഫ് ദ സീറ്റിലിരുത്തുന്ന സിനിമയായിരിക്കുമെന്നും' ബേസില്‍ പറഞ്ഞു.

'സിനിമയില്‍ നിരവധി സൂപ്പര്‍താരങ്ങള്‍ പൊലീസ് വേഷത്തില്‍ വന്നിട്ടുണ്ടല്ലോ, സിങ്കം പോലെ ഒരു പൊലീസ് വേഷത്തില്‍ എനിക്കും നില്‍ക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ഷൂട്ട് തുടങ്ങും മുമ്പ് ജിം ട്രെയിനറോട് രണ്ടാഴ്ച കൊണ്ട് ബോഡി ഫിറ്റാക്കി തരണമെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ രണ്ടാഴ്ച കൊണ്ട് നടക്കുമെന്ന് തോന്നിന്നില്ലെന്നാണ് ട്രെയിനര്‍ പറഞ്ഞത്. എന്നാലും വല്യ കുഴപ്പമില്ലാതെ വന്നിട്ടുണ്ടെന്ന് തോന്നുന്നു', എന്നും ബേസില്‍ പറഞ്ഞു.

സൗബിന്‍ ഷാഹിറും ബേസില്‍ ജോസഫും ചെമ്പന്‍ വിനോദ് ജോസും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന 'പ്രാവിന്‍കൂട് ഷാപ്പ്' സിനിമയിലേതായി കൗതുകം ജനിപ്പിക്കുന്ന രീതിയിലുള്ള പോസ്റ്ററുകള്‍ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. ഒരു ഷാപ്പിലിരുന്ന് ചീട്ടുകളിക്കുന്ന സൗബിനേയും തല പുകഞ്ഞ് ആലോചിച്ചിരിക്കുന്ന പൊലീസുകാരനായി ബേസിലിനേയും കാണിച്ചുള്ള ഫസ്റ്റ് ലുക്ക് പോസ്റ്ററുകള്‍ ഏവരും ഏറ്റെടുത്തിരുന്നു.

അന്‍വര്‍ റഷീദ് എന്റര്‍ടെയ്ന്റ്‌മെന്റ്‌സിന്റെ ബാനറില്‍ അന്‍വര്‍ റഷീദ് നിര്‍മ്മിച്ച് നവാഗതനായ ശ്രീരാജ് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ചിത്രം എറണാകുളത്തും തൃശൂരുമായാണ് ചിത്രീകരിച്ചിരിക്കുന്നത്. ഡാര്‍ക്ക് ഹ്യൂമര്‍ ജോണറില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ചാന്ദ്‌നി ശ്രീധരന്‍, ശിവജിത് പത്മനാഭന്‍, ശബരീഷ് വര്‍മ്മ, നിയാസ് ബക്കര്‍, രേവതി, വിജോ അമരാവതി, രാംകുമാര്‍, സന്ദീപ്, പ്രതാപന്‍ കെ എസ് തുടങ്ങിയവര്‍ ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ലോകമാകെ തരംഗമായി മാറിയ 'മഞ്ഞുമ്മല്‍ ബോയ്‌സി'ന്റെ വലിയ വിജയത്തിനു ശേഷം ഷൈജു ഖാലിദ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രം കൂടിയാണിത്. തല്ലുമാല, ഫാലിമി, പ്രേമലു എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്കുശേഷം വിഷ്ണു വിജയ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നു. ഫഹദ് ഫാസില്‍ നായകനായി ജിത്തു മാധവന്‍ സംവിധാനം ചെയ്ത 'ആവേശ'ത്തിനു ശേഷം എ&എ എന്റര്‍ടെയ്ന്‍മെന്റ്‌സാണ് 'പ്രാവിന്‍കൂട് ഷാപ്പ്' പ്രദര്‍ശനത്തിനെത്തിക്കുന്നത്.

ഗാനരചന: മുഹ്‌സിന്‍ പരാരി, പ്രൊഡക്ഷന്‍ ഡിസൈനര്‍: ഗോകുല്‍ ദാസ്, എഡിറ്റര്‍: ഷഫീഖ് മുഹമ്മദ് അലി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: അബ്രു സൈമണ്‍, സൗണ്ട് ഡിസൈനര്‍: വിഷ്ണു ഗോവിന്ദ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: എ.ആര്‍ അന്‍സാര്‍, കോസ്റ്റ്യൂംസ്: സമീറ സനീഷ്, മേക്കപ്പ്: റോണക്‌സ് സേവ്യര്‍, ആക്ഷന്‍: കലൈ മാസ്റ്റര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ബിജു തോമസ്, എആര്‍ഇ മാനേജര്‍: ബോണി ജോര്‍ജ്ജ്, കളറിസ്റ്റ്: ശ്രീക് വാര്യര്‍, വിഎഫ്എക്‌സ്: എഗ്ഗ് വൈറ്റ്, സ്റ്റില്‍സ്: രോഹിത് കെ സുരേഷ്, ഡിസൈന്‍സ്: യെല്ലോടൂത്ത്, വിഷ്വല്‍ പ്രൊമോഷന്‍സ്: സ്‌നേക്ക്പ്ലാന്റ്്, പിആര്‍ഒ: ആതിര ദില്‍ജിത്ത്, എ എസ് ദിനേശ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മസാല ബോണ്ട്: ഇ ഡി നോട്ടീസ് റദ്ദാക്കണം; മുഖ്യമന്ത്രി ഹൈക്കോടതിയില്‍

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുടെ കൈയില്‍ വിലകൂടിയ ഫോണ്‍; തിരക്കിയപ്പോള്‍ തെളിഞ്ഞത് പീഡനവിവരം; ബസ് ഡ്രൈവര്‍ അറസ്റ്റില്‍

മാറ്റിവച്ച തെരഞ്ഞെടുപ്പ് ജനുവരി 12ന്

കൊല്ലം മെഡിക്കൽ കോളജിൽ സീനിയർ റസിഡന്റ് , തിരുവനന്തപുരം എൻജിനിയറിങ് കോളജിൽ അസിസ്റ്റന്റ് പ്രൊഫസർ ഒഴിവുകൾ

ശബരിമലയില്‍ റെക്കോര്‍ഡ് വരുമാനം, 200 കോടി പിന്നിട്ടു; അരവണ നിയന്ത്രണം തുടരും

SCROLL FOR NEXT