തിരുവനന്തപുരം : ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേള വാർഷികത്തിന് ക്ഷണിക്കാത്തതിനെതിരെ സംവിധായകൻ അടൂർ ഗോപാലകൃഷ്‌ണൻ. തന്റെ നിലപാടുകൾ കൊണ്ടായിരിക്കും അന്താരാഷ്ട്ര ചലച്ചിത്രമേള വാർഷികത്തിന് ക്ഷണിക്കാത്തത്. നല്ല സിനിമയെക്കുറിച്ച് ധാരണ ഇല്ലാത്തവരാണ് കേന്ദ്രസർക്കാരിൽ സിനിമ കൈകാര്യംചെയ്യുന്ന വകുപ്പിന്റെയും ഫെസ്‌റ്റിവൽ നടത്തിപ്പിന്റെയും തലപ്പത്തുള്ളത് എന്നും അടൂർ പറഞ്ഞു.
അവർക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങളാണ് ഞാൻ പറയുന്നത്. അവർക്ക് സൂപ്പർ താരങ്ങൾ അഭിനയിക്കുന്നത് മാത്രമാണ് സിനിമ. അതുകൊണ്ടാണ് അമിതാഭ് ബച്ചനെയും രജനികാന്തിനെയും വാർഷികത്തിന് ക്ഷണിച്ചത്. ഇത്തരം നിലപാടുകൾമൂലം നഷ്ടമുണ്ടാകുന്നത് നല്ല സിനിമയെ സ്‌നേഹിക്കുന്ന ജനങ്ങൾക്കാണ്.
ആദ്യമേള നടന്നത് 1952ലാണ്. തുടർച്ചയായി നടക്കാൻ തുടങ്ങിയത് 1965 മുതലും. 1965ലെ മേളയിൽ പങ്കെടുത്തിട്ടുണ്ട്. രണ്ട് വർഷവും പരിഗണിച്ചാലും അമ്പതാം വാർഷികത്തിന്റെ കണക്ക് എങ്ങനെ കിട്ടിയെന്ന് മനസ്സിലാകുന്നില്ലെന്നും അടൂർ പറഞ്ഞു.
ചലച്ചിത്രമേളയിലേക്ക് ക്ഷണിക്കാത്തതിൽ വിഷമമില്ല. അവർക്ക് ഞാൻ ഔട്ട്‌സൈഡറാണ്, അനഭിമതനും. ക്ഷണിക്കാത്ത സ്ഥലത്ത് പോകില്ല. അത്തരം സ്വഭാവം എനിക്കില്ല. അവർ നന്നാകുമെന്ന് ഒരു പ്രതീക്ഷയുമില്ല. നന്നാക്കാൻ വഴിയുമില്ല. കുറെക്കാലം ഇങ്ങനെ മുന്നോട്ട് പോകുമായിരിക്കുമെന്നും അടൂർ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates