ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമ ലോകത്ത് ഏറ്റവും തിളങ്ങിനിന്ന നടിയാണ് കനക. നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം നേടിയിട്ടുള്ള താരം വളരെ നാളായി സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ്. സിനിമയില്‍ നിന്ന് മാറിയതോടെ കനകയെക്കുറിച്ച് പല വാര്‍ത്തകളും പ്രചരിക്കാന്‍ തുടങ്ങി. കനക മനോരോഗിയാണെന്നും കാന്‍സര്‍ ബാധിതയാണെന്നുമുള്ള വാര്‍ത്തകള്‍ പരന്നിരുന്നു. ഇപ്പോള്‍ ഇതിനെക്കുറിച്ചെല്ലാം തുറന്നു പറയുകയാണ് കനക.
തന്നെയും തന്റെ അമ്മയേയും കുറിച്ച് അപവാദങ്ങള്‍ പറഞ്ഞു പരത്തിയത് അച്ഛനാണെന്നാണ് കനക പറയുന്നത്. അമ്മയോടൊപ്പം നിന്നതിന്റെ ദേഷ്യത്തില്‍ തന്നെക്കുറിച്ച് അച്ഛന്‍ ഇല്ലാക്കഥ പറഞ്ഞുണ്ടാക്കുകയായിരുന്നുവെന്നും തമിഴ് ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ കനക പറഞ്ഞു. പഴയകാല നടി ദേവികയുടെ മകളാണ് കനക.
'എനിക്ക് മനോരോഗമാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിക്കാനുള്ള പ്രധാന കാരണം എന്റെ അച്ഛന്‍ ദേവദാസ് ആണെന്നാണ് കരുതുന്നത്. അദ്ദേഹത്തെ ഞാന്‍ അനുസരിക്കാതിരുന്നതും ബഹുമാനിക്കാതിരുന്നപ്പോഴും അദ്ദേഹം പറയുന്ന കാര്യങ്ങള്‍ക്ക് ഞാന്‍ ചെവികൊടുക്കാതിരുന്നപ്പോഴും എനിക്ക് മനോരോഗമാണെന്നാണ് അദ്ദേഹം പറഞ്ഞത്. മനോരോഗമാണെന്ന് മാത്രമല്ല അമ്മയുടേത് പോലെ ഒപ്പിട്ട് വില്‍പ്പത്രം തയ്യാറാക്കിയെന്നു വരെ പറഞ്ഞു.
മനോരോഗിയാണെന്ന് പറഞ്ഞത് പോട്ടെ എന്നു വയ്ക്കാം. ഞാന്‍ മയക്കുമരുന്നിന് അടിമയാണെന്ന് വരെ പറഞ്ഞു പരത്തി. എന്റെ അമ്മ വേശ്യയാണെന്ന് പറഞ്ഞ വ്യക്തിയാണ് അദ്ദേഹം. താലികെട്ടിയ പെണ്ണിനെ വേശ്യയെന്ന് പറഞ്ഞ ഒരാള്‍ മകളെ മനോരോഗിയെന്നും മയക്കുമരുന്നിന് അടിമയാണെന്നും പറയുന്നതില്‍ ഒരു പുതുമയുമില്ല.'
ഇപ്പോള്‍ താന്‍ അച്ഛനോട് സംസാരിക്കാറില്ലെന്നും കനക പറഞ്ഞു. ഇനിയും തന്നെക്കുറിച്ച് പലതും പറയുമെന്നും താരം കൂട്ടിച്ചേര്‍ത്തു. പത്ത് പടങ്ങള്‍ പോലും അച്ഛന്‍ സംവിധാനം ചെയ്തിട്ടില്ലെന്നും തന്റെ അമ്മയെ വിവാഹം ചെയ്തതിന് ശേഷമാണ് സംവിധായകനായതെന്നും നടി പറഞ്ഞു. 'ഇത്രയും കാലമായിട്ടും പഴയ ആളുകളെ പോലെ ഒരു വിവരവും ഇല്ലാതെ വൃത്തികേടുകള്‍ പറഞ്ഞു കൊണ്ടിരിക്കുന്നത് കൊണ്ട് തന്നെ അദ്ദേഹവുമായി ഇടപഴകാന്‍ ഞാന്‍ താല്‍പര്യപ്പെടുന്നില്ല. അതിനാലാണ് തനിക്ക് മനോരോഗമാണെന്ന് പറഞ്ഞു പരത്തിയത്. '
അമ്മയുടെ ഒരേയൊരു മകളായിരുന്നതിനാല്‍ അമ്മയുമായി താന്‍ വളരെ അടുപ്പത്തിലായിരുന്നെന്നാണ് കനക പറയുന്നത്. 'അമ്മയുടെ ജീവന്‍ ഞാനായിരുന്നു. ഇത് പോലൊരു അമ്മ ഈ ലോകത്ത് വേറെ ഉണ്ടാകില്ല. അമ്മ മരിക്കുമ്പോള്‍ എനിക്ക് ഇരുപത്തിയൊന്‍പത് വയസ്സാണ്. ആ പ്രായം വരെയും അമ്മ എനിക്ക് ഭക്ഷണം വായില്‍ വെച്ചുതരുമായിരുന്നു. അമ്മയെക്കുറിച്ച് മോശമായി ആര് എന്ത് പറഞ്ഞാലും, അത് ദൈവം പറഞ്ഞാലും എനിക്ക് പൊറുക്കാനാവില്ല.'
ആലപ്പുഴ കാന്‍സര്‍ സെന്ററില്‍ തന്നെ കണ്ടുവെന്നുള്ള വാര്‍ത്തകള്‍ പ്രചരിച്ചത് എങ്ങനെയാണെന്ന് അറിയില്ലെന്നാണ് കനക പറയുന്നത്. ചിലപ്പോള്‍ ആശുപത്രിയില്‍ തന്നെപ്പോലൊരു സ്ത്രീയെ കണ്ടതുകൊണ്ടായിരിക്കാം ഇങ്ങനെ വാര്‍ത്ത വന്നത്. എന്നാല്‍ തനിക്കങ്ങനെ ഒരു അസുഖവുമില്ലെന്ന് കനക പറഞ്ഞു. സഹനടിയോ നായകന്റെ അമ്മയോ ചേച്ചിയോ ആയി അഭിനയിക്കാന്‍ താല്‍പ്പര്യമില്ലാത്തതിനാലാണ് സിനിമയിലേക്ക് തിരിച്ചുവരാത്തതെന്നും നടി കൂട്ടിച്ചേര്‍ത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates