കൊച്ചി: മീ ടു ക്യാമ്പയിന്‍ വെളിപ്പെടുത്തലുകള്‍ രാജ്യമാകെ പടരുന്നതിനിടയില്‍ വിമര്‍ശനവുമായി നടി ശിവാനി ഭായി. എന്തെങ്കിലും പ്രശ്‌നം ഉണ്ടെങ്കില്‍ നടീനടന്മാരുടെ സംഘടനയില്‍ പരാതിപ്പെട്ട് പരിഹാരം കണ്ടെത്താനും ഇത്തരം കഥകള്‍ വിളിച്ചുപറഞ്ഞു നടക്കാതിരിക്കാനും ശിവാനി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ലക്ഷക്കണക്കിന് ആളുകള്‍ക്ക് ജോലി കൊടുക്കുന്ന വ്യവസായം ആണ് സിനിമ. എന്റെ അച്ഛന്‍ സിനിമ കുടുംബത്തിലെ അംഗം ആണെന്നു വിളിച്ചുപറയാന്‍ ഇത്തരം സംഭവങ്ങള്‍ കാരണം കുഞ്ഞുങ്ങള്‍ മടിക്കും. അവസരം ചോദിക്കുമ്പോള്‍ പകരം മാനം ചോദിച്ചാല്‍ ആ നിമിഷംതന്നെ പ്രതികരിക്കണം. അല്ലാതെ പത്തു കൊല്ലം കഴിഞ്ഞിട്ടാകരുത്. ജനങ്ങള്‍ അത്ഭുതത്തോടെയും ആരാധനയോടെയും ബഹുമാനത്തോടെയും പുറത്തുനിന്ന് നോക്കിക്കാണുന്ന മഹത്തായ സിനിമാ ലോകത്തെ ദയവായി മറ്റുള്ളവര്‍ക്ക് കല്ലെറിയാന്‍ പറ്റുന്ന വിധം തെരുവില്‍ വലിച്ചിടരുത് ശിവാനിയുടെ പോസ്റ്റില്‍ പറയുന്നു.
ശിവാനിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്
Me too#...സംഗതി കൊള്ളാം... ഭാവിയില്‍ സ്ത്രീകളെ ചൂഷണം ചെയ്യാന്‍ മുതിരുന്ന ആളുകളുടെ എണ്ണം കുറയും...
നല്ലതും ചീത്തയും സ്ത്രീകളിലും പുരുഷന്മാരിലും ഉണ്ട്... ചില പുരുഷന്മാര്‍ അവരുടെ സ്വഭാവവൈകല്യം കൊണ്ട് സ്ത്രീകളോട് മോശമായി പെരുമാറും, ചിലര്‍ സ്ത്രീകളില്‍ നിന്ന് ഉണ്ടാകുന്ന പ്രകോപനപരമായ പെരുമാറ്റത്തില്‍ വശപ്പെട്ടു മോശമായി പെരുമാറിയേക്കാം..
സിനിമയിലെ സഹോദരിമാരോട് ഒരു അപേക്ഷ:
കഴിയുമെങ്കില്‍ ഇത്തരം കഥകള്‍ വിളിച്ചുപറഞ്ഞു നടക്കാതിരിക്കുക... പൊതുവെ സിനിമാക്കാരെ കുറിച്ച് അത്ര നല്ല അഭിപ്രായ ഒന്നുമില്ല പുറം ലോകര്‍ക്ക്... ചുറ്റും ഇപ്പോള്‍ കൂടിനിന്ന് കൈയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്നവര്‍ ഒക്കെ പോകും... ഒറ്റയ്ക്കാവും... അപ്പോള്‍ മാത്രമേ നിങ്ങള്‍ അഭിനയിച്ചുണ്ടാക്കിയ സല്‍പ്പേരു സാധാരണ ജനങ്ങള്‍ക്കിടയില്‍ നശിച്ചുപോയ കഥ അറിയൂ....
നടീനടന്മാര്‍ക്ക് ഒരു സംഘടനയുണ്ട്, നിങ്ങള്‍ക്ക് എന്തെങ്കിലും പ്രശ്‌നം ഉണ്ടെങ്കില്‍ അവിടെ പരാതിപ്പെടൂ... പരിഹരിക്കൂ... സ്വന്തം വീട്ടിലെ കാര്യം തെരുവില്‍ ആരും ചര്‍ച്ചചെയ്യപ്പെടാന്‍ ആഗ്രഹിക്കില്ല... ലക്ഷക്കണക്കിന് ആളുകള്‍ക്ക് തൊഴില്‍ കൊടുക്കുന്ന വ്യവസായം ആണ് സിനിമ.. അന്തസ്സായി എന്റെ അച്ഛന്‍ സിനിമ കുടുംബത്തിലെ അംഗം ആണെന്ന് ഇപ്പോള്‍ വിളിച്ചുപറയുന്ന കുഞ്ഞ് നിങ്ങളുടെ ഇത്തരം പ്രവൃത്തികൊണ്ട് നാളെ അതിനു മടിക്കും...
പൊതുജനം കണ്ണില്‍ കാണാത്ത ഒരു വിഷയത്തെ രണ്ട് തരത്തില്‍ ആണ് സമീപിക്കുന്നത്, ഒരു കൂട്ടര്‍ ഇരയ്ക്ക് ഒപ്പവും ഒരു കൂട്ടര്‍ പീഡിപ്പിച്ച ആള്‍ക്കൊപ്പവും.... അതായത് രണ്ടു പേരെയും സമൂഹം മോശമായി തന്നെ കാണും എന്ന് സാരം... 10 കൊല്ലം മുന്‍പുള്ള ഒരാളുടെ മാനസികാവസ്ഥ ആകില്ല ഇപ്പോള്‍ അയാള്‍ക്ക്... പേരക്കുട്ടികള്‍ വരെ ആയിട്ടുണ്ടാകും.. ഒരേസമയം നശിക്കുന്നത് എത്രപേരുടെ അഭിമാനം ആണ്...
നിനക്ക് അഭിനയമോഹം ഉണ്ടോ? നീ അവസരം ചോദിക്ക്... പകരം ചോദിക്കുന്നത് നിന്റെ മാനത്തെ ആണെങ്കില്‍ പരാതിപ്പെടണം... അന്നുതന്നെ... അല്ലാതെ 10 കൊല്ലം കഴിഞ്ഞിട്ടല്ല....
ജനങ്ങള്‍ അത്ഭുതത്തോടെയും ആരാധനയോടെയും ബഹുമാനത്തോടെയും പുറത്തുനിന്ന് നോക്കിക്കാണുന്ന മഹത്തായ സിനിമാ ലോകത്തെ ദയവായി മറ്റുള്ളവര്‍ക്ക് കല്ലെറിയാന്‍ പറ്റുന്ന വിധം തെരുവില്‍ വലിച്ചിടരുത്...
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates