ഷൂട്ടിംഗ് ലൊക്കേഷന്‍ മാറുമ്പോള്‍ ജിമ്മിലെ വ്യായാമം മുടങ്ങുന്നു എന്ന സിനിമാതാരങ്ങളുടെ പരാതി അവസാനിപ്പിച്ചുകൊണ്ട് മൊബീല്‍ ജിംനേഷ്യവും എത്തികഴിഞ്ഞു. കന്നഡ നടന്‍ നിഖില്‍ കുമാരസ്വാമിക്ക് വേണ്ടിയാണ് ഈ ആഢംബര ജിംനേഷ്യം ഒരുക്കിയിരിക്കുന്നത്. ആധുനിക സജ്ജീകരണങ്ങളോടെയുള്ള സഞ്ചരിക്കുന്ന ജിംനേഷ്യം നിര്‍മ്മിച്ചിരിക്കുന്നത് കോതമംഗലം ഓജസിലാണ്. 1.75കോടി രൂപ വിലയുള്ളതാണ് താരത്തിനായി നിര്‍മിച്ചിരിക്കുന്ന ചലിക്കുന്ന ജിംനേഷ്യം.
മൊബീല്‍ ജിംനേഷ്യം കൂടാതെ കിടപ്പുമുറിയും റെസ്റ്റ് റൂമും അടുക്കളയും മേക്കപ് മുറിയും ഉള്‍പ്പെടെയുള്ള സൗകര്യങ്ങളടങ്ങിയ മറ്റൊരു കാരവനും നിഖിലിനു വേണ്ടി ഓജസില്‍ നിര്‍മിക്കുന്നുണ്ട്. ഇതിനും 1.75കോടി രൂപ വില വരും. മലയാള സിനിമാതാരങ്ങളായ മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി, പൃഥ്വിരാജ്, പ്രിയദര്‍ശന്‍, അനൂപ് മേനോന്‍ തുടങ്ങി 40 ഓളം കാരവനുകള്‍ ഓജസില്‍ ഇതിനോടകം നിര്‍മിച്ചിട്ടുണ്ട്. ഇപ്പോള്‍ നിര്‍മിക്കപ്പെട്ട ചലിക്കുന്ന ജിംനേഷ്യം ഇന്ത്യയിലെതന്നെ ആദ്യത്തെതാണെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്.
വാഹനത്തിലെ ജിംനേഷ്യത്തിന്റെ നിര്‍മാണത്തിന് മാത്രം ഒരു കോടി രൂപയുടെ ചെലവ് വേണ്ടിവന്നു. വാഹനത്തിന് 75ലക്ഷം രൂപയം ചെലവായി. മള്‍ട്ടിപ്പര്‍പ്പസ് ജിം ഉപകരണങ്ങളും ഏഴ് ലക്ഷം രൂപയോളം വിലവരുന്ന ബോഡി ബൈക്കും വിദേശത്തുനിന്ന് ഇറക്കുമതിചെയ്തവയാണ്. ജിം, ഡോര്‍, സ്‌റ്റെപ്പ് എന്നിവ റിമോട്ട് കണ്‍ട്രോള്‍ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ജിംനേഷ്യത്തിന്റെ ഇരുവശവും കണ്ണാടിയും താഴെ റബ്ബറൈസ് മാറ്റുമാണ്. എല്‍ഇഡി ലൈറ്റിംഗും ബേസ് സൗണ്ട് സിസ്റ്റവുമെല്ലാമായി വളരെ മനോഹരമായാണ് ഇന്റീരിയര്‍ സെറ്റ് ചെയ്തിരിക്കുന്നത്.
വാഹനത്തില്‍തന്നെ ജിംനേഷ്യത്തിനോട് ചേര്‍ത്ത് ബാത്ത് റൂമും സജ്ജീകരിച്ചിട്ടുണ്ട്. വര്‍ക്കൗട്ടിന് ശേഷം കുളിക്കാനുള്ള സൗകര്യവും ഇതിനകത്തുതന്നെ ഒരുക്കിയിരിക്കുന്നു. രണ്ട് എല്‍സിഡി ടിവിയും സിസിടിവി സൗകര്യവും വാഹനത്തില്‍ ഉണ്ട്. മൂന്ന് മാസം കൊണ്ടാണ് ജിമ്മിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates