Entertainment

''കാല് നഷ്ടപ്പെട്ടതിന് ശേഷമായിരുന്നു നൃത്തം ചെയ്യണമെന്ന് ആത്മാര്‍ത്ഥമായി തോന്നിയത്; കഠിനപ്രയത്‌നത്തിനൊടുവില്‍ നിറഞ്ഞ സദസിന് മുന്നിലെത്തി''

രണ്ടര വര്‍ഷത്തെ അധ്വാനത്തിന് ശേഷമായിരുന്നു കൃത്രിമക്കാലിന്റെ സഹായത്തോടെ ഇവര്‍ വേദിയിലെത്തുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

സുധാ ചന്ദ്രന്‍ എന്ന നടിയെ, നര്‍ത്തകിയെ അറിയാത്തവര്‍ ചുരുക്കമായിരിക്കും. കൃത്രിമക്കാലുകളുടെ സഹായത്തില്‍ അവര്‍ നൃത്തവേദികള്‍ കീഴടക്കി ഇപ്പോഴും മുന്നേറുന്നു. എന്നാല്‍ നൃത്തത്തെ സ്‌നേഹിക്കുന്ന ഇപ്പോഴത്തെ സുധാ ചന്ദ്രന്‍ ഉണ്ടായത് എങ്ങനെയെന്ന് അവര്‍ മനസ് തുറക്കുകയാണ്. 

തന്റെ കാല്‍ നഷ്ടപ്പെട്ടതിന് ശേഷം മാത്രമാണ് നൃത്തത്തിനോട് താല്‍പര്യം വന്നതെന്നും അതുവരെ അമ്മയുടെ നിര്‍ബന്ധത്തിന് വഴങ്ങി മാത്രമായിരുന്നു ചിലങ്കയണിഞ്ഞതെന്നുമാണ് ഇവര്‍ പറയുന്നത്. മൂന്നാം വയസില്‍ നൃത്തം ചെയ്തു തുടങ്ങിയ സുധ ഏഴാം വയസില്‍തന്നെ അരങ്ങേറ്റം ചെയ്തു. പിന്നെ, 75ഓളം വേദികളില്‍ നൃത്തമാടി. 

പതിനഞ്ചാം വയസുവരെ സുധ വേദികള്‍ കീഴടക്കിക്കൊണ്ടേയിരുന്നു. അതിനിടെയായിരുന്നു ആ ബസപകടമുണ്ടായത്. അപകടത്തില്‍ സുധയുടെ വലതുകാല്‍ നഷ്ടപ്പെടുത്തി. പക്ഷേ ആ സംഭവത്തിന് ശേഷം സുധ ചന്ദ്രന്‍ എന്ന യഥാര്‍ത്ഥ നര്‍ത്തകി ജനിക്കുകയായിരുന്നു. ഇരിങ്ങാലക്കുടയിലെ കെഡി ചന്ദ്രന്റെയും പാലക്കാട് കുഴല്‍മന്ദം സ്വദേശി തങ്കത്തിന്റെയും മകള്‍ ജീവിതത്തിലേക്കും പിന്നീട് നൃത്തത്തിലേക്കും തിരികെ ചുവടുവച്ചു. 

അറിയപ്പെടുന്ന നടിയും നര്‍ത്തകിയുമായി. സ്വന്തം ജീവിതകഥ പറഞ്ഞ മയൂരി എന്ന സിനിമ ഇറങ്ങിയതോടെ ഒരു വ്യക്തി എന്ന നിലയിലും നടി എന്ന നിലയിലും സുധ ചന്ദ്രന്റെ ഖ്യാതി ഹിന്ദി, തെലുങ്ക്, മലയാളം, കന്നട എന്നീ ഭാഷകളും കടന്ന് വളര്‍രുകയായിരുന്നു. 

അപകടത്തിന് ശേഷം സുധ ആറുമാസം കിടക്കയില്‍ തന്നെയായിരുന്നു. അങ്ങനെയിരിക്കെയാണ്  ഡോക്ടര്‍ സേഥിയെക്കുറിച്ചും അദ്ദേഹത്തിന്റെ ജയ്പൂര്‍ കാലുകളെക്കുറിച്ചും സുധ അറിയുന്നത്. 'വളരെ പ്രതീക്ഷയോടെയാണ് ഡോക്ടര്‍ സേഥിയെ ഞാന്‍ കാണാന്‍ ചെന്നത്. അദ്ദേഹത്തെ കണ്ടയുടന്‍ ഞാന്‍ ചോദിച്ചത്, 'എനിക്ക് നൃത്തം ചെയ്യാന്‍ കഴിയുമോ?' എന്നായിരുന്നു. സാധിക്കുമെന്നായിരുന്നു ഡോക്ടറുടെ ഉത്തരം. ജീവിതത്തില്‍ പ്രതീക്ഷയുടെ ഒരു വെട്ടം ഞാന്‍ അന്ന് കണ്ടു. നിറഞ്ഞ സദസ്സിനു മുന്‍പില്‍ നൃത്തംചെയ്യുന്ന സുധാ ചന്ദ്രനെ ഞാന്‍ വീണ്ടും സ്വപ്നം കണ്ടു'- സുധ ചന്ദ്രന്‍ വ്യക്തമാക്കി. 

രണ്ടര വര്‍ഷത്തെ അധ്വാനത്തിന് ശേഷമായിരുന്നു കൃത്രിമക്കാലിന്റെ സഹായത്തോടെ ഇവര്‍ വേദിയിലെത്തുന്നത്. അന്ന് തന്റെ നൃത്തം കാണാനെത്തിയ ഡോക്ടര്‍ സേഥി സുധയോട് ചോദിച്ചത് സുധാ നിനക്കിത് എങ്ങനെ സാധിച്ചു എന്നായിരുന്നു. 'ഞാന്‍ പറഞ്ഞു, ഡോക്ടര്‍ അല്ലേ പറഞ്ഞത് നൃത്തം ചെയ്യാന്‍ കഴിയുമെന്ന്. അപ്പോള്‍ അദ്ദേഹം പറഞ്ഞു, നിന്റെ നിഷ്‌കളങ്കമായ മുഖം കണ്ടപ്പോള്‍ എനിക്ക് സാധിക്കില്ല എന്ന് പറയാന്‍ തോന്നിയില്ല. പക്ഷേ നീ അത് ഇത്ര പെട്ടന്ന് നേടിയെടുക്കുമെന്ന് ഞാന്‍ ഒരിക്കലും കരുതിയില്ല'- സുധ ഓര്‍ക്കുന്നു. 

കൃത്രിമക്കാലില്‍ നൃത്തം പഠിക്കുന്ന സമയത്ത് പലരും പറഞ്ഞു, എന്തിനാ വെറുതെ വേദന സഹിക്കുന്നതെന്ന്. നൃത്തമൊന്നും ഇനി വേണ്ടായെന്ന്.' പക്ഷേ, എനിക്ക് വാശിയായിരുന്നു. നൃത്തം മാത്രമായിരുന്നു മനസ്സില്‍. എന്റെ സ്വപ്നം എന്തു വിലകൊടുത്തും നേടണമെന്ന ആഗ്രഹവും'' സുധ ചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'മോഹന്‍ലാലിന്റെ മകനായി രഞ്ജി പണിക്കര്‍?', കഷ്ടം തന്നെയെന്ന് പോസ്റ്റ്; മറുപടി നല്‍കി ആരാധകര്‍

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

ആന്ധ്രയില്‍ പുതിയ എയര്‍പോര്‍ട്ട്; 5,000 കോടി ചെലവിട്ട ഭോഗപുരം വിമാനത്താവളം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു

പന്തിന്റെ പരിശീലനം ധോനിക്കൊപ്പം!