തിരുവനന്തപുരം : മോഹന്‍ലാലിന്റെ ഹിറ്റ് ചിത്രമായ പവിത്രം തമിഴിലേക്ക് റീമേക്ക് ചെയ്യുന്നു എന്ന് റിപ്പോര്‍ട്ടുകള്‍. ലാല്‍ അനശ്വരമാക്കിയ ചേട്ടച്ഛനായി ദുല്‍ഖര്‍ സല്‍മാനെ പരിഗണിക്കുന്നതായാണ് വാര്‍ത്തകള്‍. യുവതാരം ശിവകാര്‍ത്തികേയനും നായകസ്ഥാനത്തേക്ക് പരിഗണനയിലുണ്ടെന്നും തമിഴകത്ത് റിപ്പോര്‍ട്ടുകളുണ്ട്.
പ്രായമായ അച്ഛനും അമ്മയ്ക്കും മൂന്നാമതൊരു കുട്ടി ഉണ്ടാകാന്‍ പോകുന്നുവെന്നറിയുന്ന ഒരു മകന്റെ ആകുലതകള്‍ പ്രമേയമാക്കി ഒരുക്കിയ ബോളിവുഡ് ചിത്രം 'ബദായി ഹോ' വന്‍ വിജയമായിരുന്നു. ഈ സാഹചര്യത്തിലാണ് സമാനമായ പ്രമേയം ആസ്പദമാക്കി ഒരുക്കിയ പവിത്രം തമിഴില്‍ റീമേക്ക് ചെയ്യാന്‍ ആലോചന നടക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
ടി കെ രാജീവ് കുമാര്‍ സംവിധാനം ചെയ്ത് 1994 ല്‍ തിയേറ്ററുകളിലെത്തിയ ചിത്രമാണ് പവിത്രം. ടി കെ രാജീവ് കുമാര്‍, പി ബാലചന്ദ്രന്‍ എന്നിവരുടേതാണ് ചിത്രത്തിന്റെ കഥ. തിരക്കഥയും സംഭാഷണവുമൊരുക്കിയത് പി ബാലചന്ദ്രനും. മോഹന്‍ലാല്‍, തിലകന്‍, ശ്രീവിദ്യ, ശോഭന, ഇന്നസെന്റ്, കെപിഎസി ലളിത, നെടുമുടിവേണു, ശ്രീനിവാസന്‍, വിന്ദുജ മേനോന്‍ തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്.
മധ്യവയസ്‌കയായ അമ്മ ഗര്‍ഭിണിയാകുകയും, പ്രസവത്തോടെ മരിച്ചു പോകുകയും തുടര്‍ന്ന് സഹോദരിയെ മകളെപ്പോലെ വളര്‍ത്തുകയും ചെയ്യുന്ന യുവാവിന്റെ കഥയാണ് പവിത്രത്തിന്റെ പ്രമേയം. ചിത്രത്തിലെ ശരത് ഈണമിട്ട ഗാനങ്ങളും ഏറെ ശ്രദ്ധേയമായിരുന്നു. എന്നാല്‍ പവിത്രം തമിഴിലേക്ക് റീമേക്ക് ചെയ്യുന്നതിനെപ്പറ്റി അറിയില്ലെന്നാണ് സംവിധായകന്‍ ടി കെ രാജീവ് കുമാര്‍ അഭിപ്രായപ്പെട്ടത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates