ആദ്യമായി ലഭിച്ച അവാര്‍ഡ് തന്നെ കുറച്ച് മോശമാക്കിയെന്ന് തുറന്നു പറഞ്ഞ് നടന്‍ മമ്മൂട്ടി. അഹിംസ എന്ന ചിത്രത്തിലൂടെയാണ് താരത്തിന് ആദ്യമായി സംസ്ഥാനചലച്ചിത്ര പുരസ്‌കാരം നേടുന്നത്. മികച്ച സഹനടനുള്ള പുരസ്‌കാരമായിരുന്നു ഇത്. ആ പുരസ്‌കാരം തനിക്ക് പ്രോത്സാഹനമായിരുന്നെങ്കിലും അത് തന്നെ കുറച്ച് മോശമാക്കിയെന്നാണ് മമ്മൂട്ടി പറയുന്നത്. പാര്‍വതി പ്രധാന വേഷത്തില്‍ എത്തുന്ന ഉയരെ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു താരം.
ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ പി.വി ഗംഗാധരന്റെ മക്കള്‍ ചേര്‍ന്നാണ് ഉയരെ സംവിധാനം ചെയ്യുന്നത്. ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിനോടുള്ള ബന്ധത്തെക്കുറിച്ച് പറഞ്ഞ് വന്നപ്പോഴാണ് തന്റെ ആദ്യ പുരസ്‌കാരത്തെക്കുറിച്ച് താരം വാചാലനായത്. വളരെ ചെറുപ്പത്തില്‍ ലഭിച്ച പുരസ്‌കാരമായതിനാല്‍ തന്റെ ധൈര്യം ഇതിലൂടെ വളര്‍ന്നു എന്നാണ് താരം പറയുന്നത്.
'തൃഷ്ണ എന്ന സിനിമയുടെ ഷൂട്ടിങ് കൊടൈക്കനാലില്‍ നടക്കുമ്പോഴാണ് അഹിംസ എന്ന സിനിമയില്‍ അഭിനയിക്കാന്‍ ഗംഗേട്ടനും (പി.വി ഗംഗാധരന്‍) ദാമോദരന്‍മാഷും (ടി. ദാമോദരന്‍) എന്നെ ക്ഷണിക്കുന്നത്. നേരിട്ട് വന്ന് വിളിക്കുകയായിരുന്നു. അഹിംസയില്‍ ഒരു കഥാപാത്രം ഉണ്ട്. അതില്‍ അഭിനയിക്കാന്‍ താനേയുള്ളൂ എന്ന് പറഞ്ഞു. അന്ന് ഞാന്‍ ആകെ കുറച്ച് സിനിമകളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളൂ. ഒരുപാട് നടന്‍മാര്‍ ഇന്‍ഡസ്ട്രിയില്‍ ഉണ്ട്. എന്നെ തന്നെ അഭിനയിക്കാന്‍ വിളിച്ചതില്‍ എനിക്ക് വലിയ സന്തോഷം തോന്നി. ആദ്യമായി എനിക്ക് ഒരു അവാര്‍ഡ് കിട്ടുന്നത് ആ സിനിമയിലാണ്. സംസ്ഥാന ചലച്ചിത്ര സര്‍ക്കാറിന്റെ മികച്ച സഹനടനുള്ള പുരസ്‌കാരം അഹിംസയിലെ അഭിനയത്തിന് എനിക്ക് ലഭിച്ചു. ആ പുരസ്‌കാരം എനിക്ക് പ്രോത്സാഹനം ആയിരുന്നുവെങ്കിലും, അത് എന്നെ കുറച്ച് മോശമാക്കി (ചിരിക്കുന്നു). കാരണം വളരെ ചെറുപ്പത്തില്‍ ലഭിച്ച പുരസ്‌കാരമായിരുന്നു. സിനിമ സ്വപ്‌നമായി കണ്ട് ജീവിച്ച എനിക്ക് ആ പുരസ്‌കാരം നല്‍കിയ ധൈര്യം വളരെ വലുതായിരുന്നു. ഐ.വി ശശിയും ദാമോദരന്‍ മാസ്റ്ററും ഇന്ന് നമ്മോടൊപ്പമില്ല. എന്നിരുന്നാലും ഈ അവസരത്തില്‍ ഞാന്‍ അവരെ ഓര്‍ക്കുകയാണ്.'
വടക്കന്‍ വീരഗാഥയിലേക്കും തന്നെ തെരഞ്ഞെടുത്തത് ഇവരുടെ നിര്‍ബന്ധം കൊണ്ടാണെന്നും അത് തന്നോടുള്ള സ്‌നേഹം കൊണ്ടാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ പുതിയ തലമുറയുടെ കാലമാണെന്നും എന്നാല്‍ താനും ഈ തലമുറയില്‍പ്പെട്ട ആളാണെന്നുമാണ് താരം പറയുന്നത്. ടൊവിനോയെ നോക്കി ചിരിച്ചുകൊണ്ട് പ്രായം ഒന്നോ രണ്ടോ അങ്ങോട്ടോ ഇങ്ങോട്ടോ മാറിയെന്നിരിക്കം എന്ന് പറയാനും മറന്നില്ല.
ചിത്രത്തിന് ആശംസകള്‍ നേര്‍ന്ന മമ്മൂട്ടി പേരുപോലെ തന്നെ ഉയരങ്ങളില്‍ എത്തട്ടേ എന്ന് ആശംസിച്ചു. പിവി ഗംഗാധരന്റെ മക്കളായ ഷെനുഗ, ഷെഗ്ന, ഷെര്‍ഗ എന്നിവര്‍ ചേര്‍ന്നുള്ള എസ് ക്യൂബിന്റെ ബാനറിലാണ് നിര്‍മാണം. സ്ത്രീകള്‍ അധികമില്ലാത്ത മേഖലയിലേക്കാണ് മൂന്നു പെണ്‍കുട്ടികള്‍ ധൈര്യപൂര്‍വം കടന്നുവരുന്നതെന്നും മമ്മൂട്ടി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates