Entertainment

സിനിമാക്കാര്‍ ശ്രദ്ധിക്കുക: സര്‍ക്കാരിനെ പുകഴ്ത്തി മാത്രമേ സിനിമയെടുക്കാവൂ എന്ന് വൈകാതെ നിയമം വരും; പി.ചിദംബംരം

മെര്‍സലിനെതിരെ പ്രചാരണം നടത്തുന്ന ബിജെപിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം 

Author : സമകാലിക മലയാളം ഡെസ്ക്

മെര്‍സലിനെതിരെ പ്രചാരണം നടത്തുന്ന ബിജെപിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം. സര്‍ക്കാരിനെ പുകഴ്ത്തുന്ന ഡോക്യുമെന്ററികള്‍ക്കുമാത്രമേ പ്രദര്‍ശനാനുമതി ലഭിക്കൂ എന്ന സ്ഥിതിയുണ്ടാകുമെന്ന് അദ്ദേഹം ട്വിറ്ററിലൂടെ പറഞ്ഞു. 

സിനിമാക്കാര്‍ ശ്രദ്ധിക്കുക: സര്‍ക്കാരിന്റെ നയങ്ങളെ പുകഴ്ത്തുന്ന സിനിമകള്‍ മാത്രമേ നിര്‍മിക്കാവൂ എന്ന് അധികം വൈകാതെ നിയമം വരും. മെര്‍സല്‍ എന്ന ചിത്രത്തിലെ സംഭാഷണങ്ങള്‍ നീക്കംചെയ്യണമെന്ന് ബിജെപി ആവശ്യപ്പെട്ടിരിക്കുകയാണ്. 'പരാശക്തി' ഇപ്പോഴാണ് റിലീസ് ചെയ്തിരുന്നതെങ്കില്‍ എന്തുസംഭവിക്കുമായിരുന്നു എന്നാലോചിച്ചു നോക്കൂ.ചിദംബരം പറഞ്ഞു. 

ചിത്രത്തിലെ മോദി സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ടുള്ള രംഗങ്ങളാണ് ബിജെപിയെ പ്രകോപിപ്പിച്ചിരിക്കുന്നത്. സിനിമ റിലീസായതിന് പിന്നാലെ മോദി സര്‍ക്കാരിനെ വിമര്‍ശിക്കുന്ന രംഗങ്ങള്‍ നീക്കം ചെയ്യണം എന്നാവശ്യപ്പെട്ട് തമിഴ്‌നാട് ബിജെപി സംസ്ഥാന പ്രസിഡന്റ് രംഗത്ത് വന്നിരുന്നു. 

ജിഎസ്ടിയെയും ഇന്ത്യയിലെ ശിശുമരണങ്ങളെക്കുറിച്ചുമെല്ലാം ശക്തമായി തന്നെ ചിത്രത്തില്‍ വിജയ്‌യുടെ കഥാപാത്രം വിമര്‍ശനം ഉന്നയിക്കുന്നുണ്ട്. ഏഴ് ശതമാനം ജിഎസ്ടി നടപ്പിലാക്കുന്ന സിംഗപ്പൂരില്‍ ജനങ്ങള്‍ക്ക് ചികിത്സ സൗജന്യമാവുമ്പോള്‍ 28% ജിഎസ്ടി വാങ്ങുന്ന ഇന്ത്യയില്‍ എന്താണ് നടക്കുന്നതെന്ന നായക കഥാപാത്രത്തിന്റെ ഡൈലോഗിന് വലിയ കയ്യടിയാണ് തീയറ്ററുകളില്‍ ലഭിക്കുന്നത്. മോദിയുടെ സ്വപ്‌ന പദ്ധതി എന്ന് വിശേഷിപ്പിക്കുന്ന ഡിജിറ്റല്‍ ഇന്ത്യയെ വടിവേലുവിന്റ കഥാപാത്രം കളിയാക്കുന്നുണ്ട്. ഇതാണ് ബിജെപിയെ പ്രകോപിപ്പിച്ചത്. 

ജിഎസ്ടി നടപ്പാക്കിയതിലെ വീഴ്ചയ്‌ക്കെതിരേയും നോട്ട് നിരോധനത്തിനെതിരേയും ഉയരുന്ന പ്രതിഷേധങ്ങളെ തടയാന്‍ ബിജെപി പാടുപെടുന്ന അവസ്ഥയിലാണ് വിജയ്‌യും സിനിമ വഴി വിമര്‍ശനവുമായി എത്തിയിരിക്കുന്നത്. ആറ്റ്‌ലി സംവിധാനം ചെയ്ത ചിത്രത്തിന് തീയറ്ററുകളില്‍ നിന്ന് മികച്ച  പ്രതികരണമാണ് ലഭിക്കുന്നത്.

മെര്‍സലിലെ രംഗങ്ങള്‍ നീക്കം ചെയ്യണം എന്ന ബിജെപിയുടെ ആവശ്യത്തിനെതിരെ കമല്‍ഹാസന്‍ രംഗത്തെത്തി. ചിത്രം ഒരുതവണ സെന്‍സര്‍ ചെയ്ത്ത സര്‍ട്ടിഫിക്കേറ്റ് നേടിയതാണെന്നും ഇനിയും സെന്‍സര്‍ ചെയ്യരുതെന്നും കമല്‍ ആവശ്യപ്പെട്ടു.  വിമര്‍ശനത്തെ നേരിടേണ്ടത് യുക്തിപരമായ പ്രതികരണങ്ങളിലൂടെയാണ്. വിമര്‍ശകരെ നിശബ്ദരാക്കരുത്,കമല്‍ഹാസന്‍ ട്വിറ്ററില്‍ പറഞ്ഞു.

മെര്‍സലിലെ രംഗങ്ങള്‍ നീക്കം ചെയ്യരുതെന്ന് സംവിധായകന്‍ പാ. രഞ്ജിത് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഒരു കാരണവശാലും മെര്‍സലിലെ രംഗങ്ങള്‍ നീക്കം ചെയ്യരുത്. ജനങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളാണ് സിനിമയില്‍ പ്രതിഫലിക്കുന്നത്. അതില്‍ വിഷമിച്ചിട്ടു കാര്യമില്ല,രഞ്ജിത് പറഞ്ഞു.മെര്‍സസിലെ ബിജെപി സര്‍ക്കാരിനെതിരെയുള്ള രംഗങ്ങള്‍ നീക്കം ചെയ്യാന്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചിട്ടുണ്ട് എന്നാണ് ലഭിക്കുന്ന പുതിയ വിവരം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT