Entertainment

സൂപ്പര്‍ സ്റ്റാറുകളെന്ന് വിശേഷിപ്പിക്കുന്നവരുടെ പട്ടികയില്‍ പാര്‍വ്വതി ഒരടി മുകളിൽ; 'ഉയരെ' കാണേണ്ട സിനിമയെന്ന് ശൈലജ ടീച്ചര്‍ 

പെണ്‍കുട്ടികള്‍ അനുഭവിക്കുന്ന കാലികമായ പ്രശ്‌നങ്ങള്‍ക്ക് നേരയാണ് ഉയരെ വിരല്‍ ചൂണ്ടുന്നതെന്നും ശൈലജ ടീച്ചര്‍

സമകാലിക മലയാളം ഡെസ്ക്

ടി പാർവതി തിരുവോത്ത് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഉയരെയെ പ്രശംസിച്ച് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍. 'ഉയരെ' സാമൂഹമൊന്നാകെ കാണേണ്ട സിനിമയാണെന്നും പെണ്‍കുട്ടികള്‍ അനുഭവിക്കുന്ന കാലികമായ പ്രശ്‌നങ്ങള്‍ക്ക് നേരയാണ് ഉയരെ വിരല്‍ ചൂണ്ടുന്നതെന്നും ശൈലജ ടീച്ചര്‍. ഫേസ്ബുക്കിൽ പങ്കുവച്ച് കുറിപ്പിലാണ് ചിത്രത്തെയും നടി പാർവതിയെയും മറ്റ് അണിയറപ്രവർത്തകരെയും അഭിനന്ദിച്ചത്. 

യഥാര്‍ത്ഥ പ്രതിഭകളെ ഇരുളിലേക്ക് തള്ളിമാറ്റാന്‍ കഴിയില്ലെന്ന് പാർവതി തെളിയിച്ചിരിക്കുകയാണെന്നും പല്ലവി എന്ന കഥാപാത്രത്തിലൂടെ പാര്‍വതി തിരുവോത്ത് മലയാളികളുടെ അഭിമാന ഭാജനമായി മാറുന്നെന്നും ശൈലജ ടീച്ചര്‍ കുറിച്ചു. കുട്ടികളും രക്ഷിതാക്കളും ഈ സിനിമ നിര്‍ബന്ധമായും കാണണമെന്ന് പറഞ്ഞതിനൊപ്പം സര്‍ക്കാര്‍ ഹോമിലെ കുട്ടികള്‍ക്കായി വനിതാശിശു വികസന വകുപ്പും സാമൂഹ്യനീതി വകുപ്പും ചേര്‍ന്ന് സിനിമയുടെ ഒരു പ്രദര്‍ശനം ഒരുക്കുന്നതിന് ആലോചിക്കുന്നുണ്ടെന്നും ടീച്ചർ കുറിച്ചു. 

ഉയരെയെക്കുറിച്ച് ശൈലജ ടീച്ചര്‍ ഫേസ്ബുക്കിൽ പങ്കുവച്ച് കുറിപ്പിന്റെ പൂർണ്ണരൂപം

'ഉയരെ' സാമൂഹമൊന്നാകെ കാണേണ്ട സിനിമ

മനു അശോകന്‍ സംവിധാനം ചെയ്ത 'ഉയരെ' എന്ന സിനിമ ഏറെ പ്രതീക്ഷകള്‍ നല്‍കുന്ന ഒന്നാണ്. പെണ്‍കുട്ടികള്‍ അനുഭവിക്കുന്ന കാലികമായ പ്രശ്‌നങ്ങള്‍ക്ക് നേരയാണ് 'ഉയരെ' വിരല്‍ ചൂണ്ടുന്നത്. സമൂഹത്തിലെ ഒരു അംഗം എന്ന നിലയില്‍ ഒരു പെണ്‍കുട്ടിക്ക് അനുഭവിക്കാന്‍ കഴിയേണ്ടത് പൂര്‍ണ വ്യക്തിത്വത്തിന്റെ പ്രകാശനമാണ്. അവസരങ്ങള്‍ ഓരോ പൗരനും തുല്യമായി ഉപയോഗിക്കാന്‍ കഴിയുമ്പോഴാണ് യഥാര്‍ത്ഥ ജനാധിപത്യം പുലരുക. എന്നാല്‍ നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്ന പുരുഷമേധാവിത്വ സമീപനം പെണ്‍കുട്ടികയുടെയും സ്ത്രീകളുടെയും അത്മാഭിമാനത്തിന് നേരെ കടുത്ത വെല്ലു വിളികള്‍ ഉയര്‍ത്താറുണ്ട്. ലളിതമായ പ്രതിപാദനത്തിലൂടെ പെണ്‍കുട്ടികള്‍ അനുഭവിക്കേണ്ടി വരുന്ന കടുത്ത അസമത്വത്തിന്റെ വാത്മീകങ്ങളാണ് ഈ സിനിമയില്‍ തകര്‍ന്ന് വീഴുന്നത്. ആസിഡ് ആക്രമണത്തിന് വിധയയായ ഒരു പെണ്‍കുട്ടി ജീവിതത്തില്‍ നിന്നുതന്നെ തികച്ചും പിന്‍വാങ്ങി അവഗണനയുടെ ഇരുട്ടില്‍ മറഞ്ഞ് പോകുന്നതിന് പകരം അന്തസോടെ ഉയര്‍ത്തെഴുന്നേല്‍ക്കുന്ന അനുഭവമാണ് ചിത്രത്തില്‍ വിശദീകരിക്കുന്നത്.

സിനിമ എന്ന മാധ്യമം ഉപയോഗിച്ച് എങ്ങനെ ഗുണാത്മക ഉര്‍ജം സമൂഹത്തിന് കൈമാറാം എന്നതിന്റെ തെളിവാണ് 'ഉയരെ'. ഇതോടൊപ്പം വര്‍ത്തമാനകാല സമൂഹത്തില്‍ പടര്‍ന്നുവരുന്ന ഉപരിപ്ലവവും സ്വാര്‍ത്ഥ താല്‍പര്യത്തിലധിഷ്ടിതവുമായ സ്ത്രീ പുരുഷ ബന്ധങ്ങളുടെ അപകടങ്ങള്‍ അനാവരണം ചെയ്യുകയും മറുവശത്ത് അന്തസുറ്റ സ്ത്രി പുരഷ സൗഹൃദത്തിന്റെ ആര്‍ദത പകര്‍ന്ന് നല്‍കുകയും ചെയ്യുന്നത് ആശ്വാസകരമായ അനുഭവമായി മാറുന്നു. പണം വരാന്‍ ഉദ്ദേശിക്കുന്ന ചില സിനിമകളിലൂടെ കാതടപ്പിക്കുന്ന ശബ്ദഘോഷങ്ങളും ഭീകര ദ്യശ്യങ്ങളും മനുഷ്യ ശരീരത്തെ ക്രൂരമായി ആക്രമിക്കുമ്പോള്‍ ലഭ്യമാകുന്ന സാഡിസവും വഴി യുവതലമുറയുടെ മസ്തിഷ്‌കത്തില്‍ വിരസതയും വെറുപ്പും പകയും സ്ഷ്ടിക്കുമ്പോള്‍ അപൂര്‍വമായെങ്കിലും തികഞ്ഞ മാനുഷികത സമൂഹത്തിന് ലഭ്യമാകുന്നത് ഒരു സൗഭാഗ്യം തന്നെയാണ്.

പല്ലവി എന്ന കഥാപാത്രത്തിലൂടെ പാര്‍വതി തിരുവോത്ത് മലയാളികളുടെ അഭിമാന ഭാജനമായി മാറുന്നു. കൗമാരത്തിന്റെ നിഷ്‌കളങ്കതയും ജിവിതത്തിന്റെ ഉയരങ്ങള്‍ എത്തിപ്പിടിക്കാന്‍ ആഗ്രഹിക്കുന്ന പെണ്‍കുട്ടിയുടെ മനോവ്യാപാരങ്ങളും കൃത്യമായി പകര്‍ത്താന്‍ കഴിയുന്നതിലൂടെ പാര്‍വ്വതി സൂപ്പര്‍ സ്റ്റാറുകളെന്ന് വിശേഷിപ്പിക്കുന്നവരുടെ പട്ടികയില്‍ ഒരടി മുകളിലാണെന്ന് തെളിയിക്കുന്നു. സിനിമാരംഗത്ത് സ്ത്രീകള്‍ അനുഭവിക്കുന്ന അവഹേളനങ്ങള്‍ക്കെതിരെ സ്ത്രീ കൂട്ടായ്മ രൂപീകരിച്ചു കൊണ്ട് ചരിത്രപരമായ മുന്നേറ്റത്തിന് തുടക്കം കുറിച്ചപ്പോള്‍ പലരും ഭയന്നത് അവസരങ്ങള്‍ ലഭ്യമാകാതെ ഈ പ്രതിഭകള്‍ തമസ്‌കരിക്കപ്പെടുമോ എന്നാണ്. എന്നാല്‍ യഥാര്‍ത്ഥ പ്രതിഭകളെ ഇരുളിലേക്ക് തള്ളിമാറ്റാന്‍ കഴിയില്ലെന്ന് ഈ പെണ്‍കുട്ടി തെളിയിച്ചിരിക്കുകയാണ്.

കുഞ്ഞുങ്ങളുടെ സ്വഭാവ രൂപീകരണത്തില്‍ രക്ഷിതാക്കളും സമൂഹവും കാണിക്കുന്ന അലസതക്ക് കൊടുക്കേണ്ടിവരുന്ന വിലയാണ് ആസിഫ് അലിയുടെ ഗോവിന്ദ് എന്ന കഥാപാത്രത്തിലൂടെ അനാവരണം ചെയ്യുന്നത്. പ്രശംസാര്‍ഹമായ രീതിയിലാണ് ഈ നെഗറ്റീവ് ക്യാരക്ടറിനെ ആസിഫലി പകര്‍ത്തിക്കാട്ടിയത്. മിതമായ മികച്ച അഭിനയത്തിലൂടെ ടോവിനോ ഹ്യദ്യമായൊരു സൗഹൃദത്തിന്റെ പ്രതീകമായി മാറുന്നു.

തിരക്കഥ തയ്യാറാക്കിയ ബോബി സഞ്ജയ് പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നു. അന്തസുറ്റ മേദസില്ലാത്ത ഭാഷാ പ്രയോഗങ്ങളും തിരക്കഥയുടെ കരുത്ത് വര്‍ദ്ധിപ്പിക്കുന്നു.

കുട്ടികളും രക്ഷിതാക്കളും ഈ സിനിമ നിര്‍ബന്ധമായും കാണണം. സര്‍ക്കാര്‍ ഹോമിലെ കുട്ടികള്‍ക്കായി വനിതാശിശു വികസന വകുപ്പും സാമൂഹ്യനീതി വകുപ്പും ചേര്‍ന്ന് സിനിമയുടെ ഒരു പ്രദര്‍ശനം ഒരുക്കുന്നതിന് ആലോചിക്കുന്നുണ്ട്. ഈ സിനിമ നിര്‍മ്മിച്ച ഷെനുഗ, ഷെഗ്‌ന, ഷെര്‍ഗ (പി.വി. ഗംഗാധരന്റെ മക്കള്‍) എന്നിവര്‍ക്കും സംവിധായകനും അണിയറ പ്രവര്‍ത്തകര്‍ക്കും അഭിനന്ദനങ്ങള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കുടുംബവാഴ്ചയ്‌ക്കെതിരായ തരൂരിന്റെ വിമര്‍ശനം; കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് അതൃപ്തി, പ്രകോപനം വേണ്ടെന്ന് മുന്നറിയിപ്പ്

'പണ്ഡിത വേഷത്തെ നോക്കി അവര്‍ ഉള്ളാലെ ചിരിക്കുകയാണ്, എന്തു രസായിട്ടാണ് കാലം കണക്കു തീര്‍ക്കുന്നത്!'

പതിനായിരം പൈലറ്റുമാരെ ആവശ്യമുണ്ട്; വ്യോമ മേഖലയിൽ അടിമുടി മാറ്റവുമായി ഗൾഫ്

കൊല്ലത്ത് എകെ ഹഫീസ് മേയര്‍ സ്ഥാനാര്‍ഥി; ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

മുതിർന്ന പ്രിയപ്പെട്ടവരെ സമഗ്രമായ ആരോഗ്യ ഇൻഷുറൻസ് വഴി സംരക്ഷിക്കാനുള്ള മാർഗങ്ങൾ

SCROLL FOR NEXT