തിയറ്ററുകളിൽ മികച്ച അഭിപ്രായം നേടിയ മിഥുൻ മാനുവൽ തോമസ് ഒരുക്കിയ ചിത്രമാണ് അഞ്ചാം പാതിര. ചിത്രം മിനിസ്ക്രീനിൽ എത്തിയതോടെ സമൂഹമാധ്യമങ്ങളിൽ വീണ്ടും ചർച്ചകൾ സജീവമാകുകയാണ്. ചിത്രത്തിലെ സൈക്കോ സൈമൺ എന്ന കഥാപാത്രത്തെ കുറിച്ചുള്ള ചില കണ്ടെത്തലുകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. സൈക്കോ സൈമൺ കേരള മനസാക്ഷിയെ ഞെട്ടിച്ച നന്തന്‍കോട് കൂട്ട കൊലപാതക കേസിലെ പ്രതി കേഡല്‍ ജീന്‍സന്റെ ജീവിതത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ട് എഴുതിയതാണെന്നാണ് വിലയിരുത്തലുകൾ. നവനീത് എന്ന പ്രേക്ഷകനാണ് ഇത്തരത്തിലൊരു കണ്ടെത്തലുമായി രംഗത്തെത്തിയിരിക്കുന്നത്.
നവനീതിന്റെ കുറിപ്പിന്റെ പൂർണ്ണരൂപം
സ്പോയിലർ ( അഞ്ചാം പാതിര കണ്ടവർ മാത്രം വായിക്കുക)
അഞ്ചാം പാതിര എന്ന സിനിമയിൽ മെയിൻ കില്ലറെക്കാൾ ആൾക്കാരെ വേട്ടയാടിയത് സൈക്കോ സൈമൺ എന്ന കഥാപാത്രമാണ്. ഇത് റിയൽ ലൈഫ് സംഭവമാണെന്ന് എത്ര പേർക്കറിയാം?
2017 ലാണ് സംഭവം. തിരുവനന്തപുരം നന്ദൻകോട് ബേൽസ് കോംപൗണ്ടിലെ മുഖ്യമന്ത്രിയുടെ ക്ലിഫ് ഹൗസിന് സമീപം ഉള്ള പ്രൊഫസർ രാജാ തങ്കം , ഡോക്ടർ ജീൻ പത്മ ദമ്പതികളുടെ വീട്ടിൽ നിന്ന് രാത്രി പുകയും തീയും വരുന്നത് കണ്ട് ജനങ്ങൾ ആ വീടിന്റെ ഉള്ളിലേക്ക് ഓടി കയറുന്നു. വീട്ടിൽ മൊത്തം നാല് മൃതദേഹങ്ങൾ കത്തി കരിഞ്ഞ് പുഴുവരിച്ച നിലയിൽ ജനങ്ങൾ കണ്ടെത്തുന്നു. മരിച്ചത് രാജാ തങ്കം, ജീൻ പത്മ, മകൾ കരോളിൻ, ബന്ധു ലളിത എന്നിവരാണ്. മകൻ കേഡൽ ജീൻസണെ അവിടെ കാണാനും ഇല്ല.
പൊലീസ് ഇയാളാണ് കൊല നടത്തിയത് എന്ന് അനുമാനിക്കുന്നു. എന്നാൽ കൊല നടത്തിയ ശേഷം ചെന്നൈയിൽ ഒളിവിൽ പോയ കേഡൽ ജീൻസൺ ഒരാഴ്ചകകം തമ്പാനൂർ റെയിൽവെ സ്റ്റേഷനിൽ പൊങ്ങുന്നു. പൊലീസ് ഇവനെ തൽക്ഷണം അറസ്റ്റ് ചെയ്തു. എന്തായിരുന്നു കൊലപാതകകാരണം എന്ന് ചോദിച്ചപ്പോൾ മുപ്പത്കാരനായ അവൻ പറഞ്ഞ ഉത്തരം അന്ന് കേരളമൊട്ടാകെ ചില്ലറ ഭീതിയും കൗതുകവുമാണ് നൽകിയത്.
" ആസ്ട്രൽ പ്രൊജക്‌ഷൻ "
ഇതായിരുന്നു ഇയാൾ പൊലീസിനോട് പറഞ്ഞ മറുപടി. തുടക്കത്തിൽ ഇവനെന്താണ് പറയുന്നത് എന്ന് പൊലീസിന് ഒന്നും മനസിലായില്ല. അതിനാൽ പൊലീസ് മനശാസ്ത്രജ്ഞരുടെ സഹായം തേടിയപ്പോൾ പുറത്ത് വന്നത് കേരള മനസാക്ഷി ഒട്ടാകെ പിടിച്ച് കുലുക്കിയ ഞെട്ടിക്കുന്ന വിവരങ്ങളാണ്. " മരണ ശേഷം തന്റെ കുടുംബാംഗങ്ങളുടെ ആത്മാവ് സ്വർഗത്തിലൂടെ പറക്കുന്നത് തനിക്ക് കാണണമായിരുന്നു. അതിന് വേണ്ടിയാണ് അവരെ കൊന്നത് " . ഇതാണ് കേദൽ മനശാസ്ത്രജ്ഞർക്ക് നൽകിയ മറുപടി. ആദ്യം കൊന്നത് അമ്മയെ.
ഉച്ചയോടെ കംപ്യൂട്ടറിൽ താൻ വികസിപ്പിച്ചെടുത്ത ഗെയിം കാണിച്ച് തരാന്ന് പറഞ്ഞ് അവൻ തൻ്റെ മുകളിലത്തെ മുറിയിലെ റൂമിലേക്ക് കൊണ്ട് പോയി. കംപ്യൂട്ടർ ടേബിലിന് മുമ്പിൽ ഇരുന്ന അമ്മയെ മഴുവിന് വെട്ടി കൊലപ്പെടുത്തി.മൃതദേഹം വലിച്ച് മുകളിലത്തെ നിലയിലെ ടോയ്ലറ്റിൽ ഇട്ടു. പിന്നെ കൊന്നത് സമാന രീതിയിൽ അപ്പനെയും പെങ്ങളെയും. അന്ന് രാത്രി കണ്ണ് കാണാത്ത 69 കാരി വല്യമ്മ ലളിതയെയും. കൊന്ന ശേഷം അവൻ മൂന്ന് ദിനത്തോളം ഈ മൃതദേഹങ്ങളോടൊപ്പം ആ വീട്ടിൽ കഴിഞ്ഞു. വീട്ടിലെ ആൾക്കാർ ഇപ്പൊഴും ജീവനോടെ ഉണ്ടെന്ന് കാണിക്കാൻ അവൻ അഞ്ചാൾക്കുള്ള ഫുഡ് ഹോട്ടലീന്ന് വാങ്ങി.വേലക്കാരിയോട് ബന്ധുവിൻ്റെ കല്യാണത്തിന് വീട്ടുകാര് ദൂരെ പോയിരിക്കുവാ. അതോണ്ട് കുറച്ച് ദിനം വീട്ടിലേക്ക് വരണ്ടാന്ന് പറഞ്ഞു. മൂന്ന് ദിവസങ്ങൾക്ക് ശേഷം രാത്രി അവനാ നാല് മൃതദേഹങ്ങൾ പെട്രോളൊഴിച്ച് കത്തിച്ച് നാട് വിട്ടു.കൂടെ ഒരു കാര്യം കൂടി അവൻ ചെയ്തു. അവൻ്റെ ശരീരത്തിൻ്റെ ആകൃതിയിൽ ഒരു ഡമ്മി ഉണ്ടാക്കി അവൻ മരിച്ചു എന്ന് കാണിക്കാനായി അവൻ ആ ബോഡി കത്തിച്ചു.
തുടർന്നുള്ള പൊലീസിന്റെ ചോദ്യം ചെയ്യലിൽ കേഡൽ മൊഴിമാറ്റി. കുടുംബത്തിൽ നിന്ന് ഉള്ള അവഗണനയാണ് കൊലപാതകകാരണം എന്ന് അവൻ പറഞ്ഞു. പോലീസ് വിശ്വസിച്ചതും അംഗീകരിച്ചതും ഈ മൊഴിയാണ്.
ഫിലിപൈൻസിലും, ഓസ്ട്രേലിയയിലും പ്ലസ്ടുവിന് ശേഷം തുടർ പoനത്തിന് പോയ കേഡൽ കോഴ്സ് ഉപേക്ഷിച്ച് നാട്ടിൽ തിരിച്ചെത്തുകയും ചെയ്‌തു. തന്നെ വെറും +2 കാരനായും തൊഴിൽ രഹിതനായും ആണ് വീട്ടുകാർ കണ്ടിരുന്നത് എന്നും അതേ ചൊല്ലി വീട്ടിൽ എന്നും താൻ അവഗണിക്കപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്യുമായിരുന്നു എന്നും തുടർന്നുള്ള പകയാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നും കേദൽ പൊലീസിന് വീണ്ടും മൊഴി മാറ്റി നൽകി. സ്കീസോഫ്രീനിയ എന്ന മാനസിക രോഗം കേദലിന് ഉണ്ട് എന്ന് മനശാസ്ത്രജ്ഞരും സാക്ഷ്യപ്പെടുത്തി.
മാനസിക രോഗി എന്ന നിലകണക്കിലെടുത്ത് കേദലിനെ ജയിലിൽ അടക്കുകയും അവിടുന്ന് സഹതടവുകാരുടെ ഇടയിൽ നിന്ന് ഉണ്ടായ പ്രശ്നങ്ങളും അക്രമങ്ങളും കാരണം ഇയാളെ മെന്റൽ ഹോസ്പിറ്റലിലേക്ക് മാറ്റി. ഇടയ്ക്ക് ന്യൂമോണിയയോ മറ്റോ പിടിപെട്ട് അതീവ ഗുരുതരാവസ്ഥയിൽ വെൻ്റിലേറ്ററിൽ ആയിരുന്നു. അത് ഭേദമായി. ഇന്നും കേദൽ കേരളത്തിലെ ഏതോ ഒരു മാനസികാശുപത്രിയിലാണ്.
സമൂഹത്തിൽ ഏറ്റവും ഉന്നത സ്ഥാനത്ത് ജീവിക്കുന്നവർ ആണ് കേഡലിന്റെ ഫാമിലി. അപ്പൻ പ്രൊഫസർ, അമ്മ ഡോക്ടർ, പെങ്ങൾ ചൈനയിൽ എം.ബി.ബി.എസ് പഠനം കഴിഞ്ഞ് വന്ന വിദ്യാർഥി.
പുറമെ സൗമ്യനും ശാന്തനുമായ കേഡൽ വളരെ ഇൻട്രൊവേർടാണ്. കേദൽ സമൂഹത്തിൽ നിന്ന് അകലം പാലിച്ച് വീടിന്റെ മുകളിലത്തെ നിലയിലെ മുറിയിൽ താൻ പഠിച്ച ഗെയിമിങ്ങിലും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് കോഴ്സിലും മുഴുകി ഗെയിം വികസിപ്പിച്ചെടുക്കുന്ന പരിപാടി ആണെന്ന് പറയപ്പെടുന്നു. വർഷങ്ങളായി ആ വീട്ടിൽ താമസിച്ചിട്ടും അവനെ അയൽപക്കക്കാർക്കോ നാട്ടുകാർക്കൊ പോലും അറിയില്ല. എന്നും ഒരു നീലയും, കറുത്തതുമായ റ്റി ഷെർട് മാത്രമേ കേദൽ ധരിക്കുമായിരുന്നുള്ളു എന്ന് ആ വീട്ടിലെ വേലക്കാരി സാക്ഷ്യപ്പെടുത്തുന്നു. അന്ന് താനാ വീട്ടിലുണ്ടായിരുന്നെങ്കിൽ താനും കൊല്ലപ്പെടുമായിരുന്നു എന്നും അവർ പറയുന്നു.
നന്ദൻകോട്ടെ ഇവർ താമസിച്ചിരുന്ന ആ ആളൊഴിഞ്ഞ വീടിൻ്റെ നിലവിലത്തെ അവസ്ഥ ഒരു പ്രേതാലയം പോലെയാണ്. ഒരു ഞെട്ടിക്കുന്ന ത്രില്ലർ ഇനി വരണമെങ്കിൽ അതിന് വേണ്ട എല്ലാ എലമെന്റ്സും കേഡലിന്റെ ജീവിതത്തിൽ ഉണ്ട്. പതിനെട്ടാം പടിയിൽ ആറ്റുകാൽ സുരൻ എന്ന കഥാപാത്രം ചെയ്ത പയ്യന് കേഡലിന്റെ ഒരു കട്ടുണ്ട്. അവനെ വേണേൽ ആ കഥയിൽ കേഡൽ ആക്കാം. കേരളത്തിൽ ഇതിലും പൈശാചികവും ഭയാനകവുമായ ഒരു സംഭവം വേറെ ഉണ്ടായിട്ടില്ല എന്ന് പറയാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates