അബുദാബി: യുഎഇ ഏറ്റവും തീവ്രമായ വേനല്‍ക്കാലത്തേക്ക് കടക്കുകയാണ്. ഇന്ന്(ജൂലൈ 3 ന്) വാര്‍ഷിക 'ജംറത്ത് അല്‍ ഖൈത്' ഉഷ്ണതരംഗം ആരംഭിക്കുന്നതോടെ താപനില 50°Cന് മുകളില്‍ ഉയരുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ് നല്‍കുന്നു. ഓഗസ്റ്റ് 10 വരെ നീണ്ടുനില്‍ക്കുന്ന 40 ദിവസത്തെ ജംറത്ത് അല്‍ ഖൈത് യുഎഇയിലും അറേബ്യന്‍ ഉപദ്വീപിലും വര്‍ഷത്തിലെ ഏറ്റവും ചൂടേറിയതും വരണ്ടതുമായ സമയമായി കണക്കാക്കപ്പെടുന്നു, പകല്‍ സമയത്തെ ചൂടും, വരണ്ട മരുഭൂമിയിലെ കാറ്റും, ആവര്‍ത്തിച്ചുള്ള ഉഷ്ണതരംഗങ്ങള്‍ക്കിടയാക്കുന്നു.
കിഴക്കന്‍ ചക്രവാളത്തില്‍ പുലര്‍ച്ചെ 'അല്‍ ജൗസ' നക്ഷത്രം ഉദിക്കുന്നതോടെയാണ് ഈ പ്രതിഭാസം ആരംഭിക്കുന്നത്. വെയിലത്തു പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളും ലോഹനിര്‍മിത വസ്തുക്കളും 70 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂടാകാന്‍ സാധ്യതയുണ്ട്. ഈ കാലയളവില്‍ അറേബ്യന്‍ ഉപദ്വീപില്‍ 'സമൂം' എന്നറിയപ്പെടുന്ന കഠിനമായ ഉഷ്ണക്കാറ്റ് വീശുമെന്നും ചിലയിടങ്ങളില്‍ താപനില 50 ഡിഗ്രി സെല്‍ഷ്യസ് കടക്കുമെന്നും എമിറേറ്റ്‌സ് അസ്‌ട്രോണമി സൊസൈറ്റി ചെയര്‍മാന്‍ ഇബ്രാഹിം അല്‍ ജര്‍വാന്‍ വ്യക്തമാക്കി.
ഈ കഠിനമായ ചൂടാണ് യുഎഇയുടെ 'മാതൃവൃക്ഷം' എന്നറിയപ്പെടുന്ന ഈന്തപ്പനകളിലെ പഴങ്ങള്‍ പാകമാകാന്‍ സഹായിക്കുന്നത് എന്നതാണ് ഈ സീസണിന്റെ പ്രത്യേകത. കഠിനമായ ഈ വേനല്‍ച്ചൂടിനെ പ്രതിരോധിക്കാന്‍ ജൂണ്‍ 15 മുതല്‍ സെപ്റ്റംബര്‍ 15 വരെ യുഎഇയില്‍ ഉച്ചവിശ്രമ നിയമം പ്രാബല്യത്തിലുണ്ട്. ഈ സമയങ്ങളില്‍ പുറംജോലികളില്‍ ഏര്‍പ്പെടുന്ന തൊഴിലാളികള്‍ക്ക് ഉച്ചയ്ക്ക് 12.30 മുതല്‍ 3 മണി വരെ വിശ്രമം അനുവദിക്കാറുണ്ട്. അല്‍ ഖൈത് കാലത്തെ കടുത്ത ചൂടില്‍ നിന്ന് രക്ഷനേടാന്‍ ധാരാളം വെള്ളം കുടിക്കാനും ഉച്ചയ്ക്ക് 12 മണി മുതല്‍ 4 മണി വരെ നേരിട്ട് വെയില്‍ കൊള്ളുന്നത് ഒഴിവാക്കാനും ആരോഗ്യവിദഗ്ദ്ധര്‍ നിര്‍ദേശിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates