ദുബൈ: മഴക്കാലത്ത് വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും ഗതാഗത നിയമങ്ങളും സുരക്ഷാ നടപടികളും കർശനമായി പാലിക്കണമെന്നും ദുബൈ പൊലീസ് ആവശ്യപ്പെട്ടു.
വ്യാഴാഴ്ച മുതൽ തിങ്കളാഴ്ച വരെ യുഎഇയിലുടനീളം അസ്ഥിരമായ കാലാവസ്ഥ പ്രതീക്ഷിക്കുന്നതായി നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (എൻസിഎം) അറിയിച്ചു. ഇടയ്ക്കിടെ മഴ പെയ്യാനും, മേഘാവൃതമായി തുടരാനും, പൊടി നിറഞ്ഞ കാറ്റുള്ള കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് എൻസിഎം അറിയിച്ചു. അസ്ഥിരമായ കാലവസ്ഥ തുടരുന്ന സാഹചര്യത്തിലാണ് പൊലീസ് മുന്നറിയിപ്പ് നൽകിയത്.
ഡ്രൈവർമാർ വേഗത കുറയ്ക്കാനും വാഹനങ്ങൾക്കിടയിൽ സുരക്ഷിതമായ അകലം പാലിക്കാനും റോഡിൽ പൂർണ്ണമായും ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും പൊലീസ് പറഞ്ഞു. ശ്രദ്ധ തിരിക്കുന്ന തരത്തിലുള്ള നടപടികളൊന്നും വാഹനമോടിക്കുന്നവരുടെ ഭാഗത്ത് നിന്ന് ഉണ്ടാകാൻ പാടില്ലെന്നും അധികൃതർ വ്യക്തമാക്കി.
മഴക്കാലത്ത് ഉണ്ടായേക്കാവുന്ന അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള പൂർണ്ണ തയ്യാറെടുപ്പ് അധികൃതർ സ്വീകരിച്ചിട്ടുണ്ട്. അപകടസാധ്യതകൾ കുറയ്ക്കുന്നതിനും പൊതുജന സുരക്ഷ ഉറപ്പാക്കുന്നതിനുമായി വാഹനമോടിക്കുന്നവരും താമസക്കാരും വെള്ളപ്പൊക്ക സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് മാറിനിൽക്കണമെന്നും നദീതടങ്ങളും താഴ്വാരങ്ങളും മറികടക്കുന്നത് ഒഴിവാക്കണമെന്നും മുന്നറിയിപ്പ് നൽകി.
ബീച്ചുകളുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച മാർഗനിർദ്ദേശങ്ങൾ പാലിക്കണമെന്നും പൊലീസ് പറഞ്ഞു.
എൻഎംസിയുടെ ദൈനംദിന ബുള്ളറ്റിൻ അനുസരിച്ച് വ്യാഴാഴ്ച ആകാശം മേഘാവൃതമായിരിക്കുമെന്നാണ്. ഇതേ കാലവസ്ഥ വെള്ളി, ശനി ദിവസങ്ങളിൽ തുടരും, ഇടയ്ക്കിടെയുള്ള മഴയും കാറ്റും പൊടിപടലങ്ങൾ ഉയർത്തുകയും തുറന്ന പ്രദേശങ്ങളിൽ ദൃശ്യപരത കുറയ്ക്കുകയും ചെയ്യാനുള്ള സാധ്യതയുണ്ട്.
തിങ്കളാഴ്ചവരെ മേഘാവൃതമായ കാലാവസ്ഥ തുടരുമെന്ന് പ്രതീക്ഷിക്കുന്നു, ഞായറാഴ്ച തുടർച്ചയായ മഴയ്ക്കും ചിലപ്പോഴൊക്കെ ശക്തമായ കാറ്റിനും സാധ്യതയുണ്ട്, ഇത് കാഴ്ചയെ ബാധിച്ചേക്കാം. തിങ്കളാഴ്ച കിഴക്കൻ, തെക്കൻ പ്രദേശങ്ങളിൽ നേരിയ മഴയ്ക്കും ഉച്ചകഴിഞ്ഞ് പൊടിക്കാറ്റ് ശക്തമാകാനും സാധ്യതയുണ്ടെന്ന് എൻഎംസിയെ ഉദ്ധരിച്ച് ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
അടിയന്തര സാഹചര്യങ്ങളിൽ പൊതുജനങ്ങൾക്ക് 999 എന്ന നമ്പറിൽ കമാൻഡ് ആൻഡ് കൺട്രോൾ സെന്ററുമായി ബന്ധപ്പെടാം, അല്ലാത്ത സാഹചര്യങ്ങളിൽ 901 എന്ന നമ്പറിൽ ബന്ധപ്പെടാം എന്നും ദുബൈ പൊലീസ് അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates