ജിദ്ദ: അഴിമതിക്കെതിരെയുള്ള നടപടികൾ ശക്തമാക്കി സൗദി അറേബ്യ. അഴിമതി തടയുന്നതിനുള്ള വ്യാപകമായ നടപടികളുടെ ഭാഗമായി സെപ്റ്റംബറിൽ സൗദിയിൽ വ്യാപകമായ പരിശോധന നടത്തി. സൗദിയിലെ അഴിമതി തടയാനുള്ള സംവിധനമായ സൗദി ഓവർസൈറ്റ് ആൻഡ് ആന്റി കറപ്ഷൻ അതോറിറ്റി (നസാഹ) അധികൃതരാണ് പരിശോധന നടത്തിയത്.
പരിശോധനയെ തുടർന്ന് സൗദി അധികൃതർ 134 സർക്കാർ ജീവനക്കാരെ അറസ്റ്റ് ചെയ്തതായി ഉദ്യോഗസ്ഥർ അറിയിച്ചു. കസ്റ്റഡിയിലെടുത്തവരിൽ ചിലരെ ജാമ്യത്തിൽ വിട്ടയച്ചതായി സൗദി ഓവർസൈറ്റ് ആൻഡ് ആന്റി കറപ്ഷൻ അതോറിറ്റി (നസാഹ) പറഞ്ഞു.
വിവിധ അഴിമതി ആരോപണങ്ങളുമായി ബന്ധപ്പെട്ട 387 പ്രതികളെക്കുറിച്ച് നടത്തിയ അന്വേഷണത്തിന് ശേഷമാണ് അറസ്റ്റ്. കഴിഞ്ഞ മാസത്തിൽ,സൗദി ഓവർസൈറ്റ് ആൻഡ് ആന്റി കറപ്ഷൻ അതോറിറ്റി നസാഹ ഉദ്യോഗസ്ഥർ രാജ്യത്തുടനീളം 2,662 പരിശോധനകൾ നടത്തി.
ആഭ്യന്തരം, നാഷണൽ ഗാർഡ്, പ്രതിരോധം, മുനിസിപ്പാലിറ്റികൾ, ഭവന നിർമ്മാണം, വിദ്യാഭ്യാസം, ആരോഗ്യം, നീതി, ഹജ്ജ്, ഉംറ എന്നിവയുൾപ്പെടെ നിരവധി പ്രധാന മന്ത്രാലയങ്ങളിൽ സേവനമനുഷ്ഠിച്ച ജീവനക്കാരാണ് അറസ്റ്റിലായത്.
കൈക്കൂലി, അധികാര ദുർവിനിയോഗം എന്നീ കുറ്റങ്ങൾ ആരോപിച്ചാണ് നടപടി. ഈ ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ അധികൃതർ പ്രതികൾക്കെതിരെ നിരവധി ക്രിമിനൽ, അഡ്മിനിസ്ട്രേറ്റീവ് കേസുകൾ ആരംഭിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates