ദുബൈ: വാഹനാപകടത്തില്‍ ഇടതുകാല്‍ നഷ്ടപ്പെട്ട പ്രവാസി മലയാളിയുടെ നഷ്ടപരിഹാരം 8 ലക്ഷം ദിര്‍ഹമായി (2.08 കോടി രൂപ) ഉയര്‍ത്തി സുപ്രീംകോടതി. തിരുവനന്തപുരം വര്‍ക്കല സ്വദേശി സുധീര്‍ അലിഫിന് അനുവദിച്ച നഷ്ടപരിഹാരമാണ് 6 ലക്ഷം ദിര്‍ഹത്തില്‍നിന്ന് 8 ലക്ഷം ദിര്‍ഹമായി ഉയര്‍ത്തിയത്.
അജ്മാനിലെ കമ്പനിയില്‍ ലിഫ്റ്റ് ടെക്‌നിഷ്യനായിരുന്ന സുധീര്‍. സഹപ്രവര്‍ത്തകര്‍ക്കൊപ്പം കമ്പനി വാഹനത്തില്‍ ദുബൈയിലെ ജോലി സ്ഥലത്തേക്കു പോകുന്നതിനിടെയായിരുന്നു അപകടം. നിയന്ത്രണം നഷ്ടപ്പെട്ട വാഹനം നടപ്പാതയിലും തുടര്‍ന്നു തൂണിലും ഇടിക്കുകയായിരുന്നു.
ഗുരുതര പരിക്കേറ്റ സുധീറിന്റെ ഇടതുകാല്‍ മുട്ടിനു താഴെ മുറിച്ചുമാറ്റി. നഷ്ടപരിഹാരത്തിനു കേസ് നടത്തിയെങ്കിലും ആദ്യം 4 ലക്ഷം ദിര്‍ഹം അനുവദിച്ച കോടതി പിന്നീട് അപ്പീലില്‍ തുക 6 ലക്ഷമാക്കി ഉയര്‍ത്തി. ഇതിനെതിരെ സുപ്രീം കോടതിയില്‍ നല്‍കിയ അപ്പീലിലാണ് നഷ്ടപരിഹാരം 8 ലക്ഷമാക്കിയത്.
അപകടസമയത്ത് 38 വയസ്സുണ്ടായിരുന്ന സുധീറിന്റെ കാലിനുണ്ടായ പൂര്‍ണ അംഗവൈകല്യം, ജോലി ചെയ്യാനുള്ള ശേഷി നഷ്ടപ്പെട്ടത്, വരുമാനനഷ്ടം, ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകള്‍ എന്നിവ കോടതി പരിഗണിച്ചു. ഭാര്യയും രണ്ടു കുട്ടികളുമടങ്ങുന്ന കുടുംബത്തിന്റെ സാമ്പത്തിക പ്രതിസന്ധികളും നഷ്ടപരിഹാരം ഉയര്‍ത്താന്‍ കാരണമായത്. ദുബൈയിലെ ആയിഷ അല്‍ദഹേരി അഡ്വക്കറ്റ്‌സ് മുഖേന സീനിയര്‍ ലീഗല്‍ കണ്‍സല്‍റ്റന്റ് അഡ്വ.ഷംസുദീന്‍ കരുനാഗപ്പള്ളിയാണു നഷ്ടപരിഹാരത്തിനു കേസ് നടത്തിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates