India

ലോകത്തെ ഏറ്റവും വലിയ വ്യാപാര കരാര്‍ ഒപ്പുവെച്ചു ; ചൈന ഉള്‍പ്പെടെ 15 രാജ്യങ്ങള്‍ ; ഇന്ത്യ വിട്ടുനിന്നു

വെര്‍ച്വല്‍ ഉച്ചകോടിയില്‍ ഒപ്പുവച്ച കരാറിലൂടെ രൂപംകൊള്ളുന്നത് ലോകത്തിലെ ഏറ്റവും വലിയ സ്വതന്ത്ര വ്യാപാര മേഖലയാണ്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : മേഖലാ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ (ആര്‍സിഇപി) ല്‍ ആസിയാന്‍ രാജ്യങ്ങളടക്കം 15 രാജ്യങ്ങള്‍ ഒപ്പുവെച്ചു.  10 ആസിയാന്‍ രാജ്യങ്ങളും ചൈന, ഓസ്‌ട്രേലിയ, ന്യൂസീലന്‍ഡ്, ജപ്പാന്‍, ദക്ഷിണ കൊറിയ എന്നിവയുമാണ് ആര്‍സിഇപി കരാറിലേര്‍പ്പെട്ടത്. എന്നാല്‍ ഇന്ത്യ കരാറില്‍ ഒപ്പിട്ടിട്ടില്ല. 

വിയറ്റ്‌നാം ആതിഥ്യം വഹിച്ച ആസിയാന്‍ വെര്‍ച്വല്‍ ഉച്ചകോടിയില്‍ ഒപ്പുവച്ച കരാറിലൂടെ രൂപംകൊള്ളുന്നത് ലോകത്തിലെ ഏറ്റവും വലിയ സ്വതന്ത്ര വ്യാപാര മേഖലയാണ്. ലോക ജനസംഖ്യയുടെ 30 ശതമാനവും ആഗോള മൊത്ത ആഭ്യന്തര ഉല്‍പാദനത്തിന്റെ 30 ശതമാനവുമാണ് ആര്‍സിഇപിയില്‍ ഉള്‍പ്പെടുന്ന 15 രാജ്യങ്ങളുടെ പങ്ക്.

കാര്‍ഷിക മേഖലയിലേത് ഉള്‍പ്പെടെ ഉല്‍പന്നങ്ങളുടെ ഇറക്കുമതി തീരുവ, വിപണി തുറക്കുന്നതിന് ആനുപാതികമായി സേവന മേഖലകളില്‍ അവസരം തുടങ്ങിയ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ മറ്റു രാജ്യങ്ങള്‍ തയാറാകാത്ത സ്ഥിതിയില്‍ കരാറില്‍നിന്നു പിന്മാറുകയാണെന്ന് 2019 നവംബര്‍ 4ന് ഇന്ത്യ പ്രഖ്യാപിച്ചിരുന്നു. ആശങ്കകള്‍ പരിഹരിക്കാതെ കരാറില്‍ ചേരില്ലെന്ന് ഇത്തവണത്തെ ഉച്ചകോടിയിലും ഇന്ത്യ വ്യക്തമാക്കി. തുടര്‍ന്നാണ് മറ്റു 15 രാജ്യങ്ങള്‍ കരാര്‍ ഒപ്പിട്ടത്.

മേഖലാ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ (ആര്‍സിഇപി) സംബന്ധിച്ച് 2012 മുതലുള്ള ചര്‍ച്ചകളില്‍ ഇന്ത്യ പങ്കാളിയാണ്. എങ്ങനെയും ഇന്ത്യ പങ്കാളിയാകണമെന്ന താല്‍പര്യം ഇന്നലത്തെ കരാറില്‍ വ്യക്തമാണ്. മറ്റേതു രാജ്യത്തിനും നല്‍കാത്ത ആനുകൂല്യത്തിലൂടെ ഇന്ത്യയ്ക്കായി വാതില്‍ തുറന്നിടുന്നതാണ് കരാറിലെ ചട്ടങ്ങള്‍. ഇന്ത്യയ്ക്ക് എപ്പോള്‍ വേണമെങ്കിലും ഭാഗമാകാമെന്ന് കരാറില്‍ വ്യക്തമാക്കുന്നു. 

ആസിയാനിലെ ആറു രാജ്യങ്ങളും അല്ലാത്ത മൂന്നു രാജ്യങ്ങളും അംഗീകാരം നല്‍കി 60 ദിവസം കഴിഞ്ഞാല്‍ കരാര്‍ പ്രാബല്യത്തിലാവും. ഇങ്ങനെ നിലവില്‍വന്ന് ഒന്നര വര്‍ഷത്തിനുശേഷമേ മറ്റേതെങ്കിലും രാജ്യത്തിന് ആര്‍സിഇപിയുടെ ഭാഗമാകാനാവൂ. എന്നാല്‍, ഈ വ്യവസ്ഥ ഇന്ത്യയ്ക്കു ബാധകമല്ലെന്ന് കരാറില്‍ അടിക്കുറിപ്പായി പരാമര്‍ശിച്ചിട്ടുണ്ട്. കരാറില്‍ ചേരുന്നതിന് മുന്‍പുതന്നെ ഇന്ത്യയ്ക്ക് നിരീക്ഷക പദവി ലഭിക്കും. 

അതേസമയം ചേരുന്നതിന് പ്രത്യേക പരിഗണന ലഭിക്കുമ്പോഴും, ഇപ്പോഴത്തെ രൂപത്തില്‍ കരാര്‍ അംഗീകരിക്കേണ്ടിവരുമെന്ന പ്രശ്‌നം ഇന്ത്യയുടെ മുന്നിലുണ്ട്. പ്രാബ്യത്തിലായി കഴിഞ്ഞാല്‍ അഞ്ചു വര്‍ഷത്തിനു ശേഷമേ വ്യവസ്ഥകള്‍ പുനഃപരിശോധിക്കുകയുള്ളൂ. കരാറിന്റെ നേതൃത്വം ചൈനയ്ക്കാണെന്നതും ഇന്ത്യയുടെ ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്. നല്ല ബന്ധമില്ലാത്ത ചൈനയും ഓസ്‌ട്രേലിയയും, അതിര്‍ത്തിപ്രശ്‌നങ്ങളുള്ള സിംഗപ്പൂരും മലേഷ്യയുമൊക്കെ ആര്‍സിഇപിയില്‍ കൈകോര്‍ക്കുന്നുണ്ട്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം