ന്യൂഡല്‍ഹി: ബ്രിട്ടന്‍, ദക്ഷിണാഫ്രിക്ക, ബ്രസീല്‍ എന്നിവിടങ്ങളില്‍ കണ്ടെത്തിയ ജനിതകമാറ്റം വന്ന കൊറോണ വൈറസ് വകഭേദങ്ങള്‍ ഇന്ത്യയില്‍ 795 പേരെ ബാധിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. മാര്‍ച്ച് 18ന് ഇത് 400 ആയിരുന്നു. അഞ്ചുദിവസത്തിനിടെ 395 പേര്‍ക്ക് കൂടി അതിവേഗ വൈറസ് ബാധിച്ചത് ആശങ്ക വര്‍ധിപ്പിക്കുന്നു.
അഞ്ചുദിവസത്തിനിടെ ഈ രാജ്യങ്ങളില്‍ കണ്ടെത്തിയ അതിവേഗ വൈറസ് ബാധിച്ച ഇന്ത്യക്കാരുടെ എണ്ണത്തില്‍ ഏകദേശം 50 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ഇതില്‍ 326 കേസുകള്‍ പഞ്ചാബില്‍ നിന്നാണ്. ബ്രിട്ടനില്‍ കണ്ടെത്തിയ അതിവേഗ വൈറസാണ് പഞ്ചാബ് സ്വദേശികളെ ബാധിച്ചത്.
പഞ്ചാബില്‍ ജനിതക ശ്രേണീകരണത്തിന് അയച്ച 401 സാമ്പിളുകളില്‍ 81 ശതമാനവും ബ്രിട്ടനിലെ അതിവേഗ വൈറസെന്നാണ് കണ്ടെത്തല്‍. ജനുവരി ഒന്നുമുതല്‍ മാര്‍ച്ച് 10 വരെ ജനിതക ശ്രേണീകരണത്തിന് വേണ്ടി അയച്ച സാമ്പിളുകളിലാണ് ഞെട്ടിക്കുന്ന ഫലം. ഇക്കാലയളവില്‍ 401 സാമ്പിളുകളാണ് ദേശീയ സ്ഥാപനമായ എന്‍സിഡിസിയിലേക്ക് അയച്ചത്.
പഞ്ചാബില്‍ അടുത്തിടെ വീണ്ടും കോവിഡ് വ്യാപനം രൂക്ഷമായിരിക്കുകയാണ്. പ്രതിദിനം ശരാശരി രണ്ടായിരത്തിലധികം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. അതിനിടെയാണ് ആശങ്ക വര്‍ധിപ്പിക്കുന്ന റിപ്പോര്‍ട്ട്. ജനുവരി ഒന്നുമുതല്‍ ജനിതക ശ്രേണീകരണത്തിന് അയച്ച 401 സാമ്പിളുകളില്‍ 326 എണ്ണത്തിലും ബ്രിട്ടനില്‍ കണ്ടെത്തിയ ജനിതക മാറ്റം വന്ന കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിരിക്കുകയാണ്. വൈറസിന്റെ ബ്രിട്ടന്‍ വകഭേദമായ ബി.1.1.7 ആണ് ഈ സാമ്പിളുകളില്‍ കണ്ടെത്തിയതെന്ന് കോവിഡ് വിദഗ്ധ സമിതി തലവനായ ഡോ കെ കെ തല്‍വാര്‍ പറഞ്ഞു.
യുകെ വൈറസിന് വ്യാപന ശേഷി കൂടുതലാണ്. അതിനാല്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. കോവിഷീല്‍ഡ് വാക്‌സിന്‍ ഈ വൈറസിനെ ചെറുക്കാന്‍ പര്യാപ്തമാണെന്ന് തല്‍വാര്‍ പറഞ്ഞതായി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് അറിയിച്ചു. വൈറസിന്റെ ബ്രിട്ടന്‍ വകഭേദം വിവിധ രാജ്യങ്ങളില്‍ അതിവേഗമാണ് വ്യാപിക്കുന്നത്.
പുതിയ സാഹചര്യത്തില്‍ വാക്‌സിനേഷന്‍ വര്‍ധിപ്പിക്കാന്‍ പ്രധാനമന്ത്രിയോട് അപേക്ഷിച്ചതായി അമരീന്ദര്‍ സിങ് പറഞ്ഞു.യുവാക്കളെയും വാക്‌സിനേഷന്റെ പരിധിയില്‍ കൊണ്ടുവരാന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായും അമരീന്ദര്‍ സിങ് അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates