ന്യൂഡൽഹി: ഓഗസ്റ്റ് 4-ന് ഫൂക്കറ്റിൽ നിന്ന് ഡൽഹിയിലേക്ക് വരികയായിരുന്ന എയർ ഇന്ത്യ വിമാനം (AI2379) പെട്ടെന്ന് താഴേക്ക് പതിച്ച് നിരവധി യാത്രക്കാർക്കും ജീവനക്കാർക്കും പരിക്കേറ്റ സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. പറക്കലിനിടെ താൻ കോക്പിറ്റിനുള്ളിൽ വെച്ച് 30 മുതൽ 35 മിനിറ്റോളം ഉറങ്ങിയിരുന്നുവെന്ന് വിമാനത്തിലെ പൈലറ്റ് എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയ്ക്ക് മൊഴി നൽകി. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിലാണ് പൈലറ്റ് സംഭവദിവസത്തെ കാര്യങ്ങൾ വിശദീകരിച്ചത്.
വ്യക്തിപരമായ കാരണങ്ങളാൽ തനിക്ക് കടുത്ത ഉറക്കമില്ലായ്മ അനുഭവപ്പെട്ടിരുന്നുവെന്നും കുടുംബ ഡോക്ടർ നിർദ്ദേശിച്ച മരുന്നുകൾ കഴിച്ചിരുന്നുവെന്നും പൈലറ്റ് സമ്മതിച്ചു. വിമാനം പുറപ്പെടുന്നതിന് തൊട്ടുമുൻപുള്ള ലേഓവർ സമയത്തും തനിക്ക് ഉറങ്ങാൻ സാധിച്ചിരുന്നില്ല. അപകടത്തിന് ശേഷമുള്ള പൈലറ്റിന്റെ ലഹരി പരിശോധനയിൽ കഞ്ചാവിന്റെ സാന്നിധ്യം സ്ഥിരീകരിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് ഈ നിർണ്ണായക വിവരങ്ങൾ പുറത്തുവരുന്നത്. വിമാനത്തിൽ കയറുന്നതിന് മുൻപ് ഇത്തരം മരുന്നുകൾ കഴിക്കുന്നത് എയർലൈൻ അധികൃതരെ മുൻകൂട്ടി അറിയിക്കണമെന്ന നിയമം പൈലറ്റ് പാലിച്ചിരുന്നോ എന്നതിൽ വ്യക്തത വന്നിട്ടില്ല.
പറക്കലിനിടെ 35 മിനിറ്റോളം ഉറങ്ങിയ ശേഷം എഴുന്നേറ്റ പൈലറ്റ് വാഷ്‌റൂമിൽ പോയി തിരികെ കോക്പിറ്റിലേക്ക് എത്തിയ സമയത്താണ് അപകടമുണ്ടാകുന്നത്. കോക്പിറ്റിൽ ഫസ്റ്റ് ഓഫീസർക്ക് പിന്നിൽ നിന്ന് എയർ കണ്ടീഷനിങ് സിസ്റ്റത്തെക്കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കെ വിമാനം പെട്ടെന്ന് താഴേക്ക് പതിക്കുകയായിരുന്നു. വീഴ്ചയുടെ ശക്തമായ ആഘാതത്തിൽ താൻ കോക്പിറ്റിന്റെ തറയിലേക്ക് തെറിച്ചുവീണുവെന്ന് പൈലറ്റിൻറെ മൊഴിയിൽ പറയുന്നു. ഈ സമയത്ത് ഫസ്റ്റ് ഓഫീസറായിരുന്നു വിമാനം പറത്തിയിരുന്നത്. കോക്പിറ്റിലുണ്ടായിരുന്ന ക്യാബിൻ ക്രൂ അംഗമാണ് വീണുപോയ പൈലറ്റിനെ എഴുന്നേൽക്കാൻ സഹായിച്ചത്.
VT-EXO എന്ന രജിസ്ട്രേഷൻ നമ്പറിലുള്ള എയർബസ് A320 വിമാനത്തിലെ 'സെൻട്രലൈസ്ഡ് ഫോൾട്ട് ഡിസ്‌പ്ലേ സിസ്റ്റം' പരിശോധിച്ചതിൽ നിന്ന് അപകട സമയത്തെക്കുറിച്ചുള്ള കൂടുതൽ സാങ്കേതിക വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. ബംഗാൾ ഉൾക്കടലിൽ നിന്ന് ഒഡീഷ തീരത്തേക്ക് വിമാനം പ്രവേശിച്ച ഘട്ടത്തിൽ, രാവിലെ 9.32-ഓടെ ഒരൊറ്റ മിനിറ്റിനുള്ളിൽ ഒൻപതോളം അടിയന്തര വാണിംഗ് മെസ്സേജുകളാണ് സിസ്റ്റത്തിൽ ഉയർന്നത്.
വിമാനത്തിലെ ഗ്രീൻ, ബ്ലൂ, യെല്ലോ ഹൈഡ്രോളിക് സിസ്റ്റങ്ങളിലെ പ്രഷർ കുറഞ്ഞതും, യെല്ലോ, ബ്ലൂ സിസ്റ്റങ്ങളിലെ റിസർവോയർ ലെവൽ താഴേക്ക് പോയതും ഇതിൽ ഉൾപ്പെടുന്നു. കൂടാതെ ഓട്ടോ പൈലറ്റ് സംവിധാനം തനിയെ വിച്ഛേദിക്കപ്പെടുകയും എലിവേറ്റർ ഫ്ലൈറ്റ് കൺട്രോളിൽ തകരാർ നേരിടുകയും ചെയ്തു.
തുടർന്ന് 9.33-നും 9.35-നും ഇടയിൽ വിമാനത്തിന്റെ എമർജൻസി ഡോർ സെൻസറുകളിലും മുന്നറിയിപ്പുകൾ സജീവമായി. പിന്നീട് 10.52-ന് വീണ്ടും ഒരു തവണ കൂടി ഓട്ടോ പൈലറ്റ് സിസ്റ്റം വിച്ഛേദിക്കപ്പെട്ടു. ഫ്ലൈറ്റ്‌രാഡാർ ഡാറ്റ പ്രകാരം 36,160 അടി ഉയരത്തിൽ പറക്കുകയായിരുന്ന വിമാനം നിമിഷങ്ങൾക്കുള്ളിൽ 35,800 അടിയിലേക്ക് (ഏകദേശം 360 അടി താഴേക്ക്) കുത്തനെ പതിക്കുകയായിരുന്നു. ഹൈഡ്രോളിക് ദ്രാവകങ്ങൾ പെട്ടെന്ന് മാറിയതാവാം ഒരു മിനിറ്റിൽ നിരവധി മുന്നറിയിപ്പുകൾ ഉയരാൻ ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് എയർ ഇന്ത്യ വക്താക്കൾ അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates