ന്യൂഡല്‍ഹി: അഹമ്മദാബാദ് വിമാന ദുരന്തത്തിന് പിന്നാലെ എയര്‍ ഇന്ത്യ വലിയ വിമാനങ്ങൾ (Air India flight) ഉപയോഗിച്ചുള്ള അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ വെട്ടിച്ചുരുക്കുന്നു. അന്താരാഷ്ട്ര സര്‍വീസുകളുടെ 15 ശതമാനത്തോളം വെട്ടിച്ചുരുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജൂലൈ പകുതി വരെയെങ്കിലും നിയന്ത്രണം തുടര്‍ന്നേക്കും. വിമാന ഷെഡ്യൂള്‍ വെട്ടിച്ചുരുക്കുന്ന നടപടിയില്‍ യാത്രക്കാര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്നും എയര്‍ ഇന്ത്യ അറിയിച്ചു. യാത്രക്കാര്‍ക്ക് അധിക ചെലവില്ലാതെയോ പൂര്‍ണ്ണ റീഫണ്ടോടെയോ റീബുക്കിങ് ഉള്‍പ്പെടെയുള്ള ഇതര യാത്രാ സൗകര്യങ്ങള്‍ ഒരുക്കുമെന്നും കമ്പനി അറിയിച്ചു. ജൂണ്‍ 20 മുതല്‍ പ്രാബല്യത്തില്‍ വരുന്ന പുതുക്കിയ അന്താരാഷ്ട്ര ഷെഡ്യൂള്‍ ഉടന്‍ പുറത്തിറങ്ങും.
നിര്‍ബന്ധിത സുരക്ഷാ പരിശോധനകള്‍, വ്യോമാതിര്‍ത്തി കര്‍ഫ്യൂ, പശ്ചിമേഷ്യയിലെ സംഘര്‍ഷം, സാങ്കേതിക പ്രശ്‌നങ്ങള്‍, സുരക്ഷ ഉറപ്പാക്കിക്കൊണ്ടുള്ള യാത്ര എന്നിവ മുന്‍നിര്‍ത്തിയാണ് നടപടി, എയര്‍ ഇന്ത്യയുടെ പ്രവര്‍ത്തനങ്ങളുടെ കാര്യക്ഷമത ഉറപ്പാക്കാനാണ് ഇപ്പോഴുള്ള നിയന്ത്രണങ്ങള്‍ എന്നും എയര്‍ ഇന്ത്യ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. അഹമ്മദാബാദ് വിമാന ദുരന്തത്തിന് പിന്നാലെ കഴിഞ്ഞ ആറ് ദിവസത്തിനിടെ 83 അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ആണ് എയര്‍ ഇന്ത്യ റദ്ദാക്കിയത്.
അതേസമയം, എയര്‍ ഇന്ത്യയുടെ പക്കലുള്ള ബോയിങ് 787-8/9 വിമാനങ്ങളില്‍ സുരക്ഷാ പരിശോധന ഭൂരിഭാവും പൂര്‍ത്തിയായെന്നും കമ്പനി അറിയിച്ചു. എയര്‍ ഇന്ത്യയുടെ 33 ബോയിങ് 787-8/9 വിമാനങ്ങളില്‍ 26 എണ്ണത്തിന്റെ പരിശോധന പൂര്‍ത്തിയായി. ഡിജിസിഎ നടത്തുന്ന പരിശോധയ്ക്ക് ശേഷം ഇവ സര്‍വീസ് നടത്താന്‍ സജ്ജമാണെന്നും എയര്‍ ഇന്ത്യ ചൂണ്ടിക്കാട്ടുന്നു. മറ്റ് വിമാനങ്ങളില്‍ പരിശോധന പുരോഗമിക്കുകയാണ്. എയര്‍ ഇന്ത്യ സ്വന്തം നിലയ്ക്കും ബോയിങ് 777 വിമാനങ്ങളിലും പരിശോധന നടത്തും. അഹമ്മദാബാദ് ദുരന്തത്തിന് കാരണമായ സാഹചര്യം കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates