ന്യൂഡല്‍ഹി: വന്ദേമാതരം നിര്‍ബന്ധമാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ പ്രമുഖ മുസ്ലിം സംഘടനയായ ജമാഅത്ത് ഉലമ-ഇ-ഹിന്ദ്. വന്ദേമാതരത്തിലെ ആറ് ശ്ലോകങ്ങളും ഔദ്യോഗിക ചടങ്ങുകളില്‍ ആലപിക്കണമെന്ന് നിര്‍ബന്ധമാക്കിയ കേന്ദ്രത്തിന്റെ നിര്‍ദ്ദേശം ഏകപക്ഷീയമാണ്. ഇത് ഭരണഘടന ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യത്തിനു നേരെയുള്ള നഗ്‌നമായ ആക്രമണമാണെന്നും ജമാഅത്ത് ഉലമ-ഇ-ഹിന്ദ് ആരോപിച്ചു.
'വന്ദേമാതരം പാടുന്നതില്‍ നിന്നോ വായിക്കുന്നതില്‍ നിന്നോ മുസ്ലീങ്ങള്‍ ആരെയും തടയാറില്ല. എന്നാല്‍ ഗാനത്തിലെ ചില വരികള്‍ മാതൃരാജ്യത്തെ ഒരു ദൈവമായി ചിത്രീകരിക്കുന്ന വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഏകദൈവ മതങ്ങളുടെ അടിസ്ഥാന വിശ്വാസത്തിന് വിരുദ്ധമാണ്' ഇതെന്നും ജമാഅത്ത് ഉലമ പ്രസിഡന്റ് മൗലാന അര്‍ഷാദ് മദനി പറഞ്ഞു.
'എല്ലാ സര്‍ക്കാര്‍ പരിപാടികളിലും, സ്‌കൂളുകളിലും, കോളജുകളിലും, ചടങ്ങുകളിലും വന്ദേമാതരത്തിലെ എല്ലാ ശ്ലോകങ്ങളും ആലപിക്കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ ഉത്തരവ്. കേന്ദ്ര സര്‍ക്കാരിന്റെ ഏകപക്ഷീയവും നിര്‍ബന്ധിതവുമായ ഈ തീരുമാനം ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യത്തിനു നേരെയുള്ള നഗ്‌നമായ ആക്രമണം മാത്രമല്ല, ന്യൂനപക്ഷങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ വെട്ടിക്കുറയ്ക്കാനുള്ള ആസൂത്രിതമായ ശ്രമം കൂടിയാ'ണെന്ന് മൗലാന അര്‍ഷാദ് മദനി അഭിപ്രായപ്പെട്ടു.
'ഒരു മുസ്ലീം അല്ലാഹുവിനെ മാത്രമേ ആരാധിക്കുന്നുള്ളൂ. അതുകൊണ്ടുതന്നെ ഈ ഗാനം ആലപിക്കാന്‍ അവരെ നിര്‍ബന്ധിക്കുന്നത് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25-ന്റെയും സുപ്രീം കോടതിയുടെ നിരവധി വിധിന്യായങ്ങളുടെയും വ്യക്തമായ ലംഘനമാണ്. 'ഒരാളുടെ രാജ്യസ്‌നേഹത്തിന്റെ യഥാര്‍ത്ഥ അളവ് മുദ്രാവാക്യങ്ങളിലല്ല, മറിച്ച് സ്വഭാവത്തിലും ത്യാഗത്തിലുമാണ്. ഇത്തരം തീരുമാനങ്ങള്‍ രാജ്യത്തിന്റെ സമാധാനം, ഐക്യം, ജനാധിപത്യ മൂല്യങ്ങള്‍ എന്നിവയ്ക്ക് പുറമേ, ഭരണഘടനയുടെ ആത്മാവിനെയും ദുര്‍ബലപ്പെടുത്തുന്നു. ' മദനി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates