പട്‌ന: ബിഹാറിലെ ബങ്കിപ്പുര്‍ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ ജന്‍സുരാജ് പാര്‍ട്ടി സ്ഥാപകന്‍ പ്രശാന്ത് കിഷോര്‍ വിജയിച്ചു. 31 റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ ബിജെപിയുടെയും ആര്‍ജെഡിയുടെയും പ്രബല സ്ഥാനാര്‍ത്ഥികളെ പിന്തള്ളി 18,953 വോട്ടുകളുടെ ഭൂരിപക്ഷമാണ് പ്രശാന്ത് കിഷോറിനുള്ളത്. അന്തിമ കണക്കുകള്‍ വൈകാതെ വ്യക്തമാകും. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ബിജെപിയുടെ അടിയുറച്ച കോട്ടയായിരുന്ന ബങ്കിപ്പുര്‍ മണ്ഡലത്തിലാണ് പ്രശാന്ത് കിഷോര്‍ ചരിത്ര വിജയം സ്വന്തമാക്കിയത് ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്‍ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെത്തുടര്‍ന്ന് രാജിവെച്ച ഒഴിവിലാണ് ബങ്കിപ്പുരില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.
ജൂലൈ 30നായിരുന്നു മണ്ഡലത്തില്‍ വോട്ടെടുപ്പ് നടന്നത്. ബിജെപി തങ്ങളുടെ പരമ്പരാഗത മണ്ഡലം നിലനിര്‍ത്താന്‍ യുവനേതാവ് നീരജ് കുമാര്‍ സിന്‍ഹയെ കളത്തിലിറക്കിയപ്പോള്‍, ആദ്യ തെരഞ്ഞെടുപ്പ് പോരാട്ടത്തിനായി പ്രശാന്ത് കിഷോര്‍ തെരഞ്ഞെടുത്തത് ഈ പ്രബല കോട്ടയായിരുന്നു. ബിജെപിയുടെ നീരജ് കുമാറിനു പുറമെ, ആര്‍ജെഡിയുടെ രേഖാ കുമാരിയായിരുന്നു പ്രശാന്ത് കിഷോറിന്ർറെ പ്രധാന എതിരാളി. തുടക്കം മുതല്‍ കൃത്യമായ ലീഡ് നിലനിര്‍ത്തിയ കിഷോര്‍, വോട്ടെണ്ണല്‍ പുരോഗമിക്കവേ എതിര്‍ സ്ഥാനാര്‍ഥികളെ ബഹുദൂരം പിന്നിലാക്കി വിജയം ഉറപ്പിക്കുകയായിരുന്നു.
പ്രശാന്ത് കിഷോറിന്റെ വിജയത്തിന് ഏറ്റവും നിര്‍ണായകമായത് ബഹാറിലെ യുവ വോട്ടര്‍മാരുടെ ശക്തമായ പിന്തുണയാണ്. പരമ്പരാഗത ജാതി-മത സമവാക്യങ്ങളെ തള്ളിക്കളഞ്ഞ് യുവാക്കള്‍ ജന്‍സുരാജിനൊപ്പം നിലയുറപ്പിച്ചതാണ് ബിജെപി കോട്ടയില്‍ വിള്ളലുണ്ടാക്കിയത്. പരമ്പരാഗത പ്രചാരണ രീതികള്‍ക്ക് പകരം സോഷ്യല്‍ മീഡിയയിലൂടെ തങ്ങളുടെ ആശയങ്ങള്‍ കൃത്യമായി യുവാക്കളിലേക്ക് എത്തിക്കാന്‍ പികെയ്ക്ക് സാധിച്ചു.
ബിഹാറിലെ തൊഴിലില്ലായ്മയും യുവാക്കളുടെ കുടിയേറ്റവും പ്രധാന ചര്‍ച്ചാവിഷയമാക്കിയതാണ് കന്നി വോട്ടര്‍മാരെയും യുവ തലമുറയെയും ആകര്‍ഷിച്ചത്. ആര്‍ജെഡി - ബിജെപി മുന്നണികളുടെ പതിവ് രാഷ്ട്രീയ വാഗ്ദാനങ്ങള്‍ക്കപ്പുറം പുതിയൊരു വികസന മാതൃക ആഗ്രഹിച്ച യുവാക്കള്‍ ജന്‍സുരാജിനെ ഒരു പൊളിറ്റിക്കല്‍ സ്റ്റാര്‍ട്ടപ്പായി കാണുകയും അതില്‍ പങ്കാളികളാവുകയും ചെയ്തു.
സുരക്ഷിത മണ്ഡലങ്ങള്‍ തെരഞ്ഞെടുക്കാതെ, ജാതി-മത രാഷ്ട്രീയത്തിനപ്പുറം ജനം ചിന്തിക്കണമെന്ന സന്ദേശം നല്‍കാനാണ് ബിജെപിയുടെ ഉറച്ച കോട്ടയായ ബങ്കിപ്പുരില്‍ മത്സരിച്ചതെന്ന് പ്രശാന്ത് കിഷോര്‍ വ്യക്തമാക്കിയിരുന്നു. മുന്‍നിര രാഷ്ട്രീയ തന്ത്രജ്ഞനില്‍ നിന്ന് ജനകീയ നേതാവിലേക്കുള്ള പ്രശാന്ത് കിഷോറിന്റെ മാറ്റമായാവും കന്നിയങ്കത്തിലെ ജയം വിലയിരുത്തപ്പെടുക. ജന്‍സുരാജ് എന്ന പുതിയ രാഷ്ട്രീയ ബദല്‍ ബിഹാര്‍ ജനത സ്വീകരിച്ചു എന്നതിന്റെ തെളിവും കൂടിയാകുമിത്. ആര്‍ജെഡിയുടെയും ബിജെപിയുടെയും പരമ്പരാഗത വോട്ടുബാങ്കുകളില്‍ വലിയ വിള്ളലുണ്ടാക്കാന്‍ ജന്‍സുരാജിന് സാധിച്ചുവെന്നും ഈ മുന്നേറ്റം വ്യക്തമാക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates