ബെംഗളൂരു: ചികിത്സയുടെ മറവില്‍ അമിത ഡോസില്‍ അനസ്തീസിയ മരുന്ന് നല്‍കി ഭാര്യയെ കൊലപ്പെടുത്തിയ ഡോക്ടര്‍ പിടിയില്‍. ഉഡുപ്പി മണിപ്പാല്‍ സ്വദേശിയും സര്‍ജനുമായ ഡോ. മഹേന്ദ്ര റെഡ്ഡിക്ക് (31)യാണ് ഭാര്യയെ വകവരുത്തിയത്. ത്വക്ക് രോഗ വിദഗ്ധയായ ഡോ. കൃതിക റെഡ്ഡി (28) ആണ് കൊല്ലപ്പെട്ടത്.
ഏപ്രില്‍ 23ന് കൃതികയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതിന് പിന്നാലെയാണ് സംഭവങ്ങളുടെ തുടക്കം. അനസ്തീസിയയ്ക്ക് ഉപയോഗിക്കുന്ന മരുന്നിന്റെ അമിത സാന്നിധ്യം പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തിയതാണ് കൊലപാതകത്തിലേക്ക് വെളിച്ചം വീശിയത്. ദീര്‍ഘകാലമായി ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്ന കൃതികയെ ഇക്കാര്യം മറച്ചുവച്ച് മഹേന്ദ്ര റെഡ്ഡിക്ക് വിവാഹം ചെയ്തു നല്‍കിയതില്‍ ഉണ്ടായ അതൃപ്തിയാണ് കൊലപാതത്തിലേക്ക് നയിച്ചത്. ബംഗളൂരു വിക്ടോറിയ ആശുപത്രിയില്‍ ഡോക്ടര്‍മാരായിരുന്ന ഇരുവരും കഴിഞ്ഞ വര്‍ഷം മെയ് 26 നാണ് വിവാഹിതരായത്.
മരണം സംഭവിക്കുന്നതിന് രണ്ട് ദിവസം മുന്‍പ് കൃതികയ്ക്ക് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായിരുന്നു. അന്ന് മഹേന്ദ്ര അമിത അളവില്‍ മരുന്ന് നല്‍കുകയായിരുന്നു. തുടര്‍ന്ന് വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയെന്ന് അവകാശപ്പെട്ട് ഡോ. മഹേന്ദ്ര റെഡ്ഡി ഭാര്യയെ മാറത്തഹള്ളിയിലെ കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ആശുപത്രിയില്‍ എത്തിക്കും മുന്‍പ് തന്നെ മരിച്ചിരുന്നു. ഭാര്യയെ പോസ്റ്റ്മോര്‍ട്ടം ചെയ്യരുത് എന്ന് പ്രതി ആശുപത്രി അധികൃതരോടും പൊലീസിനോടും അപേക്ഷിച്ചതോടെയാണ് അന്വേഷണത്തില്‍ നിര്‍ണായക വഴിത്തിരിവ് ഉണ്ടായത്. ഭാര്യാപിതാവിനെക്കൊണ്ട് ഈ ആവശ്യം മഹേന്ദ്ര റെഡ്ഡി ഉന്നയിപ്പിച്ചു. എന്നാല്‍ പോസ്റ്റ്മോര്‍ട്ടവുമായി അധികൃതര്‍ മുന്നോട്ട് പോയതോടെയാണ് കൊലപാതകക്കുറ്റത്തിന് കാരണമായ തെളിവുകള്‍ ലഭിച്ചത്.
ഒക്ടോബര്‍ 13 നാണ് മകളുടെ മരണത്തില്‍ മഹേന്ദ്ര റെഡ്ഡിയുടെ പങ്ക് ആരോപിച്ച് പിതാവ് പരാതി നല്‍കിയത്. ഒക്ടോബര്‍ 14 ന് കര്‍ണാടകയിലെ മണിപ്പാലില്‍ നിന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ചോദ്യം ചെയ്യലില്‍ മഹേന്ദ്ര കുറ്റം സമ്മതിക്കുകയുമായിരുന്നു. പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തി. ഏറെ നാളത്തെ ആസൂത്രണത്തിന് ഒടുവിലായിരുന്നു കൊലപാതകം എന്നും പ്രതി സമ്മതിച്ചിട്ടുണ്ട്. ഡോ. കൃതികയുടെ മരണം സ്വാഭാവികമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ പ്രതി തന്റെ മെഡിക്കല്‍ വൈദഗ്ദ്ധ്യം ഉപയോഗിച്ചെന്നും പൊലീസ് ചൂണ്ടിക്കാട്ടുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates