കൊല്ക്കത്ത: സംസ്ഥാന സര്ക്കാരിനെ അട്ടിമറിക്കാന് ബിജെപിയും സിപിഎമ്മും ഗൂഢാലോചന നടത്തുന്നുവെന്ന് തൃണമൂല് കോണ്ഗ്രസ്. മുതിര്ന്ന സിപിഎം നേതാവും മുന്മന്ത്രിയുമായ അശോക് ഭട്ടാചാര്യയുടെ വീട്ടില് ബിജെപി നേതാക്കള് നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ആരോപണവുമായി തൃണമൂല് രംഗത്തു വന്നത്.
ഡാര്ജിലിംഗ് എംപി രാജു ബിസ്ത, സിലിഗുരി എംഎല്എ ശങ്കര് ഘോഷ് തുടങ്ങി പത്തോളം ബിജെപി നേതാക്കളാണ് തിങ്കളാഴ്ച അശോക് ഭട്ടാചാര്യയുടെ വീട്ടിലെത്തിയത്. സംസ്ഥാനത്ത് സിപിഎം- ബിജെപി രഹസ്യ ധാരണയുണ്ടെന്നും സര്ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമത്തിന്റ ഭാഗമായാണ് കൂടിക്കാഴ്ചയെന്നും തൃണമൂല് കോണ്ഗ്രസ് ജനറല് സെക്രട്ടറി കുനാല് ഘോഷ് ആരോപിച്ചു.
പശ്ചിമ ബംഗാളില് അടുത്ത വര്ഷം നടക്കാനിരിക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി സംസ്ഥാനത്ത് കാലുറപ്പിക്കാനുള്ള ശ്രമം നടത്തുകയാണ്. ഇതിന്റെ ആദ്യപടിയാണ് കൂടിക്കാഴ്ച. തൃണമൂലിനെ തനിച്ച് തോല്പിക്കാന് സാധിക്കില്ലെന്ന് മനസ്സിലാക്കിയതിനാല് സിപിഎമ്മിനെ കൂടെ കൂട്ടാന് ബിജെപി ശ്രമിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് വടക്കൻ ബംഗാളിൽ മികച്ച ജനപിന്തുണയുള്ള അശോക് ഭട്ടാചാര്യയുമായി രഹസ്യചർച്ച നടത്തിയതെന്നും തൃണമൂൽ കോൺഗ്രസ് ആരോപിക്കുന്നു.
സിലിഗുരി മുൻ മേയറും മുൻ മന്ത്രിയുമായ അശോക് ഭട്ടാചാര്യയെ ബിജെപിയിലേക്ക് അടുപ്പിക്കുക എന്ന ലക്ഷ്യവും കൂടിക്കാഴ്ചയ്ക്ക് പിന്നിലുണ്ടെന്നും തൃണമൂൽ കോൺഗ്രസ് സംശയിക്കുന്നു. എന്നാല് നടന്നത് രഹസ്യചര്ച്ചയല്ലെന്നും അശോക് ഭട്ടാചാര്യയുടെ ഭാര്യ രത്ന ഭട്ടാചാര്യയുടെ ഒന്നാം ചരമവാര്ഷികത്തിന് ക്ഷണിച്ചത് അനുസരിച്ച് പോയതാണെന്നും ബിജെപി എംപി രാജു ബിസ്ത പ്രതികരിച്ചു. ബിജെപി നേതാക്കളുടേത് സൗഹൃദസന്ദർശനം മാത്രമാണെന്നും, രാഷ്ട്രീയ വിവാദമാക്കേണ്ട കാര്യമില്ലെന്നും അശോക് ഭട്ടാചാര്യ പറഞ്ഞു. അതേസമയം ബംഗാളിൽ കൂടിക്കാഴ്ച രാഷ്ട്രീയ വിവാദങ്ങൾക്ക് തിരികൊളുത്തിയിട്ടുണ്ട്.
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates