ന്യൂഡല്‍ഹി: സീനിയര്‍ ഡെപ്യൂട്ടി ഇലക്ഷന്‍ കമ്മീഷണര്‍ മനീഷ് ഗാര്‍ഗിനെതിരെ രണ്ട് ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ നല്‍കിയ പരാതികളില്‍ നടപടിയെടുക്കാന്‍ ക്യാബിനറ്റ് സെക്രട്ടറിയേറ്റ് വിസമ്മതിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ വ്യക്തിപരമായി പരാതികള്‍ അയച്ചതിനാല്‍ അതിനെ കമ്മീഷന്റെ ഔദ്യോഗിക പരാതിയായി കണക്കാക്കാനാകില്ലെന്നും അതുകൊണ്ട് ഉദ്യേഗസ്ഥനെതിരെ നടപടിയെടുക്കുന്നില്ലെന്നുമാണ് മറുപടി.
ജൂലൈ 29നാണ് മനീഷ് ഗാര്‍ഗിന്റെ പ്രവര്‍ത്തനങ്ങളില്‍ ആശങ്കയറിച്ച് ഇലക്ഷന്‍ കമ്മീഷണര്‍മാരായ സുഖ്ബീര്‍ സന്ധുവും വിവേക് ജോഷിയും ക്യാബിനറ്റ് സെക്രട്ടറി ടിവി സോമനാഥന് വെവ്വേറെ കത്തുകള്‍ നല്‍കിയിരുന്നു കത്ത് ലഭിച്ചത് ക്യാബിനറ്റ് സെക്രട്ടറിയേറ്റ് സ്ഥിരീകരിച്ചെങ്കിലും ഈ വിഷയത്തില്‍ നടപടിയെടുക്കുന്നത് അനുചിതവും ഭരണഘടനാ സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങളിലുള്ള ഇടപെടലായി വ്യാഖ്യാനിക്കപ്പെടാമെന്നും സെക്രട്ടേറിയറ്റ് വ്യക്തമാക്കി. വിവരകാശ പ്രവര്‍ത്തകനായ കമാന്‍ഡര്‍ ലോകേഷ് കെ. ബത്ര സമര്‍പ്പിച്ച ആര്‍.ടി.ഐ അപേക്ഷയിലാണ് ക്യാബിനറ്റ് സെക്രട്ടേറിയറ്റിന്റെ മറുപടി.
'കത്തുകളില്‍ പറഞ്ഞത് ഇലക്ഷന്‍ കമ്മീഷണര്‍മാരുടെ വ്യക്തിഗത നിലപാടുകളാണ്. അര്‍ഹമായ ഗൗരവത്തോടെ കാണേണ്ടതാണെങ്കിലും, തെരഞ്ഞടുപ്പ് കമ്മീഷന്‍ നല്‍കിയ ഔദ്യോഗിക ആശയവിനിമയമായി ഇതിനെ കാണാന്‍ കഴിയില്ല,' എന്നും മറുപടിയില്‍ പറയുന്നു.
അഡ്മിനിസ്‌ട്രേഷന്‍ വിഭാഗത്തിന്റെ ചുമതലയുണ്ടായിരുന്ന ഡെപ്യൂട്ടി ഇലക്ഷന്‍ കമ്മീഷണര്‍ ഭാനു പ്രകാശ് യെതുരു ജൂലൈ 27 മുതല്‍ ഓഗസ്റ്റ് 9 വരെ അവധിയിലായിരുന്ന സമയത്താണ് മനീഷ് ഗാര്‍ഗിന് അഡ്മിനിസ്‌ട്രേഷന്‍ വിഭാഗത്തിന്റെ അധിക ചുമതല നല്‍കിയത്. ചുമതലയേറ്റ് മണിക്കൂറുകള്‍ക്കകം, ജൂലൈ 28-ന് ഗാര്‍ഗ് പുതിയ ജോലി വിഭജന ഉത്തരവ് ഇറക്കിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ കത്തില്‍ ചൂണ്ടിക്കാട്ടി. ഇത് കമ്മീഷനുമായോ തന്നോടോ ചര്‍ച്ച ചെയ്യാതെയോ അറിയിക്കാതെയോ ആണെന്ന് സുഖ്ബീര്‍ സന്ധു കത്തില്‍ പറയുന്നു. ചുമതലയേറ്റ ശേഷം, ഗാര്‍ഗ് സീനിയര്‍ ഡെപ്യൂട്ടി ഇലക്ഷന്‍ കമ്മീഷണര്‍മാര്‍, ഡെപ്യൂട്ടി ഇലക്ഷന്‍ കമ്മീഷണര്‍മാര്‍, ഡയറക്ടര്‍ ജനറല്‍മാര്‍, തമസല്യമുള്ള മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ ജോലി വിഭജനം സംബന്ധിച്ച് കമ്മീഷനോടോ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോടോ ചര്‍ച്ച ചെയ്യാതെ ഉത്തരവിറക്കി എന്ന് രണ്ട് കമ്മീഷണര്‍മാരും കത്തില്‍ പറയുന്നു കമ്മീഷന്റെ മുന്‍കൂട്ടിയുള്ള ചര്‍ച്ചയോ അംഗീകാരമോ ഇല്ലാതെ ഇത്തരം നടപടികള്‍ എടുക്കരുതെന്ന് വാക്കാലും രേഖാമൂലവും നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നെന്നും കത്തില്‍ പറയുന്നു
ഇലക്ഷന്‍ കമ്മീഷന്റെ ആഭ്യന്തര സംവിധാനങ്ങളിലൂടെ വിഷയം പരിഹരിക്കുന്നതിന് പകരം ഇലക്ഷന്‍ കമ്മീഷണര്‍മാരായ സുഖ്ബീര്‍ സിങ് സന്ധുവും വിവേക് ജോഷിയും ക്യാബിനറ്റ് സെക്രട്ടറിയെ സമീപിച്ചത് എന്തുകൊണ്ടാണെന്ന ചോദ്യങ്ങള്‍ ക്യാബിനറ്റ് സെക്രട്ടറിയേറ്റിന്റെ ഈ തീരുമാനത്തോടെ വീണ്ടും ഉയര്‍ന്നിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates