ചെന്നൈ: മധുര എയിംസ് ക്യാംപസിൽ നിന്ന് ഇഷ്ടിക മോഷ്ടിച്ചതിന് ഡിഎംകെ നേതാവും പ്രശസ്ത കോളിവുഡ് താരവുമായ ഉദയനിധി സ്റ്റാലിനെതിരെ പരാതി. ക്യാംപസിന്റെ നിർമാണസമയത്ത് അവിടെ നിന്ന് ഇഷ്ടിക മോഷ്ടിച്ച കുറ്റത്തിനാണ് ബിജെപി പ്രവർത്തകൻ സ്റ്റാലിനെതിരെ പരാതി നൽകിയത്.
തൂത്തുക്കുടിയിലെ വിലാത്തികുളത്ത് വ്യാഴാഴ്ച നടന്ന പൊതുയോഗത്തിൽ എയിംസ് ക്യാംപസിൽ നിന്ന് എടുത്തു കൊണ്ടു വന്നതാണെന്ന് അവകാശപ്പെടുന്ന ഇഷ്ടിക സ്റ്റാലിൻ പ്രദർശിപ്പിച്ചിരുന്നു. "എഐഎഡിഎംകെയും ബിജെപിയും മൂന്ന് കൊല്ലം മുമ്പ് നിർമാണമാരംഭിച്ച എയിംസ് ആശുപത്രിയെ കുറിച്ച് നിങ്ങൾ ഓർമിക്കുന്നില്ലേ, ഇത് ഞാനവിടെ നിന്ന് എടുത്തു കൊണ്ടു വന്നതാണ്", എന്നാണ് ഇഷ്ടിക ഉയർത്തിക്കാട്ടി സ്റ്റാലിൻ പറഞ്ഞത്. ഇഷ്ടിക ഉയർത്തിക്കാട്ടുന്ന സ്റ്റാലിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി. ക്യാംപസ് കെട്ടിടത്തിന്റെ നിർമാണം പൂർത്തിയാക്കാത്തതിൽ ഭരണകക്ഷിക്കെതിരായ വിമർശനമാണ് ഇതിനൊപ്പം ഉയർന്നത്. ഇതേതുടർന്നാണ് ബിജെപി അംഗമായ നീധിപാണ്ഡ്യൻ പൊലീസിൽ പരാതി നൽകിയത്.
2019 ജനുവരി 27-ന് മധുരയിലെ തോപ്പുരിൽ പ്രധാനമന്ത്രി നരേന്ദ്രമോദി എയിംസ് ആശുപത്രി നിർമാണത്തിനായി ശിലാസ്ഥാപനം നടത്തി. 2020 ഡിസംബറിൽ ക്യാംപസിന്റെ ചുറ്റുമതിലിന്റെ നിർമാണം തുടങ്ങി. ഇവിടെനിന്ന് എംകെ യുവജനവിഭാഗം സെക്രട്ടറി ഉദയനിധി സ്റ്റാലിൻ ഒരു ഇഷ്ടിക മോഷ്ടിക്കുകയും കുറ്റം ഏറ്റുപറഞ്ഞ് മോഷണവസ്തു പൊതുജനമധ്യത്തിൽ പ്രദർശിപ്പിക്കുകയും ചെയ്തു', പരാതിയിൽ നീധിപാണ്ഡ്യൻ ചൂണ്ടിക്കാട്ടി. ഇന്ത്യൻ ശിക്ഷാനിയമത്തിന്റെ 380-ാം വകുപ്പനുസരിച്ച് ഉദയനിധി സ്റ്റാലിന് അർഹമായ ശിക്ഷ ലഭിക്കണമെന്ന് അദ്ദേഹം പരാതിയിൽ ആവശ്യപ്പെട്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates