ന്യൂഡല്‍ഹി: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട് അക്‌വാന്‍ തീവ്ര ചുഴലിക്കാറ്റ് നാളെ ഉച്ചയോടെ കര തൊടുമെന്ന് കാലാവസ്ഥ വകുപ്പ്. ചുഴലിക്കാറ്റ് വടക്ക്-വടക്കുപടിഞ്ഞാറന്‍ ദിശയിലൂടെ സഞ്ചരിച്ച്, നര്‍സാപൂരിനും പുരിക്കുമിടയില്‍ വടക്കന്‍ ആന്ധ്രാപ്രദേശ് - യാനം, തെക്കന്‍ ഒഡീഷ തീരങ്ങളിലൂടെ കരയിലേക്ക് പ്രവേശിക്കും. ഈ സമയം കാറ്റിന്റെ വേഗത മണിക്കൂറില്‍ 90 മുതല്‍ 110 കിലോമീറ്റര്‍ വരെയാകാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ചുഴലിക്കാറ്റ് കണക്കിലെടുത്ത് ഈ മേഖലയിലൂടെയുള്ള ട്രെയിന്‍ ഗതാഗതവും പുനഃക്രമീകരിച്ചിട്ടുണ്ട്.
ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ഒഡീഷ തീരങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. മേഖലയില്‍ റെഡ് അലര്‍ട്ടാണ്. ആറു ജില്ലകളില്‍ നവംബര്‍ 21 വരെ സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, അങ്കണവാടികള്‍ അടക്കം അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ചുഴലിക്കാറ്റ് കരതൊടുന്നതിനോട് അനുബന്ധിച്ച് ഒഡീഷയില്‍ കനത്ത മഴയും കാറ്റും ഉണ്ടാകുമെന്നാണ് അറിയിപ്പുള്ളതെന്ന് മുഖ്യമന്ത്രി മോഹന്‍ ചരണ്‍ മാജി പറഞ്ഞു. എന്തു സാഹചര്യവും നേരിടാന്‍ സജ്ജമായിരിക്കാന്‍ വകുപ്പുകള്‍ക്ക് ഒഡീഷ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ഒരു ലക്ഷം പേരെ മാറ്റിപാര്‍പ്പിച്ചു. മല്‍ക്കന്‍ഗിരി, കോരാപുട്ട്, രായഗഡ, കലഹന്ദി, ഗജപതി, ഗഞ്ചം, കന്ധമാല്‍, ബൗധ്, പുരി, നയാഗര്‍, ഖുര്‍ദ ജില്ലകളില്‍ സര്‍ക്കാര്‍ റസ്‌ക്യൂ സംഘത്തെ വിന്യസിച്ചിട്ടുണ്ട്. സംസ്ഥാനത്ത് 305 ദ്രുതകര്‍മ്മ സംഘങ്ങളെയാണ് വിന്യസിച്ചിരിക്കുന്നത്. നടപടികള്‍ ഏകോപിപ്പിക്കുന്നതിനായി സര്‍ക്കാര്‍ ജീവനക്കാരുടെ അവധികളെല്ലാം റദ്ദാക്കിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ തെക്കന്‍ ജില്ലകളിലും തീര മേഖലകളിലും ബുധനാഴ്ച രാത്രി മുതല്‍ മഴ പെയ്യുന്നുണ്ട്.
ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ഒഡീഷയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളും ബീച്ചുകളും അടച്ചു. പുരിയിലെ ശ്രീ ഗുണ്ടിച ക്ഷേത്രം നവംബര്‍ 21 വരെ അടച്ചിടും. എന്നാല്‍ പുരി ജഗന്നാഥ ക്ഷേത്രം തുറന്ന് പതിവ് പൂജാകര്‍മ്മങ്ങള്‍ നടക്കും. എന്നാ കലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് അനുസരിച്ച് മാത്രമേ ഭക്തര്‍ ക്ഷേത്രദര്‍ശനം നടത്താവൂവെന്ന് ക്ഷേത്രം അധികൃതര്‍ നിര്‍ദേശിച്ചു.
അക്‌വാന്‍ ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി ഝാര്‍ഖണ്ഡിലെ വിവിധ ഭാഗങ്ങളില്‍ അടുത്ത രണ്ടു മൂന്നു ദിവസം കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. കടല്‍ പ്രക്ഷുബ്ധമായതോടെ മത്സ്യബന്ധനത്തിന് പോയ ആന്ധ്രയിലെ കാക്കിനാഡയില്‍ നിന്നുള്ള 80 മത്സ്യത്തൊഴിലാളികളും പത്ത് ബോട്ടുകളും ഒഡിഷയിലെ ആര്യപ്പള്ളി മത്സ്യബന്ധന കേന്ദ്രത്തില്‍ അഭയം തേടി. ബംഗാളിലും ശക്തമായ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates