ന്യൂഡൽഹി: സിജെപി കോ-കൺവീനർമാരായ അശുതോഷ് റങ്ക, സൗരവ് ദാസ് എന്നിവരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ വധഭീഷണി ലഭിച്ചെന്ന സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെ പരാതിയിൽ ഡൽഹി പൊലീസ് കേസെടുത്തു. അജ്ഞാതരായ വ്യക്തികൾക്കെതിരെ നോൺ-കോഗ്നിസബിൾ റിപ്പോർട്ട് പ്രകാരമാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പരാതിയുടെ വിശദാംശങ്ങളെക്കുറിച്ചോ ഭീഷണി സന്ദേശത്തിന് പിന്നിൽ ആരാണെന്നതിനെക്കുറിച്ചോ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
അതേസമയം, ഭീഷണി സന്ദേശത്തിന്റെ പേരുപറഞ്ഞ് തങ്ങളുടെ നേതാക്കളുടെ ജാമ്യാപേക്ഷ നിയമപരമായി പരിഗണിക്കുന്നത് മനഃപൂർവ്വം നീട്ടിക്കൊണ്ടുപോയെന്ന് കാണിച്ച് കോക്രോച്ച് ജനതാ പാർട്ടി രംഗത്തെത്തി. സൗരവ് ദാസിനെയും അശുതോഷ് റങ്കയെയും ജുഡീഷ്യൽ കസ്റ്റഡിയിൽ നിന്ന് വിട്ടയക്കുന്നത് സംബന്ധിച്ച നടപടികളുമായി ഈ ഭീഷണിക്ക് യാതൊരു ബന്ധവുമില്ലെന്നാണ് പാർട്ടിയുടെ വാദം. സമരകേന്ദ്രമല്ലാതാക്കിയ ജന്തർ മന്ദിറിൽ അതിക്രമിച്ചു കടന്നുവെന്നാരോപിച്ച് കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. രാത്രിയോടെ അറസ്റ്റ് രേഖപ്പെടുത്തി ബുധനാഴ്ച മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇവരെ അഞ്ച് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയായിരുന്നു
നടപടികൾ മനഃപൂർവ്വം താളംതെറ്റിച്ചതിൽ നിരാശ രേഖപ്പെടുത്തി സിജെപി ലീഗൽ ടീം മേധാവി രത്ന സിങ് രംഗതെത്തി. ജാമ്യാപേക്ഷാ നടപടികൾ പലതവണ വൈകിപ്പിച്ചെന്നും, കേസിന്റെ നിയമവശങ്ങൾ പരിശോധിക്കുന്നതിന് പകരം വ്യാജ ഭീഷണി സന്ദേശത്തിലേക്ക് ശ്രദ്ധതിരിക്കാനാണ് മജിസ്ട്രേറ്റ് ശ്രമിച്ചതെന്നും അവർ കുറ്റപ്പെടുത്തി. രാവിലെ മുതൽ തങ്ങൾ കാത്തിരിക്കുകയാണെന്നും ഉച്ചയ്ക്ക് 12 മണിക്ക് വിചാരണ നടക്കുമെന്നാണ് അറിയിച്ചിരുന്നതെന്നും അവർ വ്യക്തമാക്കി. വെരിഫിക്കേഷനും മറ്റ് ഔദ്യോഗിക നടപടികളും പൂർത്തിയായിട്ടും ഉച്ചയ്ക്ക് ഒന്നരയോടെ സ്റ്റേഷനിലെത്തിയ മജിസ്ട്രേറ്റ് വൈകുന്നേരം അഞ്ച് മണിക്കാണ് കോടതിയിലേക്ക് പ്രവേശിച്ചതെന്നും അവർ ആരോപിച്ചു.
നേതാക്കളെ കസ്റ്റഡിയിൽ നിന്ന് വിട്ടയക്കണമോ എന്ന കാര്യം വിശദമായി കേൾക്കാൻ തയ്യാറാകാതെ ഏകപക്ഷീയമായ പരാമർശങ്ങളാണ് ഉണ്ടായതെന്ന് രത്ന സിങ് ചൂണ്ടിക്കാട്ടി. കഴിഞ്ഞ നാല് ദിവസമായി എത്താതിരുന്ന പബ്ലിക് പ്രോസിക്യൂട്ടർ തിങ്കളാഴ്ച നേരിട്ടെത്തി മിനിറ്റുകൾക്കകം ഭീഷണി സന്ദേശം ലഭിച്ചതായി മജിസ്ട്രേറ്റ് പ്രഖ്യാപിക്കുകയായിരുന്നു. പിന്നീട് ചർച്ചകൾ മുഴുവൻ ആ സന്ദേശത്തെ ചുറ്റിപ്പറ്റിയാക്കി മാറ്റി. ജാമ്യം നൽകുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായിട്ടും നേതാക്കളുടെ മോചനം തടയാൻ ആസൂത്രിതമായി ഉണ്ടാക്കിയ നാടകമാണിതെന്നും അവർ ആരോപിച്ചു. മറ്റൊരു മജിസ്ട്രേറ്റിന് മുന്നിൽ ഇന്ന് ഇരുവരുടെയും ജാമ്യഹർജി പരിഗണനക്ക് വരുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates