ഫോട്ടോ: ട്വിറ്റർ 
India

മിസോറമിലേക്കുള്ള നാല് ട്രക്കുകള്‍ അസം അതിര്‍ത്തിയില്‍ തകര്‍ത്തു; സംഘര്‍ഷത്തില്‍ അയവില്ല

മിസോറമിലേക്കുള്ള നാല് ട്രക്കുകള്‍ അസം അതിര്‍ത്തിയില്‍ തകര്‍ത്തു; അതിര്‍ത്തി സംഘര്‍ഷത്തില്‍ അയവില്ല

സമകാലിക മലയാളം ഡെസ്ക്

ഗുവാഹത്തി: അസം- മിസോറം അതിര്‍ത്തി സംഘര്‍ഷത്തില്‍ ഇപ്പോഴും അയവു വന്നിട്ടില്ലെന്ന് റിപ്പോര്‍ട്ടുകള്‍. വെള്ളിയാഴ്ച രാത്രിയും അതിര്‍ത്തിയില്‍ സംഘര്‍ഷമുണ്ടായതായാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. അസമിലെ കചാര്‍ ജില്ലയിലാണ് വെള്ളിയാഴ്ച സംഘര്‍ഷമുണ്ടായത്. 

മിസോറമിലേക്ക് പോകുകയായിരുന്ന നാല് ട്രക്കുകള്‍ അസമില്‍ വച്ച് തകര്‍ത്തെന്ന് ആരോപിച്ചാണ് സംഘര്‍ഷം വീണ്ടും ഉടലെടുത്തത്. കചാര്‍ ജില്ലയില്‍ വച്ചാണ് ട്രക്കുകള്‍ തകര്‍ത്തെന്ന ആരോപണത്തിന് പിന്നാലെയായിരുന്നു സംഘര്‍ഷം. മിസോറമിലേക്കുള്ള ചരക്കു വാഹനങ്ങള്‍ക്ക് പോകാന്‍ അസം സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഈ ഉത്തരവ് കാറ്റില്‍പ്പറത്തിയാണ് ട്രക്കുകള്‍ തകര്‍ത്തത് എന്നാണ് ഇപ്പോള്‍ ഉയരുന്ന ആരോപണം. 

അസമിലെ കരിംഗഞ്ചില്‍ നിന്ന് മുട്ടകളുമായി മിസോറമിലേക്ക് പോകുകയായിരുന്ന ട്രക്കുകളാണ് കചാര്‍ ജില്ലയില്‍ വച്ച് പ്രദേശ വാസികള്‍ തടഞ്ഞത്. സാധനങ്ങളുമായി എങ്ങോട്ടാണ് പോകുന്നതെന്ന് ജനക്കൂട്ടം തിരക്കിയപ്പോള്‍ മിസോറമിലേക്കാണെന്ന് ഡ്രൈവര്‍ മറുപടി നല്‍കി. ഇതിന് പിന്നാലെ ആള്‍ക്കൂട്ടം ട്രക്കുകള്‍ തല്ലിത്തകര്‍ക്കുകയും മുട്ടകള്‍ റോഡില്‍ വലിച്ചെറിയുകയുമായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

സംഭവത്തിന് പിന്നാലെ പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കി. 

ജൂലൈ 26 ന് അതിര്‍ത്തിയില്‍ രണ്ട് സംസ്ഥാനങ്ങളിലെയും പൊലീസ് സേനകള്‍ തമ്മിലുള്ള ഏറ്റുമുട്ടലിനെ തുടര്‍ന്നാണ് അസം മിസോറം സംഘര്‍ഷം ഉടലെടുത്തത്. ആറ് അസം പൊലീസ് ഉദ്യോഗസ്ഥരും ഒരു സാധാരണക്കാരനും ഉള്‍പ്പെടെ ഏഴ് പേര്‍ മരിക്കുകയും 50 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 

കഴിഞ്ഞ ദിവസം ഇരു സംസ്ഥാനങ്ങളിലേയും സര്‍ക്കാരുകള്‍ ഒരു സംയുക്ത പ്രസ്താവനയില്‍ ഒപ്പുവച്ചിരുന്നു. അതിര്‍ത്തിയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷങ്ങള്‍ പരിഹരിക്കാനും ചര്‍ച്ചകളിലൂടെ ശാശ്വത പരിഹാരങ്ങള്‍ കണ്ടെത്താനും തീരുമാനവുമെടുത്തു. മിസോറാമിലേക്ക് വാഹനങ്ങള്‍ പോകാന്‍ അനുവദിക്കണമെന്ന് വെള്ളിയാഴ്ച അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ ജനങ്ങളോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിന് പിന്നാലെയായിരുന്നു വീണ്ടും സംഘര്‍ഷം ഉടലെടുത്തത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അവളെ നടുവിന് ചവിട്ടി പുറത്തിട്ടു, എന്നെയും വലിച്ച് പുറത്തിടാന്‍ ശ്രമിച്ചു'; അതിക്രമത്തിന്റെ നടുക്കം മാറാതെ സുഹൃത്ത്

ഓട്ടോയില്‍ കയറിയ സ്ത്രീയുടെ മുഖത്ത് പെപ്പര്‍ സ്പ്രേ അടിച്ച് മാല പൊട്ടിക്കാന്‍ ശ്രമം; രണ്ടു പേര്‍ അറസ്റ്റില്‍

'ഞാനല്ല അതു ബംഗാളിയാണ്'; ഒടുവില്‍ കുറ്റം സമ്മതിച്ച് പ്രതി, വാതില്‍ക്കല്‍ നിന്നും മാറാത്തതിന്റെ ദേഷ്യത്തില്‍ ചവിട്ടിയെന്ന് മൊഴി

ശബരിമല സ്വര്‍ണക്കൊള്ള; മുന്‍ ദേവസ്വം പ്രസിഡന്റ് എന്‍ വാസുവിനെ ചോദ്യം ചെയ്ത് എസ്‌ഐടി

ഇന്ത്യയ്ക്ക് ലോകകിരീടം, ട്രെയിനിൽ നിന്ന് തള്ളിയിട്ട യുവതിയുടെ നില ​ഗുരുതരം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

SCROLL FOR NEXT