ഭോപ്പാൽ: സ്ത്രീധന പീഡനത്തെ തുടർന്ന് യുവതി മരിച്ചു. ഭർത്താവും ഭർതൃ മാതാവും നിർബന്ധിച്ച് ആസിഡ് കുടിപ്പിച്ച് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയാണ് മരിച്ചത്. മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് സംഭവം. ശശി ജാദവ് ആണ് ഡൽഹിയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.
മരണത്തിന് മണിക്കൂറുകൾക്ക് മുമ്പ് 'ആരെയും വെറുതെ വിടരുതെന്ന്' പറഞ്ഞ് യുവതി വീഡിയോ സന്ദേശം പൊലീസിന് കൈമാറിയിരുന്നു. ഇത് മരണ മൊഴിയായി കണക്കാക്കി അറസ്റ്റിലായ പ്രതികൾക്കെതിരേ കൊലക്കുറ്റം കൂടി ചുമത്തുമെന്ന് ഗ്വാളിയോർ എസ്പി അമിത് സാങ്കി മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ ഏപ്രിലിലാണ് ദബ്ര സ്വദേശിയായ വിരേന്ദ്ര ജാദവും ശശി ജാദവും വിവാഹിതരായത്. എന്നാൽ വിവാഹ ശേഷം അധിക സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവ് യുവതിയെ ഉപദ്രവിച്ചിരുന്നു. ജൂൺ 27ാം തീയതിയും പണം ആവശ്യപ്പെട്ട് ഉപദ്രവമുണ്ടായി. മൂന്ന് ലക്ഷം രൂപ മാതാപിതാക്കളിൽ നിന്ന് വാങ്ങി നൽകണമെന്നായിരുന്നു ഭർത്താവ് യുവതിയോട് ആവശ്യപ്പെട്ടത്. ഇതിന് വിസമ്മതിച്ചതോടെ ഭർത്താവും ഭർതൃ മാതാവും ഭർത്താവിന്റെ സഹോദരിയും ചേർന്ന് നിർബന്ധിച്ച് ആസിഡ് കുടിപ്പിക്കുകയായിരുന്നു.
ആസിഡ് ഉള്ളിൽച്ചെന്ന് അവശ നിലയിലായ യുവതിയെ ആദ്യം ഗ്വാളിയോറിലെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ആരോഗ്യ നില മോശമായതോടെ ഡൽഹിയിലെ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ വച്ചാണ് ഭർത്താവും കുടുംബാംഗങ്ങളും നിർബന്ധിച്ച് ആസിഡ് കുടിപ്പിച്ചതാണെന്ന് യുവതി മൊഴി നൽകിയത്.
സംഭവത്തിൽ ദബ്ര പൊലീസ് സ്ത്രീധന പീഡന നിയമപ്രകാരം മാത്രമാണ് ആദ്യം കേസെടുത്തത്. പിന്നാലെ വൻ വിമർശനമുയർന്നതോടെ കേസ് അന്വേഷിച്ച സബ് ഇൻസ്‌പെക്ടറെ സസ്‌പെൻഡ് ചെയ്തിരുന്നു. സംഭവത്തിൽ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മലിവാളും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് മൂന്ന് പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates