ചെന്നൈ: പ്രഗ്നാനന്ദയുടെ നേട്ടത്തിന് പിന്നിൽ തീർച്ചയായും അവന്റെ കഠിനാധ്വാനമാണ്. എന്നാൽ ആദ്യം നന്ദി പറയേണ്ടത് അവനൊപ്പം നിഴൽപോലെ നിന്ന അമ്മ നാഗലക്ഷ്മിയോടാണെന്ന് പ്രഗ്നാനന്ദയുടെ അച്ഛൻ രമേഷ് ബാബു. ജന്മനാ പോളിയോ ബാധിച്ചയാളാണ് രമേഷ് ബാബു. യാത്ര ചെയ്യാൻ ബുദ്ധിമുട്ടുള്ളതിനാൽ പ്രഗ്നാനന്ദയ്‌ക്ക് കൂട്ടുപോകുന്നത് അമ്മ നാഗലക്ഷ്‌മിയാണ്. മത്സരവേദികളിൽ മകനു കൂട്ടിരിക്കുന്ന അമ്മയുടെ ചിത്രങ്ങൾ സോഷ്യൽമീഡിയയിലടക്കം പ്രചരിച്ചതിന് പിന്നാലെയാണ് രമേഷ് ബാബുവിന്റെ വാക്കുകൾ.
ടിവിക്ക് മുന്നിൽ ഇരിക്കുന്നത് പഠനത്തിലെ ശ്രദ്ധ നഷ്ടപ്പെടാൻ കാരണമാകുമെന്നു തോന്നിയപ്പോഴാണ് രമേഷ് ബാബുവും ഭാര്യ നാഗലക്ഷ്മിയും തങ്ങളുടെ മൂത്ത മകൾ വൈശാലിയെ ചെസ് പഠിക്കാൻ അയച്ചത്. ചേച്ചിക്കൊപ്പം നേരം പോക്കിനാണ് കുഞ്ഞു പ്രഗ്നാനന്ദ ആദ്യം ചെസ് കളി തുടങ്ങുന്നത്. ചെസിൽ അവനുള്ള താൽപര്യം കൂടി വരുന്നത് കണ്ടതോടെയാണ് ടൂർണമെന്റുകളിൽ മത്സരിപ്പിക്കാൻ തീരുമാനിക്കുന്നത്.
‘മക്കൾ കളിക്കുമ്പോൾ ചെസ് കാണാറുണ്ട്. അല്ലാതെ ചെസിനെക്കുറിച്ച് വലിയ പിടിയില്ല. അവന്റെ നേട്ടങ്ങളുടെ വലുപ്പം മനസ്സിലായത് മറ്റു പലരും പറഞ്ഞറിഞ്ഞാണെന്നും ബാങ്ക് ജീവനക്കാരനായ രമേഷ് ബാബു പറയുന്നു. മത്സരത്തിന്റെ തലേന്ന് അമ്മയേയും മകനെയും ഫോണിൽ ബന്ധപ്പെട്ട് സുഖവിവരങ്ങൾ അന്വേഷിക്കുകയും ‘ഓൾ ദ് ബെസ്റ്റ്’ പറയുകയും ചെയ്യുന്ന പതിവുണ്ട്. എന്നാൽ സെമി ഫൈനലിന് മുൻപ് വിളിക്കാൻ സാധിച്ചില്ല.
കരുവാനയ്ക്കെതിരെ കടുത്ത പോരാട്ടത്തിനൊടുവിലാണ് അവൻ ജയിച്ചതെന്ന് അറിഞ്ഞു. ലോകോത്തര താരങ്ങളെ തോൽപിക്കാൻ മാത്രം മകൻ വളർന്നു എന്നറിയുന്നതിൽ കൂടുതൽ സന്തോഷം ഒരു അച്ഛന് വേറെ എന്താണു വേണ്ടത്– രമേഷ് പറയുന്നു. പ്രഗ്നാന്ദയെ പോലെ അവന്റെ അമ്മയും കയ്യടി അർഹിക്കുന്നു. എല്ലാ ടൂർണമെന്റുകൾക്കും അമ്മ ഒപ്പമുണ്ടെങ്കിൽ ആ സാന്നിധ്യം നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. ഈ സ്പെഷൽ സപ്പോർട്ട് എന്നും തുടരട്ടെ എന്ന് മുൻ ലോകചാംപ്യൻ റഷ്യയുടെ ഗാരി കാസ്പോവ് എക്സിൽ കുറിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates