പ്രതീകാത്മക ചിത്രം 
India

ജനിക്കാന്‍ പോകുന്ന കുഞ്ഞ് പിതാവിന്റെ 'പുനര്‍ജന്മം', ഗര്‍ഭഛിദ്രം നടത്തി; ഭാര്യാമാതാവിനെ താലിയം കൊടുത്ത് കൊന്നു, ഭാര്യ കോമയില്‍, ആറുവര്‍ഷത്തെ പക, പ്രചോദനം സദ്ദാം ഹുസൈന്‍

 ഭാര്യാമാതാവിനെ കൊലപ്പെടുത്തിയ കേസില്‍ ബിസിനസുകാരന്‍ അറസ്റ്റില്‍

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  ഭാര്യാമാതാവിനെ കൊലപ്പെടുത്തിയ കേസില്‍ ബിസിനസുകാരന്‍ അറസ്റ്റില്‍. ഡല്‍ഹിയിലെ ഗ്രേറ്റര്‍ കൈലാഷില്‍ താമസിക്കുന്ന വരുണ്‍ അറോറ(37)യെയാണ് ഡല്‍ഹി പൊലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. താലിയം എന്ന മാരക വിഷവസ്തു ഭക്ഷണത്തില്‍ കലര്‍ത്തി നല്‍കിയാണ് വരുണ്‍ ഭാര്യാമാതാവിനെ കൊലപ്പെടുത്തിയതെന്നും ഇതേ ഭക്ഷണം കഴിച്ച വരുണിന്റെ ഭാര്യ ഇപ്പോഴും കോമയിലാണെന്നും പൊലീസ് പറഞ്ഞു. ശത്രുക്കളെ ഇല്ലായ്മ ചെയ്യാന്‍ സദ്ദാംഹുസൈന്‍ സ്വീകരിച്ച രീതിയില്‍ പ്രചോദനം ഉള്‍ക്കൊണ്ടാണ് യുവാവ് താലിയം ഉപയോഗിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായി പൊലീസ് പറയുന്നു.

വരുണിന്റെ ഭാര്യാപിതാവും ഹോമിയോ മരുന്ന് നിര്‍മാതാവുമായ ദേവേന്ദ്ര മോഹന്‍ ശര്‍മ മാര്‍ച്ച് 21-ന് പൊലീസില്‍ പരാതി നല്‍കിയതോടെയാണ് ആസൂത്രിതമായ കൊലപാതകത്തിന്റെ ചുരുളഴിയുന്നത്. തന്റെ ഭാര്യ അനിത ശര്‍മ്മ ഗംഗാറാം ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചെന്നും മരുമകന്‍ കൊലപ്പെടുത്തിയതാണെന്ന് സംശയിക്കുന്നു എന്നതുമാണ് ദേവേന്ദ്രയുടെ പരാതി. പാചകം ചെയ്ത മീന്‍ മരുമകന്‍ കഴിച്ചില്ലെന്നും കൊച്ചുമക്കളെ കഴിക്കാന്‍ അനുവദിച്ചില്ലെന്നും ഇദ്ദേഹം പൊലീസി്‌നോട് പറഞ്ഞു. തുടര്‍ന്ന് പൊലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് സംഭവം കൊലപാതകമാണെന്ന് കണ്ടെത്തിയത്. 

അനിത ശര്‍മ്മയുടെ മൃതദേഹപരിശോധനയില്‍ ശരീരത്തില്‍ താലിയത്തിന്റെ സാന്നിധ്യം ഉയര്‍ന്ന അളവില്‍ കണ്ടെത്തി. പിന്നാലെ ആശുപത്രിയില്‍ കഴിയുന്ന വരുണിന്റെ ഭാര്യയുടെ രക്തപരിശോധനയിലും താലിയത്തിന്റെ സാന്നിധ്യം വ്യക്തമായി. ഇതോടെയാണ് വരുണിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തത്. 

അതിനിടെ വരുണിന്റെ ലാപ്ടോപ്പും മറ്റും പൊലീസ് വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ഈ പരിശോധനയിലാണ് താലിയത്തെക്കുറിച്ചും അത് എങ്ങനെ ശരീരത്തില്‍ പ്രവര്‍ത്തിക്കും എന്നതിനെക്കുറിച്ചും പ്രതി തിരഞ്ഞതായി കണ്ടെത്തി. മാത്രമല്ല, സദ്ദാംഹുസൈന്റെ പുസ്തകത്തില്‍ ഇതേരീതിയില്‍ എതിരാളികളെ ഇല്ലാതാക്കിയ സംഭവങ്ങളും വിശദീകരിച്ചിരുന്നു. ഈ പുസ്തകത്തെക്കുറിച്ചും അതിലെ പേജുകളും ലാപ്ടോപ്പില്‍നിന്ന് കണ്ടെടുത്തു. ഓണ്‍ലൈന്‍ വഴിയാണ് പ്രതി താലിയം വാങ്ങിയതെന്ന് മനസിലായതോടെ ഇത് നല്‍കിയ ആളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. കൊറോണ വൈറസിന് ഹോമിയോ മരുന്ന് നിര്‍മിക്കാന്‍ തന്റെ ഭാര്യാപിതാവിന് താലിയം ആവശ്യമുണ്ടെന്ന് പറഞ്ഞാണ് വരുണ്‍ താലിയം ഓര്‍ഡര്‍ ചെയ്തതെന്ന് ഇയാള്‍ മൊഴി നല്‍കി. വരുണിനെ ഇയാള്‍ തിരിച്ചറിയുകയും ചെയ്തു. പിന്നാലെ വരുണ്‍ അറോറയെ പൊലീസ് അറസ്റ്റ് ചെയ്യുകയും ഇയാള്‍ കുറ്റം സമ്മതിക്കുകയുമായിരുന്നു. 

ആറ് വര്‍ഷം മനസില്‍ കൊണ്ടുനടന്ന പ്രതികാരമാണ് തന്നെ കൃത്യത്തിലേക്ക് നയിച്ചതെന്നാണ് വരുണ്‍ അറോറ പോലീസിന് നല്‍കിയ മൊഴി. 
ആറ് വര്‍ഷം മുമ്പ് വരുണിന്റെ പിതാവ് മരിച്ചിരുന്നു. പിന്നാലെ വരുണിന്റെ ഭാര്യ ഗര്‍ഭിണിയായി. ജനിക്കാന്‍ പോകുന്ന കുഞ്ഞ് പിതാവിന്റെ പുനര്‍ജന്മമാണെന്ന് പ്രതി വിശ്വസിച്ചു. എന്നാല്‍ ആരോഗ്യനില മോശമായതോടെ ഭാര്യയ്ക്ക് ഗര്‍ഭഛിദ്രം നടത്തണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. വരുണ്‍ ഇതിനെ എതിര്‍ത്തെങ്കിലും ഭാര്യയും ഭാര്യയുടെ മാതാപിതാക്കളും ഗര്‍ഭഛിദ്രം നടത്തുകയായിരുന്നു. ഇതിന്റെ പ്രതികാരത്തിലാണ് ഭാര്യയെയും അവരുടെ കുടുംബാംഗങ്ങളെയും കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്നായിരുന്നു പ്രതിയുടെ വെളിപ്പെടുത്തല്‍. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം