ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനത്തിന് പിന്നാലെ വാര്‍ത്തകളില്‍ നിറഞ്ഞ അല്‍-ഫലാഹ് സര്‍വകലാശാല ചുറ്റിപ്പറ്റിയുള്ള ദുരൂഹതകള്‍ വര്‍ധിക്കുന്നു. ഭീകര ശൃംഖലയുമായി അല്‍-ഫലാഹ് സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്ക് നേരത്തെയും ബന്ധം ഉണ്ടായിരുന്നു എന്ന നിലയിലാണ് പുതിയ റിപ്പോര്‍ട്ടുകള്‍. നവംബര്‍ 10-ന് ചെങ്കോട്ടയില്‍ നടന്ന സ്‌ഫോടവുമായി ബന്ധമുള്ള ഡോ. ഉമര്‍ നബിയാണ് സര്‍വകലാശാലയെ അരോപണ നിഴലിലേക്ക് എത്തിച്ചത്.
എന്നാല്‍, ഭീകര സംഘടനയുമായി ബന്ധമുള്ള സര്‍വകലാശാലയിലെ ആദ്യ വ്യക്തിയല്ല ഉമര്‍ നബിയെന്നാണ് റിപ്പോര്‍ട്ടുകള്‍. അഹമ്മദാബാദ്, ജയ്പൂര്‍ സ്‌ഫോടനക്കേസുകളിലെ പ്രതിയുടെ പശ്ചാത്തലങ്ങളും അല്‍ ഫലാഹ് സര്‍വകലാശാലയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.
2008 ലെ അഹമ്മദാബാദ് സ്‌ഫോട പരമ്പര കേസിലെ പ്രതിയും ഇന്ത്യന്‍ മുജാഹിദീനിന്റെ സജീവ അംഗമായ മിര്‍സ ഷദാബ് ബേഗ് 2007 ല്‍ ഇലക്ട്രോണിക്‌സ് & ഇന്‍സ്ട്രുമെന്റേഷനില്‍ ബിടെക് പൂര്‍ത്തിയാക്കിയത് ഫരീദാബാദിലെ അല്‍-ഫലാഹ് എന്‍ജിനീയറിങ് കോളജില്‍ നിന്നാണെന്നാണ് റിപ്പോര്‍ട്ട്. സ്‌ഫോടനങ്ങള്‍ക്ക് പിന്നാലെ ഒളിവില്‍ പോയ ഇയാള്‍ നിലവില്‍ അഫ്ഗാനിസ്ഥാനിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇന്‍സ്ട്രുമെന്റേഷന്‍ എന്‍ജിനീയറിങ്ങിലെ പശ്ചാത്തലം ഇയാള്‍ ബോംബ് നിര്‍മ്മാണത്തില്‍ ഉപയോഗിച്ചെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
2008ലെ ജയ്പൂര്‍ സ്‌ഫോടനക്കേസിലും ഷദാബ് ബേഗിന്റെ പങ്കാണ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. ഉഡുപ്പിയില്‍ നിന്നും സ്‌ഫോടക വസ്തുക്കള്‍ ശേഖരിച്ചു, റിയാസ്, യാസിന്‍ ഭട്കല്‍ എന്നിവര്‍ക്ക് എത്തിച്ചു നല്‍കിയതും ഷദാബ് ബേഗാണെന്നാണ് അധികൃതരുടെ വാദം.
ആറ് പേര്‍ക്ക് പരിക്കേല്‍ക്കാന്‍ ഇടയായ 2007-ലെ ഗോരഖ്പൂര്‍ പരമ്പര സ്‌ഫോടനങ്ങളുമായി ബന്ധപ്പെട്ടും ഷദാബ് ബേഗിന്റെ പേര് ചര്‍ച്ചയായിരുന്നു. 2008-ല്‍ ഇന്ത്യന്‍ മുജാഹിദീനുമായുള്ള ബന്ധം പുറത്തായതിന് പിന്നാലെ ഇയാള്‍ ഒളിവിലാണ്. ഗോരഖ്പൂര്‍ പോലീസ് ഇയാളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുകയും ചെയ്തിരുന്നു. ഷദാബ് ബേഗിനെ പിടികൂടാന്‍ സഹായിക്കുന്ന വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് അധികൃതര്‍ ഒരു ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്. അഫ്ഗാനിസ്ഥാനില്‍ ഉണ്ടെന്നാണ് 2019 ല്‍ അവസാനമായി ലഭിച്ച വിവരം.
ഡല്‍ഹി സ്‌ഫോടനത്തിന് പിന്നാലെ, അല്‍ ഫലാഹ് സര്‍വകലാശാലയ്ക്ക് മേല്‍ ഇഡി അന്വേഷണം ഉള്‍പ്പെടെ ആരംഭിച്ചിരുന്നു. വഞ്ചന, വ്യാജ അക്രഡിറ്റേഷന്‍ അവകാശവാദം, അല്‍-ഫലാഹ് സര്‍വകലാശാല നിന്നുള്ള ഫണ്ട് വകമാറ്റല്‍ എന്നിവയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ നേരത്തെ അല്‍ ഫലാഹ് ഗ്രൂപ്പ് ചെയര്‍മാന്‍ ജവാദ് അഹമ്മദ് സിദ്ദിഖിയെയും അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ പിന്നീട് ഇഡി കസ്റ്റഡിയില്‍ വിടുകയും ചെയ്തിട്ടുണ്ട്. ഇതിന് പുറമെ വ്യാജ രേഖ ചമയ്ക്കല്‍, വഞ്ചന കുറ്റങ്ങള്‍ പ്രകാരം രണ്ട് കേസുകള്‍ ഡല്‍ഹി പൊലീസും ചുമത്തിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates