ന്യൂഡല്‍ഹി: റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്റെ (ഐആര്‍സിടിസി) രണ്ട് ഹോട്ടലുകള്‍ പാട്ടത്തിന് നല്‍കിയതുമായി ബന്ധപ്പെട്ട ക്രമക്കേടില്‍ ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ്, ഭാര്യ റാബ്‌റി ദേവി, മകന്‍ തേജസ്വി യാദവ് എന്നിവര്‍ക്കെതിരെ കുറ്റം ചുമത്താന്‍ കോടതി ഉത്തരവ്. ലാലു പ്രസാദ് യാദവ് അടക്കം ഒമ്പത് പേര്‍ക്കെതിരെയാണ് ഡല്‍ഹി കോടതി കള്ളപ്പണം വെളുപ്പിക്കല്‍ കുറ്റം ചുമത്തിയത്.
കേസില്‍ ഉള്‍പ്പെട്ടിരുന്ന മറ്റ് ഏഴ് പേരെ കോടതി വെറുതെ വിട്ടു. ലാലു പ്രസാദ് യാദവ് കേന്ദ്ര റെയില്‍വേ മന്ത്രിയായിരുന്ന കാലത്താണ് അഴിമതി നടന്നത്. റാഞ്ചിയിലെയും പുരിയിലെയും ഹോട്ടലുകളുടെ പാട്ടക്കരാറുമായി ബന്ധപ്പെട്ട് റെയില്‍വേ ഉദ്യോഗസ്ഥര്‍ ടെന്‍ഡര്‍ നടപടികളില്‍ തിരിമറി നടത്തിയതായാണ് കണ്ടെത്തല്‍. ഈ ഹോട്ടലുകളുടെ ഡയറക്ടര്‍മാര്‍ ബിഹാറിലെ പട്‌നയിലുള്ള വിലയേറിയ ഭൂമി ലാലുവിന്റെ അടുത്ത അനുയായിയായ സര്‍ള ഗുപ്തയ്ക്ക് കൈമാറി. തുടര്‍ന്ന് അവര്‍ ആ ഓഹരികള്‍ തുച്ഛമായ തുകയ്ക്ക് റാബ്‌റി ദേവിക്ക് കൈമാറിയെന്നാണ് ആരോപണം.
വിജയ് കൊച്ചാര്‍, വിനയ് കൊച്ചാര്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള എം/എസ് സുജാത ഹോട്ടല്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന് പുരി, റാഞ്ചി എന്നിവിടങ്ങളിലെ രണ്ട് ഹോട്ടലുകളുടെ ഉപപാട്ടാവകാശം നല്‍കുന്നതിനായി ലാലു പ്രസാദും ഐആര്‍സിടിസി ഉദ്യോഗസ്ഥരും ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തു. പൊതു കരാറുകള്‍ നല്‍കിയതിന് പകരം സ്വകാര്യ സ്വത്തുക്കളും ഭൂമിയും കമ്പനി ഓഹരികളും യാദവ് കുടുംബത്തിന് നിസ്സാര വിലയ്ക്ക് കൈമാറിയ ഒരു പരസ്പര സഹായ ക്രമീകരണമായിരുന്നുവെന്നുമാണ് കണ്ടെത്തല്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates