Ladakh Protests x
India

ലഡാക്ക് സംഘർഷം; പ്രതിഷേധക്കാരുമായി കേ​ന്ദ്രത്തിന്റെ സമവായ ചർച്ച ഇന്ന്

ഇന്റർനെറ്റ് വിലക്ക് തുടരും

സമകാലിക മലയാളം ഡെസ്ക്

ശ്രീന​ഗർ: ലഡാക്ക് സംഘർഷത്തിൽ പ്രതിഷേധക്കാരുമായി കേന്ദ്ര സർക്കാർ ഇന്ന് ചർച്ച നടത്തും. ലഡാക്ക് അപ്പക്സ് ബോഡി, കാർ​ഗിൽ ഡെമോക്രാറ്റിക് അലയൻസ് എന്നീ സംഘടനകളുമായി ആഭ്യന്തര മന്ത്രാലയ പ്രതിനിധികളാണ് ചർച്ച നടത്തുന്നത്. പ്രാരംഭ ചർച്ചയാണെന്നും തുടർ ഘട്ടങ്ങളുണ്ടാകുമെന്നും കേന്ദ്ര സർക്കാർ വൃത്തങ്ങൾ സൂചന നൽകി.

ലഡാക്കിനു സംസ്ഥാന പ​​ദവി, സ്വയംഭരണാവകാശം തുടങ്ങിയ വിഷയങ്ങളിലാണ് ചർച്ചയെങ്കിലും ഇക്കാര്യത്തിൽ ഉടനടിയൊരു തീരുമാനം കേന്ദ്രം കൈക്കൊള്ളില്ല. സംവരണ പരിധി ഉയർത്തുന്നതടക്കമുള്ള നിർദ്ദേശങ്ങൾ കേന്ദ്രം മുന്നോട്ടു വയ്ക്കാൻ സാധ്യതയുണ്ട്. പിന്നാക്ക സംവരണ പരിധി ഉയർത്താനും സർക്കാർ ജോലികളിൽ തസ്തിക കൂട്ടാനും തയ്യാറാണെന്നും കേന്ദ്രം അറിയിച്ചേക്കും.

അതിനിടെ സംഘർഷ സാധ്യത മുൻനിർത്തി മേഖലയിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചിട്ടുണ്ട്. ആളുകൾ കൂട്ടം ചേരുന്നതിനു വിലക്കുണ്ട്. ഇന്റർനെറ്റ് വിലക്ക് തുടരും. കൂടുതൽ സുരക്ഷാ സേനയേയും വിന്യസിച്ചിട്ടുണ്ട്.

ലഡാക്ക് പ്രക്ഷോഭത്തിന്റെ നേതാവും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുകിന്റെ അറസ്റ്റിൽ പ്രതിപക്ഷം പ്രതിഷേധം അറിയിക്കും. എതിർ ശബ്ദങ്ങളെ രാജ്യ വിരുദ്ധതായി സർക്കാർ മുദ്ര കുത്തുന്നതായി പ്രതിപക്ഷം ആരോപിച്ചു. സർക്കാരിനു ഭയമാണെന്നും പ്രതിപക്ഷം ആരോപിച്ചു.

ദേശസുരക്ഷാ നിയമപ്രകാരമാണ് വാങ്ചുകിനെ കഴിഞ്ഞ ദിവസം ലേ പൊലീസ് അറസ്റ്റ് ചെയ്തത്. വാങ്ചുക്കിനെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയതായാണ് റിപ്പോര്‍ട്ടുകള്‍. ലഡാക്ക് സംഘര്‍ഷത്തിന് കാരണം സോനം വാങ്ചുക് ആണെന്ന് കേന്ദ്ര സര്‍ക്കാര്‍ ആരോപിച്ചിരുന്നു.

ലഡാക്കിന് സംസ്ഥാന പദവി ആവശ്യപ്പെട്ടു നടന്ന സമരം അക്രമാസക്തമായതിനെ തുടര്‍ന്നുണ്ടായ വെടിവയ്പില്‍ നാലു പേര്‍ ബുധനാഴ്ച കൊല്ലപ്പെട്ടിരുന്നു. സൈനികരടക്കം എണ്‍പതോളം പേര്‍ക്ക് പരിക്കേറ്റു. പ്രതിഷേധക്കാരും പൊലീസും നടത്തിയ ഏറ്റുമുട്ടലിലാണ് നാലുപേര്‍ കൊല്ലപ്പെട്ടത്.

വാങ്ചുക് ഉൾ‌പ്പെടെ 15 പേർ സെപ്റ്റംബർ 10 മുതൽ 35 ദിവസം നിരാഹാര സമരം പ്രഖ്യാപിച്ചിരുന്നു. നിരാഹാരമനുഷ്ഠിച്ച രണ്ടുപേരുടെ ആരോഗ്യനില മോശമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനു പിന്നാലെ ലേയിലെ ബുദ്ധമത വിശ്വാസികളുടെ സംഘടനയായ ലേ ഏപ്പെക്സ് ബോഡിയുടെ യുവജന സംഘടനയാണ് ലേയിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചത്. പ്രതിഷേധത്തെ നേപ്പാളിലെ ജെൻ സീ കലാപത്തോടും ബംഗ്ലദേശിലെ ജനകീയ പ്രക്ഷോഭത്തോടും ഉപമിച്ച വാങ്ചുകിന്റെ പ്രസ്താവനകളാണ് കലാപം അക്രമാസക്തമായതിന് കാരണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആരോപിച്ചിരുന്നു

വാങ്ചുകിന്റെ സന്നദ്ധ സംഘടനയായ ദ സ്റ്റുഡന്റ്സ് എജ്യുക്കേഷനൽ ആൻഡ് കൾച്ചറൽ മൂവ്മെന്റ് ഓഫ് ലഡാക്കിന്റെ ലൈസൻസും കേന്ദ്രം റദ്ദാക്കിയിരുന്നു. വിദേശ സംഭാവന നിയന്ത്രണ നിയമം ലംഘിച്ചെന്നാരോപിച്ചായിരുന്നു നടപടി. സോനം വാങ്ചുക് സംഘർഷം ഉണ്ടാക്കാൻ ​ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് ലഡാക്ക് ലഫ്റ്റനന്റ് ​ഗവർണർ കവീന്ദർ സിങ് രം​ഗത്തു വന്നിരുന്നു. 2019ൽ ജമ്മു കശ്‌മീരിന്റെ പ്രത്യേക പദവി നരേന്ദ്രമോദി സർക്കാർ ഏകപക്ഷീയമായി എടുത്തുകളഞ്ഞതോടെയാണ്‌ ലഡാക്ക്‌ കേന്ദ്രഭരണ പ്രദേശമായി മാറിയത്‌.

Ladakh Protests: Leh Police arrested activist Sonam Wangchuk following the cancellation of his NGO's license amidst escalating tensions in Ladakh.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

യുഎഇ ക്യാമ്പിങ് നിയമങ്ങൾ : മാലിന്യം വലിച്ചെറിഞ്ഞാൽ, 30,000 മുതൽ10 ലക്ഷം ദിർഹം വരെ പിഴ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

'ടിഎന്‍ പ്രതാപന്‍ ഒരു രൂപ പോലും തന്നില്ല, സുരേഷ് ഗോപി എംപിയായപ്പോള്‍ ഒരു കോടി തന്നു; എല്‍ഡിഎഫിന് വേണ്ടി പ്രചരണത്തിനിറങ്ങില്ല'

SCROLL FOR NEXT