ന്യൂഡൽഹി: ഡൽഹി ഭരണ നിയന്ത്രണ ബിൽ ലോക്സഭ പാസാക്കി. പ്രതിപക്ഷ പ്രതിഷേധത്തിനിടെയാണ് ബിൽ പാസാക്കിയത്. ശബ്ദ വോട്ടോടെയാണ് ബിൽ പാസായത്. അതിനിടെ ബിൽ കീറി എറിഞ്ഞ എഎപി എംപി സുശീൽ കുമാർ റിങ്കുവിനെ സസ്പെൻഡ് ചെയ്തു. ഈ സഭാ സമ്മേളന കാലം കഴിയും വരെയാണ് സസ്പെൻഷൻ.
ഉദ്യോഗസ്ഥരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട കേസിൽ ഡൽഹി സർക്കാരിനു അനുകൂലമായ സുപ്രീം കോടതി വിധി മറികടക്കാൻ കൊണ്ടുവന്ന ഓർഡിനൻസിനു പകരമാണ് ബിൽ അവതരിപ്പിച്ചത്. ബിൽ ജനാധിപത്യ വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി പ്രതിപക്ഷം ഇറങ്ങി പോയിരുന്നു. ഇറങ്ങിപ്പോകുന്നതിനിടെ റിങ്കു ബിൽ കീറി സ്പീക്കറുടെ ചെയറിനു നേരെ എറിഞ്ഞിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി പാർലമെന്ററി കാര്യ മന്ത്രി പ്രൾഹാദ് ജോഷി കൊണ്ടുവന്ന സസ്പെൻഷൻ പ്രമേയം സഭ ശബ്ദ വോട്ടോടെ അംഗീകരിച്ചു.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ബിൽ അവതരിപ്പിച്ചത്. ജനത്തെ സേവിക്കുന്നതിനു പകരം പോരാടാൻ മാത്രമായി ഒരു സർക്കാർ 2015ൽ ഡൽഹിയിൽ അധികാരത്തിലെത്തി. ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തീരുമാനമെടുക്കാനുള്ള അവകാശമല്ല അവർ ലക്ഷ്യമിടുന്നത്. ബംഗ്ലാവുകൾ പണിയുന്നതിൽ ഉൾപ്പെടെ അവർ നടത്തുന്ന അഴിമതികൾ മറയ്ക്കാൻ വിജിലൻസ് വകുപ്പിന്റെ നിയന്ത്രണം കൈയടക്കുകയാണെന്നു അമിത് ഷാ ബിൽ അവതരിപ്പിക്കവേ വിമർശിച്ചു.
ബില്ലിനെ കുറിച്ചു സംസാരിക്കവേ, ജവഹർലാൽ നെഹ്റു, സർദാർ വല്ലഭായ് പട്ടേൽ, രാജഗോപാൽ ആചാരി, രാജേന്ദ്ര പ്രസാദ്, ഡോ. ബിആർ അംബേദ്കർ തുടങ്ങിയവർ ഡൽഹിക്ക് സമ്പൂർണ സംസ്ഥാന പദവി നൽകുന്നതിനെ എതിർത്തിരുന്നതായി അമിത് ഷാ പറഞ്ഞു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates