കൊടിക്കുന്നിൽ സുരേഷ്, ഓം ബിർല  ഫയൽ
India

ഓം ബിര്‍ലയ്ക്കായി 13 പ്രമേയങ്ങള്‍, കൊടിക്കുന്നിലിന് വേണ്ടി മൂന്ന്; 7 എംപിമാര്‍ക്ക് സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാനാകില്ല

അഞ്ചു പതിറ്റാണ്ടിന് ശേഷം ആദ്യമായിട്ടാണ് സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരം നടക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ലോക്‌സഭ സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഓം ബിര്‍ലയെ നിര്‍ദേശിച്ച് 13 പ്രമേയങ്ങള്‍. ആദ്യ പ്രമേയം പ്രധാനമന്ത്രി നരേന്ദ്രമോദിയുടേതാണ്. കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് പിന്താങ്ങി. പ്രതിപക്ഷമായ ഇന്ത്യ മുന്നണിയുടെ സ്ഥാനാര്‍ത്ഥി കൊടിക്കുന്നില്‍ സുരേഷിന് വേണ്ടി മൂന്നു പ്രമേയങ്ങളുമാണുള്ളത്. രാവിലെ 11 നാണ് തെരഞ്ഞെടുപ്പ്.

അഞ്ചു പതിറ്റാണ്ടിന് ശേഷം ആദ്യമായിട്ടാണ് സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരം നടക്കുന്നത്. ഏഴ് എംപിമാര്‍ക്ക് സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാനാകില്ല. പ്രതിപക്ഷത്തെ അഞ്ചും രണ്ട് സ്വതന്ത്ര എംപിമാര്‍ക്കുമാണ് സത്യപ്രതിജ്ഞ ചെയ്യാത്തതിനാല്‍ വോട്ടു ചെയ്യാന്‍ കഴിയാത്തത്. ഇതിൽ കോൺ​ഗ്രസിന്റെ ശശി തരൂർ, തൃണമൂൽ കോൺ​ഗ്രസിന്റെ ശത്രുഘ്നൻ സിൻഹ എന്നിവരും ഉൾപ്പെടുന്നു. പ്രതിപക്ഷത്തിന് 232 എംപിമാരും എന്‍ഡിഎയ്ക്ക് 293 എംപിമാരുമാണുള്ളത്. വൈഎസ് ആര്‍ കോണ്‍ഗ്രസിന്റെ നാല് എംപിമാര്‍ ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അതേസമയം അവസാന നിമിഷവും മത്സരസാധ്യത ഒഴിവാക്കാനുള്ള സന്നദ്ധത പ്രകടിപ്പിച്ച് ഇന്ത്യ മുന്നണി. ഡെപ്യൂട്ടി സ്പീക്കര്‍ പദവി പ്രതിപക്ഷത്തിന് നല്‍കാമെന്ന് ഭരണപക്ഷം ഉറപ്പു തന്നാല്‍ സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ നിന്നും ഇന്ത്യ മുന്നണി പിന്‍മാറാന്‍ തയ്യാറാണെന്ന് കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. ഇന്ത്യ മുന്നണി സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒട്ടും ആഗ്രഹിച്ചിരുന്നില്ല. സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഭരണപക്ഷം അടിച്ചേല്‍പ്പിച്ചതാണെന്നും കൊടിക്കുന്നില്‍ കുറ്റപ്പെടുത്തി.

ഡെപ്യൂട്ടി സ്പീക്കര്‍ പദവി പ്രതിപക്ഷത്തിന് നല്‍കുന്നതാണ് കാലങ്ങളായുള്ള കീഴ്‌വഴക്കം. ഇതു തെറ്റിച്ചത് ബിജെപിയാണ്. എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് പിന്തുണ തേടി കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ കണ്ടപ്പോള്‍, ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം നല്‍കിയാല്‍ പിന്തുണയ്ക്കാമെന്ന് അറിയിച്ചതാണ്. എന്നാല്‍ അത് പിന്നീട് തീരുമാനിക്കാമെന്നും, ആദ്യം സ്പീക്കര്‍ സ്ഥാനത്തേക്ക് പിന്തുണയ്ക്കാനുമാണ് ആവശ്യപ്പെട്ടത്. ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം നല്‍കാമെന്ന് ഉറപ്പു നല്‍കിയാല്‍ മത്സരത്തില്‍ നിന്നും പിന്മാറാന്‍ ഇന്ത്യ മുന്നണി തയ്യാറാണെന്നും കൊടിക്കുന്നില്‍ സുരേഷ് അറിയിച്ചു.

സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ ഒറ്റക്കെട്ടായി നീങ്ങാന്‍ ഇന്ത്യ മുന്നണി തീരുമാനിച്ചിട്ടുണ്ട്. കൊടിക്കുന്നില്‍ സുരേഷിനെ ഏകപക്ഷീയമായി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു എന്നുപറഞ്ഞ് അതൃപ്തി പ്രകടിപ്പിച്ച തൃണമൂല്‍ കോണ്‍ഗ്രസിനെ അനുനയിപ്പിച്ചു. ഇന്നലെ വൈകീട്ട് നടന്ന ഇന്ത്യ മുന്നണി നേതൃയോഗത്തില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ഗാന്ധി, തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഡെറക് ഒബ്രയാന്‍, കല്യാണ്‍ ബാനര്‍ജി, ആര്‍എസ്പിയുടെ എന്‍ കെ പ്രേമചന്ദ്രന്‍, സിപിഎമ്മിന്റെ കെ രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ലോക്സഭയിൽ ഇതുവരെ നടന്ന 22 സ്പീക്കർ തെരഞ്ഞെടുപ്പുകളിൽ 17 തവണ ഒരു സ്ഥാനാർത്ഥി മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആദ്യ ലോക്സഭയിൽ ഉൾപ്പെടെ 5 തവണ ഒന്നിലധികം സ്ഥാനാർത്ഥികൾ മത്സരരംഗത്തുണ്ടായിരുന്നു. രാജ്സ്ഥാനിലെ കോട്ടയിൽനിന്നുള്ള എംപിയാണ് എൻഡിഎ സ്ഥാനാർത്ഥിയായ ഓം ബിർല. കോൺഗ്രസിലെ പ്രഹ്ലാദ് ഗുഞ്ജലിനെ 41,924 വോട്ടുകൾക്ക് തോൽപ്പിച്ചാണ് ബിർല ഇത്തവണ ലോക്സഭയിലെത്തിയത്. മൂന്നാം തവണയാണ് ലോക്സഭാം​ഗമാകുന്നത്. മാവേലിക്കരയിൽ സിപിഐയുടെ സി എ അരുൺകുമാറിനെ 10868 വോട്ടിനാണ് കൊടിക്കുന്നിൽ സുരേഷ് തോൽപ്പിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം