ചെന്നൈ: ആശങ്കകള്‍ക്ക് വിരാമം, ചെന്നൈ വണ്ടല്ലൂര്‍ മൃഗശാലയില്‍ നിന്ന് കാണാതായ സിംഹം കൂട്ടില്‍ തിരിച്ചെത്തി. അരിജ്ഞര്‍ അണ്ണാ മൃഗശാലയിലെ ഷെര്‍യാര്‍ (ഷേരു) എന്ന സിംഹമാണ് നാല് ദിവസങ്ങള്‍ക്ക് ശേഷം കൂട്ടില്‍ മടങ്ങിയെത്തിയത്. ആധുനിക സാങ്കേതിക വിദ്യകള്‍ ഉള്‍പ്പെടെ ഉപയോഗിച്ച് തെരച്ചില്‍ പുരോഗമിക്കെയാണ് സിംഹം സ്വന്തം നിലയില്‍ മടങ്ങിയെത്തിയത്.
അരിജ്ഞര്‍ അണ്ണാ മൃഗശാലയിലെ സഫാരി മേഖലയിലേക്ക് തുറന്നുവിട്ട ആറ് വയസുള്ള സിംഹത്തെയാണ് നാല് ദിവസങ്ങള്‍ക്ക് മുന്‍പ് കാണാതായത്. 20 ഹെക്ടര്‍ വരുന്ന സ്വാഭാവിക വനഭൂമിയുള്ള വിശാലമായ മൃഗശാലയുടെ സഫാരിമേഖയില്‍ വ്യാപകമായി തെരച്ചില്‍ നടത്തിയെങ്കിലും ഫലം കണ്ടിരുന്നില്ല. ഡ്രോണുകളും തെര്‍മല്‍ ഇമേജിങ് ക്യാമറകളും ഉള്‍പ്പെടെ ഉപയോഗിച്ചായിരുന്നു തെരച്ചില്‍. ഇതിനിടെയാണ് സിംഹം തനിയെ മടങ്ങിയെത്തിയത്. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.
മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ബെംഗളൂരുവിലെ ബന്നാര്‍ഘട്ട ബയോളജിക്കല്‍ പാര്‍ക്കില്‍ നിന്ന് സിംഹത്തെ വണ്ടല്ലൂരില്‍ എത്തിച്ചത്. നടന്‍ ശിവകാര്‍ത്തികേയന്‍ ഈ സിംഹത്തെ ദത്തെടുത്തിരുന്നു. വണ്ടല്ലൂരില്‍ എത്തിച്ച ശേഷം ആദ്യമായി സിംഹത്തെ സഫാരി മേഖലയിലേക്ക് തുറന്ന് വിടുകയായിരുന്നു. രാത്രി ഭക്ഷണത്തിന്റെ സമയത്തേക്ക് കൂട്ടില്‍ തിരിച്ചെത്തുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ സിംഹം മടങ്ങിയെത്താതിരുന്നതോടെ തിരച്ചില്‍ തുടങ്ങുകയായിരുന്നു. തനിയെ തിരിച്ചെത്തിയ സിംഹം ആരോഗ്യവാനെന്നും ഭക്ഷണം കഴിക്കുന്നുണ്ടെന്നും മൃഗശാല ഡയറക്ടര്‍ പ്രതികരിച്ചു.
1490 ഏക്കറിലായാണ് വണ്ടലൂര്‍ മൃഗശാല സ്ഥിതിചെയ്യുന്നത്. തുറന്നുവിട്ട മൃഗങ്ങളെ കാഴ്ചക്കാര്‍ക്ക് അടുത്ത് കാണാനാകുന്ന തരത്തിലാണ് വണ്ടല്ലൂരില്‍ സഫാരി ഒരുക്കിയിരിക്കുന്നത്. രണ്ട് സിംഹങ്ങളാണ് സഫാരിയില്‍ ഉണ്ടാകുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates