ന്യൂഡല്‍ഹി: സാമൂഹ്യ നീതിക്കും ജനക്ഷേമ അജണ്ടകള്‍ക്കും മുന്‍ഗണന നല്‍കിക്കൊണ്ട് നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഉന്നതതല യോഗം നടക്കുന്നു. വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങളും മുന്‍നിര പദ്ധതികളുടെ പുരോഗതിയും യോഗം അവലോകനം ചെയ്യും. പതിവ് മന്ത്രാലയതല പരിശോധനകള്‍ക്കപ്പുറം, ഓരോ മന്ത്രിമാരുടെയും വ്യക്തിഗത പ്രകടനവും യോഗത്തില്‍ സൂക്ഷ്മമായി വിലയിരുത്തപ്പെടും. കാബിനറ്റ് മന്ത്രിമാര്‍ക്ക് പുറമെ സഹമന്ത്രിമാരെയും സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാരെയും യോഗത്തിലേക്ക് വിളിച്ചിട്ടുണ്ട്.
വിദ്യാഭ്യാസ മന്ത്രാലയം, സാമൂഹിക നീതി, ശാക്തീകരണ മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, നഗരവികസന മന്ത്രാലയം, കൃഷി മന്ത്രാലയം തുടങ്ങിയവയാണ് ഈ വിലയിരുത്തല്‍ പ്രക്രിയയില്‍ പ്രധാനമായും ഉള്‍പ്പെട്ടിരിക്കുന്നത്. ഭരണ മാതൃകയുടെ പ്രധാന സ്തംഭങ്ങളായ സാമൂഹ്യ നീതി, ക്ഷേമപദ്ധതികളുടെ വിതരണം, താഴെത്തട്ടിലെ നടപ്പാക്കല്‍ എന്നിവയ്ക്ക് സര്‍ക്കാര്‍ നല്‍കുന്ന തുടര്‍ച്ചയായ പ്രാധാന്യമാണ് ഈ നീക്കത്തിന് പിന്നിലുള്ളത്. അര്‍ഹരായ ഗുണഭോക്താക്കളിലേക്ക് പദ്ധതികളുടെ ആനുകൂല്യങ്ങള്‍ ചോര്‍ച്ചകളില്ലാതെ കൂടുതല്‍ കാര്യക്ഷമമായി എത്തണമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
പ്രധാനമന്ത്രി ജന്‍ ധന്‍ യോജന, പ്രധാനമന്ത്രി ഉജ്ജ്വല യോജന, പ്രധാനമന്ത്രി ആവാസ് യോജന, ആയുഷ്മാന്‍ ഭാരത്, പിഎം കിസാന്‍, ജല്‍ ജീവന്‍ മിഷന്‍, സ്വച്ഛ് ഭാരത് മിഷന്‍ പോലുള്ള പ്രധാന പദ്ധതികളുടെ നടപ്പാക്കലും അവയുടെ ഫലപ്രാപ്തിയും യോഗം പരിശോധിക്കും. കൈവരിച്ച ലക്ഷ്യങ്ങളും പരിഹരിക്കപ്പെടേണ്ട തടസ്സങ്ങളും വിലയിരുത്തലിന്റെ ഭാഗമാകും. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വികസനം, ദുര്‍ബല വിഭാഗങ്ങളുടെ ശാക്തീകരണം എന്നീ സര്‍ക്കാരിന്റെ വിശാല ലക്ഷ്യങ്ങളുമായി ഒത്തുപോകുന്നുണ്ടോ എന്ന് മന്ത്രാലയങ്ങളുടെ പ്രകടനം പരിശോധിച്ചാകും വിലയിരുത്തുക.
ഭരണനിര്‍വ്വഹണത്തില്‍ ഫലപ്രാപ്തിക്കും ഉത്തരവാദിത്തത്തിനും മുന്‍ഗണന നല്‍കുന്ന ഈ വിലയിരുത്തല്‍ യോഗത്തിന് ശേഷം തുടര്‍നടപടികളോ തിരുത്തലുകളോ ഉണ്ടാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates