ന്യൂഡൽഹി: നേരിട്ട് സ്പർശിക്കാതെയുള്ള പീഡനവും പോക്സോ പരിധിയിൽ വരുമെന്ന് സുപ്രീംകോടതിയിൽ വ്യക്തമാക്കി ദേശിയ വനിതാ കമ്മിഷനും അറ്റോർണി ജനറലും. വസ്ത്രത്തിനു പുറത്തുകൂടി സ്പർശിച്ചതിനെ ലൈംഗിക പീഡനമായി കണക്കാക്കാനാവില്ലെന്ന് നിലപാടെടുത്ത് ബോംബെ കോടതി പ്രതിയെ വിട്ടയച്ച കേസിലാണ് ദേശിയ വനിതാ കമ്മിഷനും അറ്റോർണി ജനറൽ കെകെ വേണുഗോപാലും നിലപാടറിയിച്ചത്.
കഴിഞ്ഞ ജനുവരിയിലാണു വസ്ത്രത്തിന് പുറത്ത് കൂടി സ്പർശിച്ചത് പീഡനമായി കണക്കാക്കാനാവില്ലെന്ന വിവാദ നിരീക്ഷണങ്ങളുമായി ബോംബെ ഹൈക്കോടതിയുടെ നാഗ്പുർ ബെഞ്ച് പോക്സോ കേസിലെ പ്രതിയെ വിട്ടയച്ചത്. എന്നാൽ വിധി സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു. ഹർജിയിൽ ഇന്നു വാദം തുടരും.
പോക്സോ നിയമത്തിന്റെ തെറ്റായ വ്യാഖ്യാനമാണു ബോംബെ ഹൈക്കോടതി നടത്തിയതെന്നു അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ പറഞ്ഞു. പോക്സോ നിയമം കുട്ടികളെ സംരക്ഷിക്കാനുള്ള പ്രത്യേക നിയമമാണ്. കയ്യുറ ധരിച്ചു പീഡനം നടത്തുന്നയാളെ കുറ്റവിമുക്തനാക്കണമെന്നു പറയുംപോലെയാണു വസ്ത്രത്തിനു മുകളിലൂടെയുള്ള പീഡനം കുറ്റമായി കാണാനാകില്ലെന്ന വിധിയെന്ന് അദ്ദേഹം പറഞ്ഞു.
12 വയസ്സുകാരിയെ പീഡിപ്പിച്ചെന്ന കേസിൽ 39 വയസ്സുകാരനു 3 വർഷം തടവുശിക്ഷ നൽകിയ സെഷൻസ് കോടതി വിധി നാഗ്പുർ ബെഞ്ച് റദ്ദാക്കിയത് സമൂഹമാധ്യമങ്ങളിലടക്കം ചർച്ചയ്ക്കു വഴിതെളിച്ചിരുന്നു. നേരിട്ടുള്ള സ്പർശനത്തിനു തെളിവില്ലാത്തതിനാൽ ശിക്ഷ ഒരു വർഷം തടവു മാത്രമാക്കി ചുരുക്കിയതാണ് വിവാദമായത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates