സുന്ദര്‍ലാല്‍ ബഹുഗുണ ഫോട്ടോ/ എന്‍പി ജയന്‍ 
India

സുന്ദര്‍ലാല്‍ ബഹുഗുണ കോവിഡ് ബാധിച്ച് മരിച്ചു

ഋഷികേശിലെ എയിംസ് ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും ഗാന്ധിയനുമായ സുന്ദര്‍ലാല്‍ ബഹുഗുണ കോവിഡ് ബാധിച്ച് മരിച്ചു. ഋഷികേശിലെ എയിംസ് ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. 94 വയസായിരുന്നു.

മെയ് എട്ടിനാണ് കോവിഡ് പോസിറ്റിവായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം ഓക്‌സിജന്‍ അളവ് കുറഞ്ഞതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാവുകയായിരുന്നു. ഐസിയുവില്‍ വിദഗ്ധ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയ്ക്ക് 12.05നായിരുന്നു അന്ത്യം. നിര്യാണത്തില്‍ ഉത്താരാഖണ്ഡ് മുഖ്യമന്ത്രി തിരാത്ത് സിങ് റാവത്ത് അനുശോചനം രേഖപ്പെടുത്തി.
 

1927 ജനുവരി 9ന് ഉത്തരാഖണ്ഡിലെ തെഹ്‌രി എന്ന സ്ഥലത്തിനടുത്തുള്ള മറോദ എന്ന ഗ്രാമത്തിലാണ് ബഹുഗുണ ജനിച്ചത്. ആദ്യകാലങ്ങളില്‍ തൊട്ടുകൂടായ്മക്കെതിരെ പോരാടിയ അദ്ദേഹം പിന്നീട് 1965 മുതല്‍ 1970 വരെയുള്ള കാലയളവില്‍ മലഞ്ചെരുവിലെ സ്ത്രീജനങ്ങളെ സംഘടിപ്പിച്ച് മദ്യവിരുദ്ധ പോരാട്ടത്തിനും നേതൃത്വം നല്‍കി.

1970 കളില്‍ ചിപ്‌കോപ്രസ്ഥാനത്തിലെ അംഗമെന്ന നിലയിലും പിന്നീട് 1980 മുതല്‍ 2004് വരെ തെഹ്‌രി അണക്കെട്ട് വിരുദ്ധ പ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളി എന്ന നിലയിലും ഹിമാലയ സാനുക്കളിലെ വനസംരക്ഷണത്തിനായി വര്‍ഷങ്ങളോളം അദ്ദേഹം പോരാടി. ഇന്ത്യയിലെ ആദ്യകാല പരിസ്ഥിതി പ്രവര്‍ത്തകരില്‍ ഒരാളായ ബഹുഗുണ പിന്നീട്, ചിപ്‌കോ പ്രസ്ഥാനത്തിലെ ജനങ്ങളുമായി ചേര്‍ന്ന് രാജ്യത്തുടനീളം വനനശീകരണം,വലിയ അണക്കെട്ടുകള്‍, ഖനനം തുടങ്ങിയ നിരവധി പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്കെതിരെ പ്രക്ഷോഭപരിപാടികള്‍ ഏറ്റെടുത്തു മുന്നോട്ടുകൊണ്ടുപോയി. 

1981 മുതല്‍ 1983 വരെ ഹിമാലയത്തിലെ ഗ്രാമഗ്രാമാന്തരങ്ങളിലൂടെയുള്ള അദ്ദേഹം നടത്തിയ യാത്ര ചിപ്‌കോയെ ജനമധ്യത്തിലേക്ക് കൊണ്ടുവരാന്‍ സഹായിച്ചു. തെഹ്‌രി അണക്കെട്ടിനെതിരെയുള്ള പ്രക്ഷോഭ പാതയില്‍ ദശാബ്ദങ്ങളോളം അദ്ദേഹം നിലകൊണ്ടു. സത്യാഗ്രഹ മാതൃക സ്വീകരിച്ച അദ്ദേഹം നിരവധി തവണ പ്രതിഷേധ സൂചകമായി ഭഗീരഥി തീരത്ത് ഉപവാസ സമരം നടത്തി. 1995 ല്‍, അണക്കെട്ടിന്റെ ദൂശ്യഫലങ്ങളെ കുറിച്ച് പഠിക്കാന്‍ ഒരു കമ്മീഷനെ നിയോഗിക്കാമെന്ന അന്നത്തെ പ്രധാനമന്ത്രി പി.വി. നരസിംഹറാവുവിന്റെ ഉറപ്പിന്മേലായിരുന്നു 45 ദിവസം നീണ്ട ബഹുഗുണയുടെ ഉപവാസ സമരം അവസാനിപ്പിച്ചത് . അതിന് ശേഷം 74 ദിവസം നീണ്ട മറ്റൊരു ഉപവാസ സമരം രാജ്ഘട്ടിലെ ഗാന്ധിസമാധിയില്‍ വെച്ച് ബഹുഗുണ നടത്തുകയുണ്ടായി.

മിതവ്യയത്തിനായി പ്രവര്‍ത്തിച്ചുകൊണ്ട് ഹിമാലയത്തിലെ ജനങ്ങള്‍ക്കായി പ്രവര്‍ത്തിച്ച വ്യക്തിയാണ് സുന്ദര്‍ലാല്‍ ബഹുഗുണ. പ്രത്യേകിച്ചും ഹിമാലയത്തിലെ പാവങ്ങളായ സ്ത്രീജനങ്ങള്‍ക്കായി അദ്ദേഹം പൊരുതി. ഭാരതത്തിലെ നദികളുടെ സംരക്ഷണത്തിനായും അദ്ദേഹം പോരാടി.
2009-ല്‍ രാജ്യം പത്മ വിഭൂഷണ്‍ പുരസ്‌കാരം നല്‍കി അദ്ദേഹത്തെ ആദരിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കുടുംബവാഴ്ചയ്‌ക്കെതിരായ തരൂരിന്റെ വിമര്‍ശനം; കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് അതൃപ്തി, പ്രകോപനം വേണ്ടെന്ന് മുന്നറിയിപ്പ്

മുതിർന്ന പ്രിയപ്പെട്ടവരെ സമഗ്രമായ ആരോഗ്യ ഇൻഷുറൻസ് വഴി സംരക്ഷിക്കാനുള്ള മാർഗങ്ങൾ

പിക്കപ്പ് വാഹനത്തില്‍ വള്ളവുമായി അപകടയാത്ര; 27,500 രൂപ പിഴയിട്ട് മോട്ടോര്‍ വാഹനവകുപ്പ്

ഒരു കോടിയുടെ ഒന്നാം സമ്മാനം മാനന്തവാടിയില്‍ വിറ്റ ടിക്കറ്റിന്; സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു |Sthree Sakthi SS 492 lottery result

'വെറുതെ തള്ളി മറിക്കണ്ട, മന്ത്രി മറന്നുപോയെങ്കില്‍ വോയ്‌സ് ക്ലിപ്പ് അയച്ചു തരാം'; സജി ചെറിയാനോട് വിനയന്‍

SCROLL FOR NEXT