ന്യൂഡല്‍ഹി: ഇരുരാജ്യങ്ങള്‍ക്കുമിടയിലെ വ്യാപാര കരാറിനെ സംബന്ധിച്ച് അഭ്യൂഹങ്ങള്‍ ശക്തമാകുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഫോണില്‍ സംസാരിച്ചു. രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം വിവിധ മേഖലകളില്‍ വര്‍ധിപ്പിക്കുന്നതിനെക്കുറിച്ചായിരുന്നു പ്രധാന ചര്‍ച്ച. വ്യാപാരം, നിര്‍ണായക സാങ്കേതിക വിദ്യകള്‍, ഊര്‍ജം, പ്രതിരോധം, സുരക്ഷ തുടങ്ങിയ പ്രധാന മേഖലകളില്‍ സഹകരണം വര്‍ധിപ്പിക്കുന്നത് ചര്‍ച്ച ചെയ്യുകയും ചെയ്തതായി ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു.
ദ്വിപക്ഷീയ സഹകരണം ശക്തിപ്പെടുത്തിയതില്‍ ഇരുനേതാക്കളും സംതൃപ്തി പ്രകടിപ്പിച്ചതായാണ് പ്രസ്താവനയില്‍ പറയുന്നത്. ദ്വിപക്ഷീയ വ്യാപാരം വര്‍ധിപ്പിക്കുന്നതിനുള്ള കൂട്ടായ ശ്രമങ്ങളില്‍ ഊര്‍ജസ്വലത നിലനിര്‍ത്തേണ്ടതിന്റെ പ്രാധാന്യം ചര്‍ച്ചയില്‍ ഊന്നിപ്പറഞ്ഞു. വെല്ലുവിളികള്‍ അഭിമുഖീകരിക്കുന്നതിനും പൊതുതാല്‍പ്പര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിനുമായി പ്രവര്‍ത്തിക്കാന്‍ ഇരുനേതാക്കളും സമ്മതിച്ചതായി പ്രസ്താവനയില്‍ പറയുന്നു.
21-ാം നൂറ്റാണ്ടിലെ ഇന്ത്യ-യുഎസ് കോംപാക്റ്റ് (ഇന്ത്യ-യുഎസ് കോംപാക്റ്റ് - സൈനിക പങ്കാളിത്തം, വേഗതയേറിയ വാണിജ്യം, സാങ്കേതികവിദ്യ എന്നിവയ്ക്കുള്ള അവസരങ്ങള്‍ പ്രോത്സാഹിപ്പിക്കല്‍) നടപ്പാക്കുന്നതില്‍ കേന്ദ്രീകൃതമായ നിര്‍ണായക സാങ്കേതികവിദ്യകള്‍, ഊര്‍ജം, പ്രതിരോധം, സുരക്ഷ, മറ്റ് മുന്‍ഗണനാ മേഖലകളില്‍ സഹകരണം വര്‍ധിപ്പിക്കുക എന്നിവയിലും ഇരുരാജ്യങ്ങളും ആശയങ്ങള്‍ കൈമാറിയിട്ടുണ്ട്.
ഊഷ്മളവും ആകര്‍ഷകവുമായ സംഭാഷണം എന്നാണ് മോദി സംസാരത്തിന് ശേഷം എക്‌സില്‍ കുറിച്ചത്. 'പ്രസിഡന്റ് ട്രംപുമായി വളരെ ഊഷ്മളവും ആകര്‍ഷകവുമായ ചര്‍ച്ച നടത്തി. ഞങ്ങളുടെ ദ്വിപക്ഷീയ ബന്ധത്തിലെ പുരോഗതി വിലയിരുത്തുകയും പ്രാദേശികവും അന്താരാഷ്ട്രവുമായ സംഭവ വികാസങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തു. ആഗോള സമാധാനം, സ്ഥിരത, സമൃദ്ധി എന്നിവയ്ക്കായി ഇന്ത്യയും യുഎസും തുടര്‍ന്നും ഒരുമിച്ച് പ്രവര്‍ത്തിക്കും'-മോദി കുറിച്ചു. യുഎസ് വിലക്കിയിട്ടും ഇന്ത്യ റഷ്യന്‍ എണ്ണ ഇറക്കുമതി തുടര്‍ന്നതില്‍ അധികതീരുവ ചുമത്തിയതിനുശേഷം യുഎസ്-ഇന്ത്യ ബന്ധത്തിന് മങ്ങലേറ്റിരുന്നു. ട്രംപിന്റെ തീരുവകള്‍ അന്യായമാണെന്നും ഇന്ത്യ ആവര്‍ത്തിക്കുകയും ചെയ്തു. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ട്രംപും മോദിയും ചര്‍ച്ച നടത്തിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates