ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാലം തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ നയിച്ച തലവന്‍ എന്ന റെക്കോര്‍ഡ് സ്വന്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുജറാത്ത് മുഖ്യമന്ത്രി, ഇന്ത്യന്‍ പ്രധാനമന്ത്രി എന്നി നിലകളില്‍ 8,931 ദിവസമാണ് മോദി സര്‍ക്കാരിന്റെ നായകനായി പൂര്‍ത്തിയാക്കിയത്. സിക്കിം മുഖ്യമന്ത്രിയായിരുന്ന പവന്‍ കുമാര്‍ ചാംലിങിന്റെ 8,930 ദിവസം എന്ന റെക്കോര്‍ഡാണ് മോദി മറികടന്നത്.
സര്‍ക്കാര്‍ തലവന്‍ എന്ന നിലയില്‍ 25 വര്‍ഷം കൂടിയാണ് മോദി പിന്നിട്ടത്. സ്വാതന്ത്ര്യലബ്ധിക്കുശേഷം ജനിച്ച ഇന്ത്യയിലെ ആദ്യത്തെ പ്രധാനമന്ത്രി കൂടിയാണ് മോദി. 2014, 2019, 2024 വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ലോക്സഭാ തിരഞ്ഞെടുപ്പുകളില്‍ വിജയം നേടിയാണ് പ്രധാനമന്ത്രി പദവിയില്‍ തുടരുന്നത്. ഏറ്റവും കൂടുതല്‍ കാലം ഗുജറാത്തിനെ നയിച്ച മുഖ്യമന്ത്രിയും നരേന്ദ്ര മോദിയാണ്.
2001 ഒക്ടോബര്‍ 7 നാണ് നരേന്ദ്ര മോദി ആദ്യമായി ഗുജറാത്ത് മുഖ്യമന്ത്രിയായി അധികാരമേറ്റെടുക്കുന്നത്. , 2014 മെയ് 21 വരെ പദവിയില്‍ തുടര്‍ന്നു. 13 വര്‍ഷത്തിലേറെയായിരുന്നു ഭരണ കാലം. ഇതിന് ശേഷമാണ് മോദി ദേശീയ രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. 2014 മെയ് 26 ന് ഇന്ത്യയുടെ 14-ാമത് പ്രധാനമന്ത്രിയായി മോദി സത്യപ്രതിജ്ഞ ചെയ്തു, ലോക്സഭയില്‍ പൂര്‍ണ്ണ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ എത്തിയ ആദ്യത്തെ കോണ്‍ഗ്രസ് ഇതര നേതാവ് കൂടിയായിരുന്നു മോദി. രണ്ട് തവണ കാലാവധി പൂര്‍ത്തിയാക്കി തുടര്‍ ഭരണം നേടി. മൂന്നാം തവണയും അധികാരത്തില്‍ തിരിച്ചെത്തിയ ആദ്യത്തെ കോണ്‍ഗ്രസ് ഇതര പ്രധാനമന്ത്രിയും മോദിയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates