ന്യൂഡല്‍ഹി: നൂറാം വാര്‍ഷികം ആഘോഷിക്കുന്ന ആര്‍എസ്എസിന് കേന്ദ്ര സര്‍ക്കാരിന്റെ ആദരം. ശതാബ്ദി വര്‍ഷത്തോടനുബന്ധിച്ച് തപാല്‍ സ്റ്റാമ്പും നാണയവും പുറത്തിറക്കും. 2025 ഒക്ടോബര്‍ 1 ന് ന്യൂഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നാണയവും സ്റ്റാംപും പ്രകാശനം ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബലെ ചടങ്ങില്‍ പങ്കെടുക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 2025 ഒക്ടോബര്‍ 2 ന് വരുന്ന വിജയദശമി ദിനത്തില്‍ ആണ് ബിജെപിയുടെ പ്രത്യയശാസ്ത്ര രക്ഷിതാവായ ആര്‍എസ്എസ് 100-ാം വര്‍ഷം പൂര്‍ത്തിയാക്കുക.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെട്ടാണ് നാണയവും സ്റ്റാംപും പുറത്തിറക്കാനുള്ള നടപടികള്‍ വേഗത്തിലാക്കിയത്. ഒരു വര്‍ഷം പുറത്തിറക്കേണ്ട സ്റ്റാംപുകളുടെ പട്ടിക നേരത്തെ തന്നെ തയ്യാറാക്കുന്നാണ് പതിവ്. ഈ വര്‍ഷം പുറത്തിറക്കേണ്ട സ്റ്റാംപുകളില്‍ ആര്‍എസ്എസ് ശതാബ്ദി ഉള്‍പ്പെട്ടിരുന്നില്ല. എന്നാല്‍ പ്രധാനമന്ത്രി ഇടപെട്ട് നടപടികള്‍ റെക്കോര്‍ഡ് വേഗത്തില്‍ പൂര്‍ത്തിയാക്കുകയായിരുന്നു എന്നും ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഞായറാഴ്ച പ്രക്ഷേപണം ചെയ്ത പ്രധാനമന്ത്രിയുടെ റേഡിയോ അഭിസംബോധനാ പരിപാടിയിലും മോദി ആര്‍എസ്എസിന്റെ ശതാബ്ദി ആഘോഷങ്ങളെ കുറിച്ച് പരാമര്‍ശിച്ചിരുന്നു. 'നൂറ്റാണ്ടുകളായി രാജ്യം അടിമത്തത്തിന്റെ ചങ്ങലകളില്‍ ബന്ധിക്കപ്പെട്ടിരുന്ന കാലത്താണ് 100 വര്‍ഷങ്ങള്‍ക്ക് മുമ്പ്, ആര്‍എസ്എസ് സ്ഥാപിതമായത്. നൂറ്റാണ്ടുകള്‍ നീണ്ട ഈ അടിമത്തം രാജ്യത്തിന്റെ ആത്മാഭിമാനത്തെയും ആത്മവിശ്വാസത്തെയും ആഴത്തില്‍ മുറിവേല്‍പ്പിച്ചിരുന്നു. ലോകത്തിലെ ഏറ്റവും പുരാതനമായ നാഗരികത അന്ന് സ്വത്വ പ്രതിസന്ധി നേരിടുകയായിരുന്നു. ഇത്തരം ഒരു അവസരത്തിലാണ് ഹെഡ്ഗേവാര്‍ 1925 ലെ വിജയദശമി ദിനത്തില്‍ ആര്‍എസ്എസിന് രൂപം നല്‍കുന്നത്. ത്യാഗം സേവനം അച്ചടക്കം എന്നിവയാണ് ആര്‍എസ്എസിന്റെ പ്രധാന ശക്തി. നൂറുവര്‍ഷമായി ആര്‍എസ്എസ് അക്ഷീണം രാഷ്ട്രസേവനം തുടരുകയാണെന്നും ആശംസകള്‍ അറിയിച്ചുകൊണ്ട് പ്രധാനമന്ത്രി മന്‍കി ബാത്തില്‍ അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates