മുംബൈ; പൊലീസുകാരനെ വണ്ടിയിടിച്ച് കൊലപ്പെടുത്തിയ കേസിൽ സഹപ്രവർത്തകയായ പൊലീസുകാരി അറസ്റ്റിൽ. മഹാരാഷ്ട്രയിലെ പന്‍വേലിലാണ് സംഭവം. ശിവജി സനാപ് എന്ന പൊലീസുകാരന്റെ മരണത്തിൽ ശീതള്‍ പന്‍സാരെയെന്ന പൊലീസുകാരിയാണ് അറസ്റ്റിലായത്. ക്വട്ടേഷൻ നൽകി കൊലപ്പെടുത്തുകയായിരുന്നു.
ഓഗസ്റ്റ് 15നാണ് സ്‌റ്റേഷനിലേക്കുള്ള യാത്രയ്ക്കിടെ ശിവജി സനാപ് നാനോ കാര്‍ ഇടിച്ച് മരിച്ചത്. ആദ്യകാഴ്ചയില്‍ അപകടമരണമാണെന്ന് തോന്നിയെങ്കിലും ചില സംശയങ്ങളുണ്ടായിരുന്നു. കൊലപ്പെടുത്താന്‍ ഉപയോഗിച്ച കാര്‍ കുറച്ച് അകലെ നിന്ന് അഗ്നിക്കിരയാക്കിയ അവസ്ഥയില്‍ കണ്ടെത്തിയതോടെയാണ് സംശയം ബലപ്പെട്ടത്.
അന്വേഷണത്തിൽ ശിവജിയും ശീതളും തമ്മില്‍ മുന്‍വൈരാഗ്യമുണ്ടായിരുന്നതായി കണ്ടെത്തി. തുടർന്നാണ് കൊലപാതകത്തിലെ ശീതളിന്റെ പങ്ക് പുറത്തുവരുന്നത്. വിശാല്‍ ജാഥവ്, ബബന്‍ ചൗഹാന്‍ എന്നിവര്‍ക്കാണ് യുവതി ക്വട്ടേഷന്‍ നല്‍കിയത്. സമൂഹമാധ്യമങ്ങള്‍ വഴിയാണ് ജാഥവുമായി ശീതള്‍ പരിചയപ്പെട്ടത്. ഇതിന് ശേഷം പോലീസുകാരിയും പ്രതികളും ചേര്‍ന്ന് ശിവജിയെ നിരീക്ഷിക്കുകയും ഇയാളുടെ യാത്രാ റൂട്ടുകള്‍ മനസ്സിലാക്കുകയും ചെയ്തു. വ്യാഴാഴ്ചയാണ് നവി മുംബൈ പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്.  നേരത്തെ അപമാനിക്കാന്‍ ശ്രമിച്ചുവെന്ന് കാണിച്ച് ശിവജിക്കെതിരേ ശീതള്‍ പരാതി നല്‍കിയിരുന്നു.
 
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates