ന്യൂഡല്ഹി: രാജ്യത്ത് കോവിഡ് വാക്സിനേഷന് നാളെ ആരംഭിക്കാനിരിക്കെ, വാക്സിനേഷന് സംബന്ധിച്ച് കേന്ദ്രസര്ക്കാര് മാര്ഗരേഖ പുറപ്പെടുവിച്ചു. ഗര്ഭിണികള്, മുലയൂട്ടുന്ന അമ്മമാര് തുടങ്ങിയവര്ക്ക് വാക്സിന് നല്കരുതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങള്ക്ക് നിര്ദേശം നല്കി. കേന്ദ്ര ആരോഗ്യമന്ത്രാലയം അഡീഷണല് സെക്രട്ടറി മനോഹര് അഗ്നാനിയാണ് സംസ്ഥാനങ്ങള്ക്ക് കത്തയച്ചത്.
കോവിഡ് വാക്സിനുകള് മാറ്റി പരീക്ഷിക്കരുത്. ആദ്യം ഏത് കോവിഡ് വാക്സിനാണോ നല്കിയത് ആ വാക്സിന് തന്നെ രണ്ടാംഘട്ടത്തിലും നല്കണമെന്ന് മാര്ഗരേഖയില് കര്ശനമായി നിര്ദേശിക്കുന്നു. വാക്സിന്റെ ആദ്യ ഡോസ് നല്കി 14 ദിവസത്തിനു ശേഷമേ രണ്ടാമത്തെ ഡോസ് നല്കാവൂ. 18 വയസ്സിനും അതിന് മുകളിലും പ്രായമുള്ളവര്ക്ക് മാത്രമേ വാക്സിന് നല്കാവൂ എന്നും നിര്ദേശിക്കുന്നു.
ഗര്ഭിണികളും മുലയൂട്ടൂന്ന അമ്മമാരും ഇതുവരെ കോവിഡ് വാക്സിന് പരീക്ഷണങ്ങളില് പങ്കെടുത്തിട്ടില്ല. അതിനാലാണ് ഗര്ഭിണികള്, ഗര്ഭിണിയാണോ എന്ന് സ്ഥിരീകരിക്കാത്തവര്, മുലയൂട്ടുന്ന അമ്മമാര് എന്നിവര് കോവിഡ് വാക്സിന് സ്വീകരിക്കരുതെന്ന് മാര്ഗരേഖയില് വ്യക്തമാക്കുന്നു.
ദോഷഫലങ്ങള് ഉണ്ടാകാന് ഇടയുള്ളവര്, ഗുരുതരമായ അലര്ജി പ്രശ്നങ്ങള് ഉള്ളവര്, ഗര്ഭിണികള്, ഗര്ഭിണിയാണോ എന്ന് സ്ഥിരീകരിക്കാത്തവര്, മുലയൂട്ടുന്ന അമ്മമാര് തുടങ്ങിയവരില് വാക്സിന് ദോഷഫലങ്ങള് ഉണ്ടാക്കിയേക്കാം. താത്കാലികമായ പ്രത്യാഘാതങ്ങള് പ്രത്യക്ഷപ്പെടുന്നവര്ക്ക് അസ്വസ്ഥതകള് പൂര്ണമായും മാറിയ ശേഷം നാലു മുതല് എട്ടാഴ്ചയ്ക്കുള്ളിലേ രണ്ടാമത്തെ ഡോസ് നല്കാവൂ.
ജനിതക വ്യതിയാനം വന്ന കോവിഡ് ബാധയുടെ ലക്ഷണങ്ങള് ഉള്ളവര്, ജനിതക വ്യതിയാനം വന്ന കോവിഡ് ബാധയുള്ളവരും സാര്സ്കോവ്2 മോണോക്ലോണല് ആന്റിബോഡികളോ കോവാലസെന്റ് പ്ലാസ്മയോ നല്കിയവര്, ഏതെങ്കിലും രോഗബാധയെ തുടര്ന്ന് ഗുരുതരാവസ്ഥയില് ആശുപത്രിയില് കഴിയുന്നവര് എന്നിവരില് താല്ക്കാലിക പ്രത്യാഘാതങ്ങള് പ്രത്യക്ഷപ്പെടാന് സാധ്യതയുണ്ട്. അമിത രക്തസ്രാവമോ രക്തം കട്ടപിടിക്കുന്നതുമായി ബന്ധപ്പെട്ട തകരാറുകള് ഉള്ളവര്ക്ക് വാക്സിന് നല്കുമ്പോള് പ്രത്യേകം ശ്രദ്ധിക്കണമെന്നും മാര്ഗരേഖയില് നിര്ദേശിക്കുന്നു.
മുന്പ് സാര്സ് കോവ്-2 ബാധയുണ്ടായവര്, ഗുരുതര അസുഖങ്ങളുള്ളവര്, പ്രതിരോധശക്തി കുറഞ്ഞവര്, എച്ച് ഐ വി ബാധിതര് തുടങ്ങിയവര്ക്കും വാക്സിന് നല്കാമെന്ന് നിര്ദേശിച്ചിട്ടുണ്ട്. കോവിഡ് മഹാമാരിക്കെതിരെ രാജ്യത്തെ നാളെ മുതലാണ് വാക്സിനേഷന് ആരംഭിക്കുന്നത്. മൂന്നുകോടി പേര്ക്കാണ് ആദ്യഘട്ടത്തില് വാക്സിന് നല്കുന്നത്. ആരോഗ്യ പ്രവര്ത്തകര്ക്കാണ് ആദ്യഘട്ടത്തില് മുന്ഗണന നല്കുന്നത്. കോവിഷീല്ഡ്, കോവാക്സിന് എന്നീ വാക്സിനുകളാണ് ജനുവരി 16ന് വിതരണം ചെയ്തു തുടങ്ങുക. വാക്സിനേഷനുള്ള മരുന്നുകള് സംസ്ഥാനങ്ങളിലെത്തിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates