Rahul Gandhi 
India

'എപ്സ്റ്റീന്‍ ഫയല്‍ ഉപയോഗിച്ച് ട്രംപ് മോദിയെ ഭീഷണിപ്പെടുത്തി'; യുഎസ് വ്യാപാര കരാരില്‍ കര്‍ഷകരെ കുരുതി കൊടുത്തെന്ന് രാഹുല്‍ ഗാന്ധി

യുഎസ് പ്രസിഡന്റ് ട്രംപിന്റെ ഭീഷണിക്ക് വഴങ്ങിയാണ് മോദി ഈ കരാറില്‍ ഒപ്പിട്ടത്. സ്വന്തം സംരക്ഷണം മാത്രം നോക്കിയ മോദിയും കൂട്ടരും കര്‍ഷകരെ കുരുതികൊടുക്കുകയായിരുന്നു

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഭീഷണിപ്പെടുത്താന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് 'എപ്സ്റ്റീന്‍ ഫയലുകള്‍' ഉപയോഗിച്ചുവെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യന്‍ കര്‍ഷകരെ പ്രതികൂലമായി ബാധിക്കുന്ന തരത്തിലുള്ള ഒരു വ്യാപാര കരാറില്‍ ഒപ്പുവച്ചതിന് പിന്നില്‍ ഈ ഭീഷണിയാണെന്നും രാഹുല്‍ ഗാന്ധി കണ്ണൂരില്‍ ആരോപിച്ചു. എപ്സ്റ്റീന്‍ സീക്രട്ട് ഫയലുകളിലെ വിവരങ്ങള്‍ പുറത്തുവിടുമെന്ന് ഭയം കൊണ്ടാണ് പാര്‍ലമെന്റില്‍ തന്റെ പ്രസംഗം തടഞ്ഞതെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ചോദിക്കാനും ചര്‍ച്ചകള്‍ക്കും അവസരം നിഷേധിക്കുന്നു. നന്ദിപ്രമേയ ചര്‍ച്ചയ്ക്ക് മറുപടി നല്‍കാന്‍ പോലും പ്രതിപക്ഷ നേതാവിന് അവസരം നിഷേധിക്കുന്നു എന്നും ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ ഗാന്ധി എപ്സ്റ്റീന്‍ ഫയലുകളെ കുറിച്ച് പരാമര്‍ശിച്ചത്. പേരാവൂര്‍ തുണ്ടിയില്‍ പാരീഷ്ഹാളില്‍ നടന്ന കര്‍ഷക സംവാദത്തില്‍ പങ്കെടുത്ത് സംസാരിക്കുക ആയിരുന്നു അദ്ദേഹം.

രാജ്യത്തിന്റെ അടിത്തറയായ കര്‍ഷകരെ തകര്‍ക്കുന്ന നയങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും അമേരിക്കയുമായുള്ള പുതിയ വ്യാപാര കരാര്‍ നമ്മുടെ കര്‍ഷകരുടെ മരണപത്രമാണെന്നും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. അമേരിക്കയിലെ യന്ത്രസഹായത്തോടെ വന്‍കിട കോര്‍പ്പറേറ്റുകള്‍ ഉത്പാദിപ്പിക്കുന്ന കാര്‍ഷിക വിളകള്‍ക്കായി ഇന്ത്യന്‍ വിപണി തുറന്നുകൊടുക്കുന്നത് ക്രിമിനല്‍ നടപടിയാണ്. രാജ്യത്തെ ഒരു പ്രധാനമന്ത്രിയും ഇത്തരത്തില്‍ ഒരു കരാറിന് മുതിര്‍ന്നിട്ടില്ല. യുഎസ് പ്രസിഡന്റ് ട്രംപിന്റെ ഭീഷണിക്ക് വഴങ്ങിയാണ് മോദി ഈ കരാറില്‍ ഒപ്പിട്ടത്. സ്വന്തം സംരക്ഷണം മാത്രം നോക്കിയ മോദിയും കൂട്ടരും കര്‍ഷകരെ കുരുതികൊടുക്കുകയായിരുന്നു എന്നും രാഹുല്‍ ഗാന്ധി പ്രതികരിച്ചു. അദാനി കേവലം ഒരു വ്യവസായി മാത്രമല്ല. പ്രധാനമന്ത്രി മോദിയുടെയും ബിജെപിയുടെയും സാമ്പത്തിക സ്രോതസ്സാണ്. അദാനിക്കെതിരെ മോദി നീങ്ങില്ല. അങ്ങനെ സംഭവിച്ചാല്‍ മോദിക്കെതിരായ രേഖകള്‍ പുറുത്തുവിടുമെന്ന് അദാനി ഭീഷണിപ്പെടുത്തുന്ന അവസ്ഥയാണെന്നും രാഹുല്‍ ഗാന്ധി പരിഹസിച്ചു.

കേരളത്തില്‍ യുഡിഎഫ് അധികാരത്തില്‍ വരുമ്പോള്‍ കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം ഉണ്ടാകും. വന്യമൃഗശല്യം പരിഹരിക്കാന്‍ ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തണം. കര്‍ഷകര്‍ക്ക് അര്‍ഹമായ ആദരവും താങ്ങുവിലയും സര്‍ക്കാര്‍ നല്‍കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. സര്‍ക്കാര്‍ അനൂകൂല്യം സമയബന്ധിതമായി ലഭിക്കാത്തിനെ തുടര്‍ന്നുള്ള കടബാധ്യത കാരണം ആത്മഹത്യ ചെയ്ത മികച്ച പച്ചക്കറി കര്‍ഷകനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം നേടിയ കര്‍ഷകന്‍ ഏലിയാസ് അമ്പാടിന്റെ ഭാര്യ ലേസ്യാമ ഏലിയാസ് സംസ്ഥാനത്ത് കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധിയെ സംബന്ധിച്ച കുറിപ്പ് രാഹുല്‍ ഗാന്ധിക്ക് പരാതിയായി എഴുതി നല്‍കി. തുടര്‍ന്ന് രാഹുല്‍ ഗാന്ധി അവരെ വേദിയിലേക്ക് ക്ഷണിച്ച് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. ജനിതക വൈകല്യം നേരിടുന്ന യുവകര്‍ഷകനും മികച്ച കുട്ടികര്‍ഷകനുള്ള പേരാവൂര്‍ പഞ്ചായത്തിന്റെ അവാര്‍ഡ് ജേതാവും സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ അമ്പരീഷിനെ രാഹുല്‍ ഗാന്ധി അഭിനന്ദിച്ചു.

കാട്ടാന ആക്രമണത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട ആറളം സ്വദേശിയും സ്‌കൂള്‍ വിദ്യാര്‍ത്ഥിയുമായ രഞ്ജിനി രതീഷിന് രാഹുല്‍ ഗാന്ധിയോട് പങ്കുവെയ്ക്കാനുണ്ടായിരുന്നത് ഞെട്ടിപ്പിക്കുന്ന വന്യമൃഗ ആക്രമണത്തിന്റെ നേര്‍ചിത്രമായിരുന്നു. അതിന്റെ പരിഹാരം കാണേണ്ടതിന്റെ പ്രധാന്യവും അതിനായി ആധുനിക സാങ്കേതിക വിദ്യപ്രയോജനപ്പെടുത്തണമെന്നും രഞ്ജിനി രതീഷിന്റെ അനുഭവവും പ്രസംഗത്തില്‍ രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി .

ഫാ. ജോസഫ് കാവനാഴിയില്‍ മലയോര മേഖലയിലെ കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധികള്‍ സംവാദത്തിനിടെ രാഹുല്‍ ഗാന്ധിക്ക് മുന്നില്‍ അവതരിപ്പിച്ചു. വന്യമൃഗശല്യവും അതിന്റെ നഷ്ടപരിഹാരവും, വിളകളുടെ വിലത്തകര്‍ച്ച, തറവില വര്‍ധിപ്പിക്കുന്നതിന്റെ പ്രാധാന്യം, ശീതികരണ സംഭരണശാല,കര്‍ഷക പെന്‍ഷന്‍ 10000 രൂപയായി വര്‍ധിപ്പിക്കണം, 3 ശതമാനം പലിശയില്‍ കാര്‍ഷിക കുടുംബങ്ങള്‍ക്ക് ലോണ്‍ ലഭ്യമാക്കണം തുടങ്ങിയ ആവശ്യങ്ങളും ഫാ. ജോസഫ് കാവനാഴിയില്‍ ചൂണ്ടിക്കാട്ടി.

ക്ഷീരകര്‍ഷകരെ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നും കന്നുകാലി ഇന്‍ഷുറന്‍സ് ഉറപ്പാക്കണമെന്നും ക്ഷീരകര്‍ഷകയായ കേളകം സ്വദേശി അമൃത ആവശ്യപ്പെട്ടു. സബ്സിഡി അനുവദിക്കണം, വൈദ്യുത ചാര്‍ജ്ജ് നിരക്കില്‍ ഇളവും ക്ഷീരകര്‍ഷകര്‍ക്ക് നല്‍കണമെന്ന ആവശ്യവും അമൃത മുന്നോട്ട് വെച്ചു. സംഭരിക്കുന്ന നെല്ലിന്റെ വില വേഗത്തില്‍ ലഭ്യമാക്കണം, അതിന്റെ തുക വായ്പയായി ലഭ്യമാക്കുന്നത് കര്‍ഷകന് ഒരു തരത്തിലും ഗുണകരമല്ലെന്നും നെല്‍ കര്‍ഷകനായ കുഞ്ഞബ്ദുള്ള ഉന്നയിച്ചു. ഇവര്‍ക്ക് പുറമെ കശുവണ്ടി , പച്ചക്കറി,നാളികേരം ഉള്‍പ്പെടെ നിരവധി മേഖയിലെ കര്‍ഷകര്‍ അവര്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ രാഹുല്‍ ഗാന്ധിക്ക് മുന്നില്‍ വിവരിച്ചു.നേരിട്ട് അവതരിപ്പിക്കാനുള്ള സമയക്കുറവ് മൂലം കര്‍ഷകര്‍ അവരുടെ പരാതികള്‍ രാഹുല്‍ ഗാന്ധിക്ക് കൈമാറി. എല്ലാവരുടെയും പ്രയാസങ്ങള്‍ ചോദിച്ചും കേട്ടും മനസിലാക്കിയ രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ എല്ലാത്തിനും നടപടിയുണ്ടാകുമെന്ന് പ്രസംഗത്തില്‍ പറഞ്ഞു.

Rahul Gandhi alleges Trump used ‘Epstein files’ to pressure PM Modi into US trade deal ‘sacrificing’ farmers

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബെന്നറ്റ് ഞെട്ടിച്ചു, അത്രമാത്രം! ജയിച്ചു കയറി ഇന്ത്യ, സെമിയുറപ്പിക്കാന്‍ ഇനി വിന്‍ഡീസിനെ വീഴ്ത്തണം

കേരള സ്‌റ്റോറി 2: റിലീസ് തടഞ്ഞതിനെതിരെയുള്ള അപ്പീല്‍ വിധി പറയാന്‍ മാറ്റി

പീഡനക്കേസ് ഇരകളുടെ വിവരങ്ങള്‍ വെളിപ്പെടുത്തി, ആര്‍ ശ്രീലേഖയ്ക്ക് എതിരെ പോക്‌സോ കേസ്

ഒടുവിൽ സ്റ്റേഡിയം വാടകയിൽ സമവായം; ബ്ലാസ്റ്റേഴ്സ് കൊച്ചി വിടില്ല

ഗ്രാനൈറ്റ് ഇറക്കുന്നതിനിടെ അപകടം; അതിഥിതൊഴിലാളി മരിച്ചു

SCROLL FOR NEXT