ന്യൂഡൽഹി: ഇന്ത്യൻ അച്ചടി മാധ്യമരംഗത്തെ അതികായനും 'ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്' ഗ്രൂപ്പിന്റെ സ്ഥാപകനുമായ രാംനാഥ് ഗോയങ്കയുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ രാംനാഥ് ഗോയങ്ക സാഹിത്യ സമ്മാന്റെ നാലാമത് എഡിഷനായുള്ള കൃതികളുടെ ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചു. ഫിക്ഷൻ, നോൺ-ഫിക്ഷൻ, നവാഗത എഴുത്തുകാർ എന്നീ മൂന്ന് വിഭാഗങ്ങളിലായാണ് മത്സരപ്പട്ടിക തയ്യാറാക്കിയിട്ടുള്ളത്. ഇതിനുപുറമെ ഇന്ത്യൻ സാഹിത്യത്തിന് സമഗ്ര സംഭാവന നൽകിയ വിശിഷ്ട വ്യക്തിത്വത്തിന് സമഗ്രസംഭാവനാ പുരസ്കാരവുംസമ്മാനിക്കും. ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് ഗ്രൂപ്പ് എഡിറ്റർ സാന്ത്വന ഭട്ടാചാര്യ, ദിനമണി എഡിറ്റർ കെ. വൈദ്യനാഥൻ, സൺഡേ മാഗസിൻ കൺസൾട്ടിങ് എഡിറ്റർ രവിശങ്കർ എന്നിവരടങ്ങിയ ആഭ്യന്തര ജൂറിയാണ് 2025 ജൂലൈ മുതൽ 2026 ജൂൺ വരെയുള്ള കാലയളവിൽ പ്രസിദ്ധീകരിച്ച കൃതികൾ പരിശോധിച്ച് അന്തിമ ചുരുക്കപ്പട്ടിക തയ്യാറാക്കിയത്.
കാലാവസ്ഥാ വ്യതിയാനവും പാർശ്വവൽക്കരണവും കുടുംബ പശ്ചാത്തലത്തിൽ ചർച്ച ചെയ്യുന്ന അമിതാവ് ഘോഷിന്റെ 'ഗോസ്റ്റ് ഐ', 1970-കളിലെ ഇന്ത്യൻ റെയിൽവേ ടൗൺഷിപ്പിന്റെ പശ്ചാത്തലത്തിൽ ഒരു സ്ത്രീയുടെ ജീവിതം വരച്ചുകാട്ടുന്ന രാഹുൽ ഭട്ടാചാര്യയുടെ 'റെയിൽസോങ്' എന്നിവ ഫിക്ഷൻ പട്ടികയിൽ ഇടംപിടിച്ചു. ഭൂതകാലത്തിന്റെ ഓർമ്മകളിൽ കുരുങ്ങിപ്പോയ മനുഷ്യരെക്കുറിച്ചുള്ള ഗീതാഞ്ജലി ശ്രീയുടെ ചെറുകഥാ സമാഹാരമായ 'വൺസ് എലിഫന്റ്സ് ലിവ്ഡ് ഹിയർ' , പ്രാചീന ലോഹവിദ്യാ രഹസ്യങ്ങൾ തേടുന്ന ഇൻഡോ-ദക്ഷിണ കൊറിയൻ പശ്ചാത്തലത്തിലുള്ള അശ്വിൻ സംഘിയുടെ മിസ്റ്ററി ത്രില്ലർ നോവൽ 'അയോദ്ധ്യ അലയൻസ്' എന്നിവയാണ് മികച്ച ഫിക്ഷൻ വിഭാഗത്തിലെ മറ്റ് കൃതികൾ.
ഹിന്ദുത്വ രാഷ്ട്രീയ മുന്നേറ്റത്തെയും മുൻ പ്രധാനമന്ത്രി എ.ബി. വാജ്‌പേയിയുടെ അധികാരവഴികളെയും ആഴത്തിൽ അപഗ്രഥിക്കുന്ന അഭിഷേക് ചൗധരിയുടെ 'ബിലീവേഴ്‌സ് ഡിലമ: വാജ്‌പേയി ആൻഡ് ദി ഹിന്ദു റൈറ്റ്‌സ് പാത്ത് ടു പവർ (1977-2018)' ആണ് നോൺ-ഫിക്ഷൻ പട്ടികയിലെ പ്രധാന ശ്രദ്ധാകേന്ദ്രം. തിരുവിതാംകൂർ സ്ഥാപകനായ അനിഴം തിരുനാൾ മാർത്താണ്ഡവർമ്മയെക്കുറിച്ചുള്ള രഘു പാലാട്ട്, പുഷ്പ പാലാട്ട് എന്നിവരുടെ ചരിത്രാഖ്യായികയായ 'ഗോഡ്സ് ഓൺ എംപയർ' , ഹിന്ദി മേഖലയുടെ സാംസ്കാരിക-രാഷ്ട്രീയ വൈവിധ്യങ്ങളെയും ബഹുസ്വരതയെയും അടയാളപ്പെടുത്തുന്ന ഗസാല വഹാബിന്റെ 'ദി ഹിന്ദി ഹാർട്ട്‌ലാൻഡ്', കൊളോണിയൽ കാലം മുതൽ ആധുനിക ഇന്ത്യ വരെയുള്ള ഔദ്യോഗിക ചരിത്രരചനകളെക്കുറിച്ചുള്ള ഷാൻ കശ്യപിന്റെ 'ഹു ഓൺസ് ദി പാസ്റ്റ്' എന്നീ പുസ്തകങ്ങളും ഈ വിഭാഗത്തിൽ പുരസ്കാരത്തിനായി മാറ്റുരയ്ക്കുന്നു.
ഡിജിറ്റൽ യുഗത്തിലെ 'എപ്പോഴും കണക്റ്റഡായ' പുതിയ തലമുറയെ വിശകലനം ചെയ്യുന്ന റിയ ചോപ്രയുടെ 'നെവർ ലോഗ്ഡ് ഔട്ട്: ഹൗ ദി ഇന്റർനെറ്റ് ക്രിയേറ്റഡ് ഇന്ത്യാസ് ജെൻ സി' മികച്ച നവാഗത എഴുത്തുകാരുടെ പട്ടികയിൽ മുൻനിരയിലുണ്ട്. പ്രക്ഷുബ്ധമായ ജീവിതാനുഭവങ്ങളിലൂടെ കടന്നുപോകുന്ന ഒരു ബാലന്റെ കഥ പറയുന്ന മോഹ്സിൻ ഖാന്റെ 'അല്ലാ മിയാസ് വർക്ക്‌ഷോപ്പ്', കേരളത്തിലെ സിറിയൻ ക്രിസ്ത്യൻ കുടുംബ പശ്ചാത്തലത്തിൽ ജാതി-രാഷ്ട്രീയ സമവാക്യങ്ങൾ ചർച്ച ചെയ്യുന്ന പൊന്നു എലിസബത്ത് മാത്യുവിന്റെ 'ദി റെംനന്റ്സ് ഓഫ് റിബല്യൻ', തമിഴ്‌നാട്ടിലെ കീഴടി പുരാവസ്തു ഖനനവും അതിന്റെ ചരിത്ര-രാഷ്ട്രീയ മാനങ്ങളും വ്യക്തമാക്കുന്ന സൗമ്യ അശോകിന്റെ 'ദി ഡിഗ്: കീഴടി ആൻഡ് ദി പൊളിറ്റിക്സ് ഓഫ് ഇന്ത്യാസ് പാസ്റ്റ്' എന്നിവയാണ് നവാഗത വിഭാഗത്തിലുള്ള മറ്റ് കൃതികൾ.
എഴുത്തുകാരനും എംപിയുമായ ശശി തരൂർ അധ്യക്ഷനായ വിദഗ്‌ധ ജൂറിയാണ് അന്തിമ വിജയികളെ തെരഞ്ഞെടുക്കുന്നത്. സാമ്പത്തിക വിദഗ്ദ്ധൻ സഞ്ജീവ് സന്യാൽ, പ്രമുഖ എഴുത്തുകാരനും ചരിത്രകാരനുമായ വിക്രം സമ്പത്ത് എന്നിവരാണ് ജൂറിയിലെ മറ്റ് വിശിഷ്ടാംഗങ്ങൾ. ഇന്ന് ഡൽഹിയിൽ ചേരുന്ന ജൂറി യോഗത്തിൽ അന്തിമ വിജയികളെ നിശ്ചയിക്കും. തുടർന്ന് ഡിസംബർ രണ്ടിന് ചെന്നൈയിലെ ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് ആസ്ഥാനത്ത് സംഘടിപ്പിക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates