കൊല്‍ക്കത്ത: ആര്‍ജി കര്‍ മെഡിക്കല്‍ കോളജിലെ യുവഡോക്ടറുടെ കൊലപാതകത്തില്‍ പ്രതി സഞ്ജയ് റോയിയുടെ ശിക്ഷാവിധിയില്‍ കൊല്‍ക്കത്ത പൊലീസിനും ആശുപത്രി അധികൃതര്‍ക്കും രൂക്ഷ വിമര്‍ശനം. സിയാല്‍ദേ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി അനിര്‍ബന്‍ ദാസിന്റെ വിധിയില്‍ തെറ്റായ തരത്തില്‍ പ്രവര്‍ത്തിച്ച ഏതാനും പൊലീസ് ഉദ്യോഗസ്ഥരെ പേരെടുത്തു പറഞ്ഞ് വിമര്‍ശിക്കുന്നുണ്ട്. മെഡിക്കല്‍ കോളജ് അധികൃതര്‍ ക്രൂരമായ കൊലപാതകത്തെ ആത്മഹത്യയായി ചിത്രീകരിക്കാനാണ് ആദ്യം ശ്രമിച്ചത്. കൊല്ലപ്പെട്ട ഡോക്ടറുടെ പിതാവ് നീതിക്കായി ഓരോ വാതിലും മുട്ടി പരക്കം പായുകയായിരുന്നുവെന്നും വിധിന്യായത്തില്‍ പറയുന്നു.
ആശുപത്രി അധികൃതരുടേയോ, പൊലീസിന്റെയോ കൃത്യവിലോപമോ, അന്വേഷണത്തിലെ അശ്രദ്ധയോ കേസിന്റെ വിചാരണയെ ബാധിക്കുന്നതല്ലെന്ന് കോടതി വിലയിരുത്തി. അതേസമയം കേസിലെ സിബിഐ അന്വേഷണം സത്യസന്ധമായിരുന്നുവെന്നും കോടതി വിധിന്യായത്തില്‍ നിരീക്ഷിച്ചു. കേസ് ആദ്യം അന്വേഷിച്ച താല പൊലീസ് സ്‌റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍മാരായ സുബരത ചാറ്റര്‍ജി, സൗരവ് കുമാര്‍ ഝാ എന്നിവര്‍ ജനറല്‍ ഡയറി (ജിഡി) കൈകാര്യം ചെയ്തതില്‍ നിയമവിരുദ്ധമായ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടതായി കോടതി കുറ്റപ്പെടുത്തി.
കേസ് വളരെ നിസംഗതയോടെയാണ് പൊലീസ് കൈകാര്യം ചെയ്തത്. ജിഡി ബുക്കില്‍ രാവിലെ 10.10 എന്നാണ് എസ്‌ഐ സുബരത ചാറ്റര്‍ജി എഴുതിയിരുന്നത്. എന്നാല്‍ ആ സമയത്ത് അയാള്‍ പൊലീസ് സ്റ്റേഷനില്‍ ഉണ്ടായിരുന്നില്ല. ഇതു തന്നെ എസ്‌ഐക്ക് മറ്റെവിടെ നിന്നോ നിര്‍ദേശം കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് നിയമവിരുദ്ധമായ ക്രമക്കേട് നടത്തിയതെന്നാണ്. യുഡി കേസിന്റെ രജിസ്റ്ററില്‍, ഒരു കേസ് നമ്പര്‍ ശൂന്യമായി വച്ചിരുന്നു. അതിനൊപ്പമുള്ള ഫോമില്‍ പിഡബ്ല്യു-24 [എസ്ഐ ചാറ്റര്‍ജി] രാത്രി 11.30 ന് ശേഷം എന്നും പൂരിപ്പിച്ചിട്ടുണ്ടെന്ന് കോടതി വ്യക്തമാക്കി.
2024 ഓഗസ്റ്റ് 9 ന് രാവിലെ 10 മണിക്ക് താല പൊലീസ് സ്റ്റേഷനില്‍ ഡ്യൂട്ടിയിലായിരുന്ന സബ് ഇന്‍സ്‌പെക്ടര്‍ സൗരവ് കുമാര്‍ ഝായും നിയമവിരുദ്ധമായ പ്രവൃത്തി ചെയ്തു. ഡോക്ടറുടെ മരണം അറിഞ്ഞ് ആര്‍ജി കര്‍ മെഡിക്കല്‍ കോളജില്‍ പോയ എസ്‌ഐ സൗരവ് കുമാര്‍ ഝാ അക്കാര്യം ജിഡി ബുക്കില്‍ ചേര്‍ത്തില്ല. കേസിലെ വളരെ ലാഘവത്തോടെയാണ് കൈകാര്യം ചെയ്തത്. കേസിന്റെ ആദ്യ അന്വേഷണ ഉദ്യോഗസ്ഥയായ വനിതാ പരാതി പരിഹാര സെല്ലിലെ ഇന്‍സ്‌പെക്ടര്‍ രൂപാലി മുഖര്‍ജിയെയും കോടതി രൂക്ഷമായി വിമര്‍ശിച്ചു.
സംശയത്തിന്റെ പേരില്‍ പ്രതിയെ കസ്റ്റഡിയിലെടുത്ത ഓഗസ്റ്റ് 9 രാത്രി സഞ്ജയ് റോയിയുടെ മൊബൈല്‍ ഫോണ്‍ കസ്റ്റഡിയില്‍ എടുത്ത് താല പൊലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരുന്നു. ബാറ്ററിക്ക് ചാര്‍ജ് ഇല്ലാത്തതിനാല്‍, ഇന്‍സ്‌പെക്ടര്‍ രൂപാലി മുഖര്‍ജിസ്റ്റേഷനിലേക്ക് കൊണ്ടുപോയി ചാര്‍ജ് ചെയ്യാന്‍ വെച്ചു. തുടര്‍ന്ന് അത് പ്രതിക്ക് തിരികെ നല്‍കി. പിന്നീട് പ്രതി കുറ്റം സമ്മതിച്ചശേഷമാണ് അയാളെ അറസ്റ്റ് ചെയ്യുകയും മൊബൈല്‍ പിടിച്ചെടുക്കുകയും ചെയ്തത്. ഈ ഫോണ്‍ പരിശോധിക്കാതെ അലക്ഷ്യമായി കൈകാര്യം ചെയ്ത ഇന്‍സ്‌പെക്ടര്‍ മുഖര്‍ജിയുടെ നടപടി ആശ്ചര്യപ്പെടുത്തുന്നതാണെന്നും ജഡ്ജി അഭിപ്രായപ്പെട്ടു.
ഡോക്ടറുടെ പിതാവ് നീതി തേടി അലയുകയായിരുന്നു. ഉച്ചയ്ക്ക് 12.45 ന് ഡോക്ടറുടെ മരണം സ്ഥിരീകരിച്ചുവെന്നാണ് താല പൊലീസ് സ്റ്റേഷന്‍ വ്യക്തമാക്കുന്നത്. മരണ സര്‍ട്ടിഫിക്കറ്റ് രണ്ടു മണിക്ക് നല്‍കിയെന്നും അറിയിക്കുന്നു. എന്നിട്ടും ഡോക്ടറുടെ മാതാപിതാക്കളുടെ പരാതി സ്വീകരിക്കാന്‍ അവരെ വൈകീട്ട് ആറു വരെ കാത്തു നിര്‍ത്തിയത് എന്തിനാണ്?. താല പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ എല്ലാം ഒരു തിരശ്ശീലയ്ക്ക് പിന്നില്‍ മറച്ചുവെച്ചത് എന്തുകൊണ്ടാണ്? എസ്‌ഐ അനൂപ് ദത്തയില്‍ നിന്നും പ്രതി സഞ്ജയ് റോയിക്ക് നല്ല തോതില്‍ പരിരക്ഷ ലഭിച്ചിരുന്നു. കേസ് ആദ്യം അന്വേഷിച്ച താല പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ ആദ്യ ഘട്ടത്തില്‍ തന്നെ അവരുടെ ബുദ്ധി ഉപയോഗിച്ച് ശരിയായ രീതിയില്‍ അന്വേഷിച്ചിരുന്നെങ്കില്‍, കാര്യം ഇത്ര സങ്കീര്‍ണ്ണമാകുമായിരുന്നില്ലെന്നും ജസ്റ്റിസ് അനിര്‍ബന്‍ ദാസ് വിധിന്യായത്തില്‍ അഭിപ്രായപ്പെട്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates