ലഖ്‌നൗ: ബോളിവുഡ് നടി സണ്ണി ലിയോണിയുടെ പുതുവത്സരാഘോഷ പരിപാടി സന്യാസിമാരുടെ എതിര്‍പ്പിനെത്തുടര്‍ന്ന് റദ്ദാക്കി. ഉത്തര്‍പ്രദേശിലെ മഥുരയില്‍ സണ്ണി ലിയോണിയുടെ പരിപാടി സംഘടിപ്പിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. പരിപാടിക്ക് മുന്നോടിയായി സംഘാടകരായ ഹോട്ടലുകാര്‍ ഒരു പ്രമോഷണല്‍ വീഡിയോ പുറത്തിറക്കിയിരുന്നു. പുതുവത്സരാഘോഷത്തിന് തുടക്കം കുറിക്കാന്‍ ഡിജെയായി ഞാനുമെത്തുന്നു എന്ന് സണ്ണി ലിയോണി വീഡിയോയില്‍ പറയുന്നുണ്ട്.
വീഡിയോ പ്രചരിച്ചതിനു പിന്നാലെ, സന്യാസി സമൂഹവും മതസംഘടനകളും ബോളിവുഡ് താരത്തിന്റെ പരിപാടിക്കെതിരെ രംഗത്തു വരികയായിരുന്നു. മഥുര ഒരു പുണ്യ നഗരമാണെന്നും, നഗരത്തില്‍ ഇത്തരം പരിപാടികള്‍ അനുവദിക്കാനാകില്ലെന്നുമാണ് പ്രതിഷേധക്കാര്‍ അഭിപ്രായപ്പെട്ടത്. നടിയെ നഗരത്തില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്നും സന്യാസികള്‍ അടക്കമുള്ള പ്രതിഷേധക്കാര്‍ വ്യക്തമാക്കി.
പരിപാടിക്കെതിരെ സന്യാസിമാര്‍ ജില്ലാ കലക്ടര്‍ക്ക് പരാതിയും നല്‍കി. സണ്ണി ലിയോണി മുന്‍ അശ്ലീലചിത്ര നടിയാണ്. പരിപാടിയില്‍ 'അശ്ലീലതയും നഗ്നതയും' പ്രദര്‍ശിപ്പിക്കാനുള്ള ഒരുക്കങ്ങളാണ് നടക്കുന്നത്. ലോകമെമ്പാടുമുള്ള ഭക്തര്‍ ആരാധനയ്ക്കായി വരുന്ന നഗരമാണ്. ഈ ദിവ്യഭൂമിയെ അപകീര്‍ത്തിപ്പെടുത്താന്‍ ചിലര്‍ ഗൂഢാലോചന നടത്തുകയാണ്. മതവികാരം വ്രണപ്പെടുത്താനും, പുണ്യനഗരത്തിന്റെ പ്രതിച്ഛായ കളങ്കപ്പെടുത്താനുമാണ് ചിലര്‍ ശ്രമിക്കുന്നതെന്നും പരാതിയില്‍ സൂചിപ്പിച്ചിരുന്നു.
പ്രതിഷേധം ശക്തമായതോടെയാണ് പരിപാടി ഉപേക്ഷിക്കാന്‍ സംഘാടകര്‍ തീരുമാനിച്ചത്. ഭരണപരവും നിയമപരവുമായ എല്ലാ മാര്‍ഗനിര്‍ദേശവും പാലിച്ചുകൊണ്ട് പരിപാടി നടത്താനാണ് നിശ്ചയിച്ചിരുന്നത്. പാസ് മൂലം പ്രവേശനം നിയന്ത്രിച്ചിരുന്നു. 300 പേര്‍ക്ക് പ്രവേശനം നല്‍കാനാണ് തീരുമാനിച്ചിരുന്നത്. മതവികാരം വ്രണപ്പെടുമെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ പരിപാടി ഉപേക്ഷിക്കുകയാണെന്നും സംഘാടകര്‍ അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates