കൊല്‍ക്കത്ത: ലയണല്‍ മെസിയുടെ ഇന്ത്യന്‍ ടൂറിനിടെ കൊല്‍ക്കത്തയിലെ അനിഷ്ട സംഭവങ്ങള്‍ക്ക് പിന്നില്‍ പ്രമുഖ വ്യക്തിയുടെ ഇടപെടലെന്ന് വെളിപ്പെടുത്തല്‍. സാള്‍ട്ട് ലേക്കിലെ പരിപാടി അലങ്കോലമായ സംഭവത്തില്‍ അറസ്റ്റിലായ മുഖ്യ സംഘാടകന്‍ സതാദ്രു ദത്തയാണ് ഇത്തരം ഒരു ആരോപണം ഉന്നിയിച്ചിരിക്കുന്നത്. സ്വാധീനമുള്ള വ്യക്തി എന്ന് സതാദ്രു ദത്ത വിശേഷിപ്പിക്കുന്ന ആള്‍ നടത്തിയ ഇടപെടലുകള്‍ മൂലം കാര്യപരിപാടികള്‍ താറുമാറാക്കിയെന്നമാണ് ആരോപണം.
സ്വാധീനമുള്ള ഒരാള്‍ സ്റ്റേഡിയത്തിലെത്തി. ഇയാൾ ഗ്രൗണ്ട് പാസുകളുടെ എണ്ണം മൂന്നിരട്ടിയാക്കി. 150 പേര്‍ക്ക് അവസരം നല്‍കിയിരുന്ന സ്ഥലത്തേക്ക് ഈ വ്യക്തിയുടെ അടുപ്പക്കാരെന്ന പേരില്‍ ആളുകള്‍ ഇരച്ചുകയറി. ഇതിനിടെ പരിപാടിക്കിടെ മറ്റുള്ളവര്‍ ആലിംഗനം ചെയ്യുകയും തൊട്ടതും മെസിയെ അസ്വസ്ഥനാക്കി. ഇതോടെയാണ് മെസി സ്‌റ്റേഡിയത്തില്‍ നിന്നും മടങ്ങിയതെന്നാണ് ദത്ത എസ്‌ഐടിയോട് പറഞ്ഞതെന്നാണ് വിവരം
പുറകില്‍ തൊടുന്നതോ കെട്ടിപ്പിടിക്കുന്നതോ മെസിക്ക് ഇഷ്ടമല്ലായിരുന്നു. മെസിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഈ ആശങ്ക അറിയിച്ചിരുന്നു. പരിപാടിക്കിടെ മെസിയെ ആളുകള്‍ വളയുകയും കെട്ടിപ്പിടിക്കുകയും ചെയ്തതോടെ അദ്ദേഹം അസ്വസ്ഥനായി. ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ ആവര്‍ത്തിച്ചുള്ള പൊതു അറിയിപ്പുകള്‍ ഉണ്ടായിരുന്നിട്ടും, യാതൊരു ഫലവുമുണ്ടായില്ലെന്നും ദത്ത പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ ഡിസംബര്‍ 13 ന് നടന്ന പരിപാടിയാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചത്. പത്ത് മിനിട്ടോളം മാത്രമായിരുന്നു മെസ്സിയും സഹതാരങ്ങളെയും ഗ്രൗണ്ടില്‍ ചെലവിട്ടത്. ഇതോടെ ആരാധകര്‍ പ്രകോപിതരാവുകയും സ്റ്റേഡിയത്തിലേക്ക് കുപ്പികളും മാലിന്യങ്ങളും വലിച്ചെറിയുകയും സീറ്റുകള്‍ തകര്‍ക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ ഉന്നതതല അന്വേഷണത്തിന് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ ഉത്തരവിടുകയും ചെയ്തിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates